Friday, May 23, 2014

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പണി തീരാത്ത ബസ് ടെര്‍മിനല്‍ കാണാന്‍ മന്ത്രി

പണി പാതിപോലും ആകുംമുമ്പേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താന്‍ ഉദ്ഘാടനംചെയ്ത തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് കാണാന്‍ വ്യാഴാഴ്ച മന്ത്രി വീണ്ടുമെത്തി. മാധ്യമങ്ങളെയെല്ലാം പിആര്‍ഡി മുഖേന മുന്‍കൂട്ടി ക്ഷണിച്ചുവരുത്തിയശേഷം ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ടെര്‍മിനല്‍ സന്ദര്‍ശനം പ്രഹസനമായി. നിര്‍മാണം പൂര്‍ത്തിയാക്കാതെ ധൃതിപിടിച്ച് ബസ് ടെര്‍മിനല്‍ ഉദ്ഘാടനംചെയ്തതിന്റെ കഷ്ടതകള്‍ കെഎസ്ആര്‍ടിസി ഡിപ്പോ അധികാരികളും പണി പൂര്‍ത്തിയായിട്ടുണ്ടെന്ന കരാറുകാരുടെ അവകാശവാദവും സ്റ്റാന്‍ഡിലെ യാത്രക്കാരുടെ ദുരിതവും കണ്ട മന്ത്രി പണിയെന്ന് തീരുമെന്ന് വ്യക്തമാക്കാതെ സ്ഥലംവിട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെയും കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും സഹകരണത്തോടെ ബിഒടി അടിസ്ഥാനത്തിലുള്ള ടെര്‍മിനലിന്റെ നിര്‍മാണം ഹാരിസണ്‍ മലയാളം ലിമിറ്റഡാണ് ഏറ്റെടുത്തത്. നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കവെയാണ് 2011ല്‍ ഭരണമാറ്റമുണ്ടായത്. യുഡിഎഫ് അധികാരത്തില്‍വന്നതോടെ നിര്‍മാണം ഇഴഞ്ഞു നീങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മറ്റൊരു വികസനവും തലസ്ഥാനത്ത് ചൂണ്ടാക്കാണിക്കാനില്ലാത്ത സര്‍ക്കാര്‍ ബസ് ടെര്‍മിനലിന്റെ പിതൃത്വം ഏറ്റെടുത്തു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മാത്രം കഴിഞ്ഞപ്പോള്‍ നിര്‍മാണം കഴിഞ്ഞെന്ന് പ്രചരിപ്പിച്ച് ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അധ്യക്ഷനായ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന പ്രഖ്യാപനം നടത്തി. 30 ദിവസം പിന്നിട്ടിട്ടും പണിതീരാതെ വന്നപ്പോള്‍ മാര്‍ച്ച് 30 പുതിയ തീയതി പ്രഖ്യാപിച്ചു. പിന്നെ വിഷുവിനുമുമ്പ് എന്നായി. എന്നാല്‍, ബസ് ടെര്‍മിനലിനകത്തും പുറത്തും പണി പാതിവഴിയില്‍തന്നെ നിന്നു. അകത്തെ ടൈല്‍സിന്റെ പണിപോലും പൂര്‍ത്തിയായിട്ടില്ല. ടെര്‍മിനലിന്റെ ഒരു ഭാഗം തുറന്നുകൊടുത്തെങ്കിലും പണി തീരാത്ത കെട്ടിടത്തിനുള്ളില്‍ യാത്രക്കാരും കെഎസ്ആര്‍ടിസി ഡിപ്പോ അധികാരികളും ദുരിതം തിന്നുകയാണ്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണസാമഗ്രികളും പൊളിച്ചിട്ടിരിക്കുന്ന വഴികളും അപകടക്കെണികളായി. പണി തീരുംമുമ്പേ തുറന്നതാണ് പിന്നീടുള്ള പ്രവൃത്തികള്‍ക്ക് തടസ്സമായതെന്നാണ് കരാറുകാരുടെ വാദം. പണി കാര്യക്ഷമമല്ലെന്നും കരാറുകാര്‍ ഉഴപ്പുകയാണെന്നും കെടിഡിഎഫ്സി അധികാരികളും പറഞ്ഞു.

ടെര്‍മിനലിന് മുന്‍വശം ഹൈവേയോട് ചേര്‍ന്ന് രണ്ടുമീറ്റര്‍ വീതിയില്‍ നിര്‍മാണം നടത്തേണ്ടത് റോഡ് ഫണ്ട് ബോര്‍ഡാണെന്ന് കരാറുകാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി- കെടിഡിഎഫ്സി- കരാറുകാര്‍- സര്‍ക്കാര്‍ ഏകോപനമില്ലാതെ ഒരിക്കലും ടെര്‍മിനല്‍ പണി പൂര്‍ത്തിയാകില്ലെന്ന് ഉദ്യോഗസ്ഥര്‍ തുറന്നടിച്ചു. "എന്നാല്‍ ഒരു കാര്യം ചെയ്യാം. ഒരു യോഗവുംകൂടി വിളിക്കാം. മുഖ്യമന്ത്രിക്ക് കത്ത് കൊടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരാം" എന്നുമാത്രം പറഞ്ഞശേഷം മന്ത്രി സ്ഥലംവിട്ടു. എന്നു പണി തീരുമെന്ന ചോദ്യത്തിന് എന്നും ഒരു തീയതി പ്രഖ്യാപിക്കാറുള്ള മന്ത്രി തിരുവഞ്ചൂര്‍ ഇനി ഒരു തീയതി പ്രഖ്യാപിച്ചാല്‍ അതും "പണി" ആകുമെന്ന തിരിച്ചറിവില്‍ "എത്രയും വേഗം"എന്നു മാത്രം പറഞ്ഞ് സ്ഥലം കാലിയാക്കി. മന്ത്രി എത്തുംമുമ്പ് സ്ഥലത്തെത്തിയ ഗതാഗത സെക്രട്ടറി ഡോ. വി എന്‍ ഗോപാലമേനോന്‍ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും കെഎസ്ആര്‍ടിസി, കെടിഡിഎഫ്സി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

deshabhimani

No comments:

Post a Comment