Wednesday, May 21, 2014

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ- മതേതര കൂട്ടായ്മ ഉയരണം

കോഴിക്കോട്: കോര്‍പറേറ്റ് താല്‍പര്യങ്ങളും മധ്യവര്‍ഗ മനസ്സും ചേര്‍ന്ന് രൂപപ്പെടുത്തുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ നേരിടാന്‍ വിശാലമായ ജനാധിപത്യ- മതേതര കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് "ഇന്ത്യയുടെ ഭാവി" സംവാദം അഭിപ്രായപ്പെട്ടു.

കേളുഏട്ടന്റെ 23-ാം ചരമവാര്‍ഷിക ദിനാചരണ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സംവാദത്തില്‍ കെ എന്‍ ഗണേശ് വിഷയാവതരണം നടത്തി. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തലത്തില്‍ നയതീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അഴിമതിക്കും വിലക്കയറ്റത്തിനും വഴിയൊരുക്കി. ഇവന്റ്മാനേജ്മെന്റ് കമ്പനികളും കോര്‍പറേറ്റുകളും പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നിടത്തുവരെയെത്തി. നരേന്ദ്ര മോഡി സംഘത്തില്‍ വിജയിച്ചവരില്‍ ഭൂരിപക്ഷവും രാഷ്ട്രീയ മണ്ഡലത്തില്‍ പ്രസക്തി തെളിയിച്ചവരല്ല. കോടീശ്വരന്മാരും ക്രിമിനലുകളും ഇക്കൂട്ടത്തിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ തന്നെ പ്രകടമായ മാറ്റമാണ് ഇതുണ്ടാക്കുക. ചിതറിപ്പോയ ലിബറല്‍ ജനാധിപത്യ- മതേതര ശക്തികളെയാകെ ഇതിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനാകണമെന്നും കെ എന്‍ ഗണേശ് പറഞ്ഞു.

മാറിയ സാഹചര്യത്തില്‍ ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം മോഡിക്ക് അനുകൂലമായി ആശയപ്രചാരണ രംഗത്തേക്ക് കടന്നുവരുന്നതിനെ കരുതിയിരിക്കേണ്ടതുണ്ടെന്ന് കെ ഇ എന്‍ പറഞ്ഞു. യു ആര്‍ അനന്തമൂര്‍ത്തിക്കും ഡല്‍ഹി സര്‍വകലാശാലയിലെ ഡോ. സായിബാബയ്ക്കും ഉണ്ടായ ദുരനുഭവങ്ങളോട് ശരിയായി പ്രതികരിക്കാന്‍ കേരളത്തിലടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ ജാഗ്രത കാണിച്ചില്ല. രാഷ്ട്രീയമായി ഫാസിസത്തെ ചെറുക്കുന്ന ഇടതുപക്ഷത്തിന് സാംസ്കാരിക വലതുപക്ഷമായിരിക്കാനാവില്ലെന്ന് കെ ഇ എന്‍ ഓര്‍മിപ്പിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായി. പി വി ജീജോ പി വിശ്വന്‍, പി സൗദാമിനി, എം എം പത്മാവതി തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment