സംസ്ഥാനത്ത് പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങുമെന്ന പ്രഖ്യാപനം സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നു. വേണ്ടസൗകര്യം ഒരുക്കാതെ വിദഗ്ധ സംഘത്തെക്കൊണ്ട് ഇവ പരിശോധിപ്പിക്കുന്നത് കോളേജ് തുടങ്ങുന്നതിനെതിരായ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് അറിഞ്ഞുതന്നെയെന്ന് വ്യക്തം. ഇടുക്കിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സംഘം സജ്ജീകരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. അവിടെ കോളേജ് തുടങ്ങാന്‍ സജ്ജമായിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്കി. പ്രാഥമിക സംവിധാനം പോലും ഏര്‍പ്പെടുത്താതെ എംസിഐ സംഘത്തെ ക്ഷണിച്ച സര്‍ക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘത്തെ വിളിച്ചുവരുത്തിയതും എതിര് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം. മറ്റു കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതും അനിശ്ചിതത്വത്തിലാണ്. സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാരിന്റെ ഈ ഒത്തുകളി.
ഇടുക്കി ചെറുതോണിയില്‍ പഴയ ഡിഎംഒ ഓഫീസിന്റെ നാലു മുറികളാണ് എംസിഐ സംഘത്തിന് മെഡിക്കല്‍ കോളേജിന്റെ ആസ്ഥാനമായി കാണിച്ചത്. പ്രിന്‍സിപ്പിലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗം മേധാവി ഡോ. എം എ രവീന്ദ്രനെ അടിയന്തരമായി ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മുറിയും പ്രിന്‍സിപ്പലും നാലു ക്ലര്‍ക്കുമാരുമായുള്ള "മെഡിക്കല്‍ കോളേജ്" സംവിധാനത്തെ എംസിഐ സംഘം പരിഹാസ്യത്തോടെയാണ് കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഡെന്റല്‍ കോളേജ് തുടങ്ങാത്തതും സ്വാശ്രയ ലോബിക്കുവേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ടു സ്വകാര്യ ഡെന്റല്‍ കോളേജുകളുള്ള തൃശൂരിനെ ഒഴിവാക്കി ആലപ്പുഴയിലാണ് ഡെന്റല്‍ കോളേജ് അനുവദിച്ചത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും മുമ്പാണ് വിദഗ്ധ സംഘത്തെ ക്ഷണിച്ച് പരിശോധന നടത്തിയതും. അതേസമയം അനുമതിക്കായി സംസ്ഥാനത്ത് ആറു സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി വരികയാണ്. ഇതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. സ്വാശ്രയ മേഖലയില്‍ കോളേജുകള്‍ തുടങ്ങുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആരോഗ്യ സര്‍വകലാശാല കര്‍ക്കശമാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സര്‍ക്കാര്‍, ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സര്‍വകലാശാലാ ഡീന്‍ ഡോ. കെ പ്രവീണ്‍ലാലിനെ കൊച്ചി സഹകരണ കോളേജ് പ്രിന്‍സിപ്പലായി മാറ്റുകയും ചെയ്തു.
വി എം രാധാകൃഷ്ണന് deshabhimani
No comments:
Post a Comment