കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ തരംഗം സൃഷ്ടിച്ചു എന്ന നിലയില്‍ നടക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രേമചന്ദ്രന്‍ നേതാവായ ആര്‍എസ്പി കൂടി എത്തിയിട്ടും യുഡിഎഫിനു ഗണ്യമായ വോട്ടുവര്‍ധന ഉണ്ടായില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ് ജയിച്ച 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ 3,57,401 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് അന്ന് 3,39,870 വോട്ട് നേടി. ഇക്കുറി 2009നെ അപേക്ഷിച്ച് കൊല്ലത്ത് 1,28,172 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തു. യുഡിഎഫിന്റെ ഭാഗമായി ആര്‍എസ്പി മാറിയിട്ടും പ്രേമചന്ദ്രന്‍ കൂടുതലായി നേടിയത് 51,127 വോട്ടുകള്‍ മാത്രമാണ്. അതേസമയം ആര്‍എസ്പി വിട്ടുപോയിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി 31,009 വോട്ടുകള്‍ അധികമായി നേടി. ആര്‍എസ്പിയും ഷിബു ബേബിജോണിന്റെ ആര്‍എസ്പി ബിയും ഒന്നിച്ചുനിന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവെങ്കിലും ഭൂരിപക്ഷത്തിലും ഗണ്യമായ വര്‍ധന ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 2009ല്‍ പീതാംബരക്കുറുപ്പ് നേടിയ ഭൂരിപക്ഷം 17,531 വോട്ടുകളുടേതായിരുന്നു. ഇക്കുറി പ്രേമചന്ദ്രന്‍ നേടിയ ഭൂരിപക്ഷം 37,649 വോട്ടുകളുടേതും. രണ്ടും തമ്മിലുള്ള വ്യത്യാസം 20,118 വോട്ടുകള്‍ മാത്രം. അങ്ങനെയെങ്കില്‍ ആര്‍എസ്പിയുടെ വോട്ടുകള്‍ എവിടെ? 2009ല്‍ പോള്‍ ചെയ്തതിനേക്കാള്‍ 1,28,172 വോട്ടുകള്‍ കൂടുതലായി ചെയ്തപ്പോഴാണ് ഈ സ്ഥിതി എന്നത് എന്തിന്റെ സൂചനയാണ്? ആര്‍എസ്പിയുടെ വോട്ടിങ് ശക്തിയേക്കാള്‍ മറ്റു പല ഘടകങ്ങളുമാണ് യുഡിഎഫ് വിജയത്തിനു സഹായിച്ചതെന്നു ഇതില്‍നിന്നു വ്യക്തം. ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറിയിട്ടും പ്രേമചന്ദ്രനു കൂടുതലായി കിട്ടിയത് 51,127 വോട്ടുകള്‍ മാത്രം. ആര്‍എസ്പി വിട്ടുപോയിട്ടും എല്‍ഡിഎഫിന് അധികമായി ലഭിച്ചത് 31,009 വോട്ടുകളും.
എല്‍ഡിഎഫിന്റെ ജനകീയാടിത്തറയും പിന്തുണയും ചോര്‍ന്നിട്ടില്ല എന്നാണ് ഇത് അടിവരയിട്ട് കാണിക്കുന്നത്. എന്നു മാത്രമല്ല, ആര്‍എസ്പി വിട്ടുപോയിട്ടും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ അസംബ്ലിമണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടുകയും ചെയ്തു. ആര്‍എസ്പിക്കു ഗണ്യമായ സ്വാധീനമുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നത് നാലു മണ്ഡലങ്ങളിലാണ്. ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ. ഈ മണ്ഡലങ്ങളില്‍ 2009ലെ വോട്ടുകളുമായി തുലനം ചെയ്യുമ്പോള്‍ യുഡിഎഫ് അധികമായി 41,025 വോട്ടുകള്‍ നേടി. എല്‍ഡിഎഫിനാകട്ടെ 14,132 വോട്ടുകളും കൂടുതലായി കിട്ടി. പ്രേമചന്ദ്രന് അധികമായി കിട്ടിയത് 26,893 വോട്ടുകള്‍ മാത്രമാണ്. ചവറയിലും ഇരവിപുരത്തും ആര്‍എസ്പിയുടെ സിറ്റിങ് എംഎല്‍എമാര്‍ ആണ്. കൊല്ലത്തും കുണ്ടറയിലും തങ്ങള്‍ക്കു ഗണ്യമായ വോട്ടിങ് ശക്തി ഉണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്നിട്ടും 26,893 വോട്ടുകളേ ഈ മണ്ഡലങ്ങളില്‍ ലഭിച്ചുള്ളൂ എന്നത് ആര്‍എസ്പിയുടെ ശക്തിയെ അല്ല കാണിക്കുന്നതെന്നു വ്യക്തം. 2009നെ അപേക്ഷിച്ച് ഇത്തവണ 1,11,564 പുതിയ വോട്ടര്‍മാരും കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. ഇതടക്കം മൊത്തത്തില്‍ 1,28,172 പേര്‍ കൂടുതലായി വോട്ട് ചെയ്തപ്പോഴാണ് യുഡിഎഫിന്റെ സര്‍വമാന പിന്തുണയുണ്ടായിട്ടും പ്രേമചന്ദ്രന് 51,127 വോട്ടുകള്‍ മാത്രം വര്‍ധിച്ചത്. ഭൂരിപക്ഷത്തിലെ വര്‍ധന 20,118 വോട്ടുകള്‍ മാത്രവും.
ആര്‍എസ്പിയുടെ ശക്തിയല്ല, സാമുദായികമായ അടിയൊഴുക്കും മതന്യൂനപക്ഷങ്ങളുടെ സഹായവും മാത്രമാണ് പ്രേമചന്ദ്രന്റെ വിജയത്തിനു കാരണമായതെന്ന് ഇതില്‍നിന്നു വ്യക്തമാകും. പുതുതായി വര്‍ധിച്ച വോട്ടും ആര്‍എസ്പിയുടെ വോട്ടിങ്ശക്തിയും കൂടി ചേര്‍ന്നിട്ടും അരലക്ഷം വോട്ട് മാത്രമേ വര്‍ധിച്ചുള്ളൂ യുഡിഎഫിന് എന്നത് കോണ്‍ഗ്രസിനെ ഉള്‍പ്പെടെ വല്ലാതെ അലട്ടും. ആര്‍എസ്പി ഇല്ലാത്ത യുഡിഎഫും ആര്‍എസ്പി ഉള്‍പ്പെട്ട യുഡിഎഫും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നത് കോണ്‍ഗ്രസ് നേതൃത്വം കണ്ണുതുറന്നു കാണണം. കാരണം പ്രേമചന്ദ്രന് അനുകൂലമായി ഇപ്പോഴുണ്ടായ സാമുദായിക ഏകീകരണവും ന്യൂനപക്ഷങ്ങളുടെ പിന്തുണയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കുമെന്നു കരുതുന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ വിശ്വസിക്കില്ല. ഈ കണക്ക് ആര്‍എസ്പിയുടെ വിജയത്തിന്റെ മറവില്‍ യുഡിഎഫ് ഒളിച്ചുവയ്ക്കുന്നുണ്ട് എന്നത് ശരി. എന്നാല്‍, ഇത് എത്രനാള്‍ മറച്ചുവയ്ക്കാനാകും എന്ന ആശങ്കയും കോണ്‍ഗ്രസിനെയും യുഡിഎഫ് ഘടകകക്ഷികളെയും വരുംനാളുകളില്‍ ആശങ്കയിലാഴ്ത്തും എന്നതുറപ്പ്.
എം സുരേന്ദ്രന്‍ deshabhimani
No comments:
Post a Comment