സാമ്പത്തിക അച്ചടക്കത്തിനും പണപ്പെരുപ്പ നിയന്ത്രണത്തിനുമാണ് ഊന്നലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വെല്ലുവിളികള്‍ വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ചാ തോത് പുനസ്ഥാപിക്കണം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണം. ധനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. പ്രതിരോധ വകുപ്പിന്റെ അധികചുമതലയുമുണ്ട് ജെയ്റ്റ്ലിക്ക്. മന്ത്രിസഭാ വിപുലീകരണംവരെ ഇത് ഇടക്കാല ചുമതല മാത്രമാണെന്ന് ജെയ്റ്റ്ലി അറിയിച്ചു.
ജിഡിപി വളര്‍ച്ച ഏറ്റവും മോശമായ ഘട്ടത്തില്‍ വന്‍ വെല്ലുവിളിയാണ് ജെയ്റ്റ്ലിക്ക്്. രണ്ടുമാസത്തിനകം ബജറ്റ് അവതരിപ്പിക്കേണ്ടതും ബാധ്യതയാണ്. ധന അച്ചടക്കത്തില്‍ ഊന്നുമെന്ന ജെയ്റ്റ്ലിയുടെ വാക്കുകള്‍ സബ്സിഡി വെട്ടിക്കുറയ്ക്കല്‍പോലുള്ള യുപിഎ സര്‍ക്കാര്‍നയങ്ങള്‍ തുടരുമെന്നതിന്റെ സൂചനയാണ്. കോര്‍പറേറ്റുകള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ് വാര്‍ത്താവിനിമയ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണവും. നിയമവകുപ്പും രവിശങ്കറിനാണ്. ടെലികോം കമ്പനികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്തുന്നതുപോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്ന് രവിശങ്കര്‍ വ്യക്തമാക്കി. യുപിഎ കാലത്ത് ടെലികോം കുത്തകയായ വൊഡഫോണിന് വലിയ നികുതി ബാധ്യത മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു. ഹച്ചിന്‍സണ്‍ കമ്പനി ഏറ്റെടുത്ത ഇനത്തില്‍ രണ്ടായിരം കോടി നികുതി അടയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്ത് നടന്ന ഇടപാടാണെന്ന് വാദിച്ച് വൊഡഫോണ്‍ സര്‍ക്കാരിന് നികുതി നല്‍കിയിരുന്നില്ല. ഇടപാട് വിദേശത്തായാലും കൈമാറ്റംചെയ്യപ്പെടുന്നത് രാജ്യത്തെ സ്വത്താണെങ്കില്‍ നികുതി അടയ്ക്കണമെന്ന നിയമഭേദഗതി കൊണ്ടുവന്നാണ് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി വൊഡഫോണില്‍നിന്ന് നികുതി ഈടാക്കിയത്. ഇതിനെതിരെ കോര്‍പറേറ്റ് ലോകം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രസ്താവനയിലൂടെ കോര്‍പറേറ്റ് അനുകൂല സന്ദേശമാണ് രവിശങ്കര്‍ പ്രസാദ് നല്‍കുന്നത്.
ഇന്ത്യക്ക് ആവശ്യം നിക്ഷേപമാണ്. നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവാന്‍ പാടില്ല. സ്ഥിരതയുള്ള സാമ്പത്തികനയവും നിയമസംവിധാനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. നിക്ഷേപവിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുന്‍ഗണന. വാജ്പേയി സര്‍ക്കാര്‍ അറിയപ്പെട്ടത് ഹൈവേകള്‍ നിര്‍മിച്ചതിലൂടെയാണ്. ബ്രോഡ്ബാന്‍ഡ് ഹൈവേകളിലൂടെയാകും മോഡിസര്‍ക്കാര്‍ അറിയപ്പെടുക- രവിശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാതെ ധര്‍മേന്ദ്ര പ്രധാന്‍
ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നയമാകും സ്വീകരിക്കുകയെന്ന് പറഞ്ഞ പ്രധാന്‍ ഇന്ധനവില കുറയ്ക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.
റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുംവിധം പ്രകൃതിവാതകവില ഇരട്ടിയാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യത്തിനും പ്രധാന്‍ മറുപടി പറഞ്ഞില്ല. പെട്രോളിയം മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. എല്ലാ കാര്യങ്ങളും പഠിച്ചശേഷം പ്രതികരിക്കാം- പ്രധാന്‍ അറിയിച്ചു. പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് പ്രധാന്. വിലക്കയറ്റം തടയുകയാണ് മുഖ്യലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. പൊതുവിതരണം മെച്ചപ്പെടുത്തും. ധാന്യസംഭരണത്തിന് മതിയായ സംവിധാനമൊരുക്കും. ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയുണ്ടാവില്ല. ഒരാഴ്ചയ്ക്കകം ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കും- പാസ്വാന്‍ പറഞ്ഞു. റെയില്‍വേ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും റെയില്‍മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ എന്തൊക്കെയെന്ന് ആരായും. മാര്‍ഗരേഖ എങ്ങനെയാകുമെന്ന് വിശദീകരിക്കുന്നതിന് പത്തുദിവസത്തെ സാവകാശം വേണം. റെയില്‍ സുരക്ഷ പ്രധാന വിഷയമാണെന്നും ഗൗഡ പറഞ്ഞു.
ബീജാപ്പുരിലും അഹമ്മദാബാദിലും കലാപം
ബീജാപ്പുര്‍: ഗുജറാത്ത് കലാപത്തിന്റെ രക്തക്കറ പേറുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ബീജാപ്പുരിലും അഹമ്മദാബാദിലും വര്‍ഗീയകലാപം. അഹമ്മദാബാദില്‍ ഇരുമതവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉത്തര കര്‍ണാടകത്തില്‍ ബീജാപ്പുര്‍ ടൗണില്‍ തിങ്കളാഴ്ച വൈകിട്ട് ബിജെപിക്കാര്‍ വിജയാഹ്ലാദപ്രകടനത്തിനിടെ അഴിഞ്ഞാടുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നയുടന്‍ ബീജാപ്പുര്‍ ടൗണില്‍ മുന്‍ കേന്ദ്രമന്ത്രി ബസവനഗൗഡ പട്ടീല്‍ യട്ട്നാലിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപിക്കാര്‍ തെരുവിലിറങ്ങി. ആഹ്ലാദപ്രകടനത്തിനിടെ എല്‍ബിഎസ് പച്ചക്കറി മാര്‍ക്കറ്റിന് സമീപം കാവിധാരികള്‍ കണ്ണില്‍കണ്ടവരുടെ മുഖത്തെല്ലാം ചായം പൂശുകയായിരുന്നു. എന്നാല്‍, മുസ്ലിം മതക്കാരായ പച്ചക്കറി കച്ചവടക്കാരില്‍ ചിലര്‍ തങ്ങളുടെ മുഖത്ത് ചായം തേക്കുന്നത് എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി. തര്‍ക്കം നിമിഷങ്ങള്‍ക്കകം കലാപത്തിന് വഴിമാറുകയായിരുന്നു. നിമിഷനേരത്തിനകം പച്ചക്കറി മാര്‍ക്കറ്റ് തകര്‍ക്കപ്പെട്ടു. പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിചൗക്ക് പൊലീസ് സ്റ്റേഷന്റെ തൊട്ടുമുന്നിലാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. അക്രമികള്‍ കടകളും മറ്റും തകര്‍ക്കുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നു. കലാപകാരികള്‍ പൊലീസ് സ്റ്റേഷനു നേരെയും അക്രമം അഴിച്ചുവിട്ടു. രണ്ടു മണിക്കൂര്‍ തെരുവുയുദ്ധത്തിന് ശേഷമാണ് പൊലീസ് ലാത്തിവീശി അക്രമം നിയന്ത്രണവിധേയമാക്കിയത്.
നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബിജാപ്പുര്‍ എസ്പി രാംനിവാസ് സെപാട്ട് അറിയിച്ചു. കലാപത്തിനുശേഷം അപ്രത്യക്ഷനായ ബസവനഗൗഡയെ കണ്ടെത്തുന്നതിനായി 6 പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗൗഡ കലാപത്തിന് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ്. അഹമ്മദാബാദില്‍ ഇരുമതക്കാരും ഇടകലര്‍ന്നുജീവിക്കുന്ന ചേരിയില്‍ വിവാഹ ചടങ്ങിനോടനുബന്ധിച്ചാണ് ഞായറാഴ്ച രാത്രി കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും മറ്റു ചിലര്‍ക്കും പരിക്കേറ്റു. മൂന്നു വാഹനവും രണ്ടു കടയും തകര്‍ത്തു. വിവാഹവീടിന് സമീപമുള്ള മാടക്കടയില്‍ നിന്ന് യുവാക്കളില്‍ ചിലര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കലാപത്തിലേക്ക് എത്തിയത്. പൊലീസ് കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് കലാപം നിയന്ത്രിച്ചത്. ഗോധ്ര സംഭവത്തിനു ശേഷം ശാന്തമായിരുന്ന ഇവിടെ 12 വര്‍ഷത്തിനു ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
മോഡി സ്തുതി പാഠപുസ്തകത്തിലേക്ക്
ന്യൂഡല്‍ഹി: നരേന്ദ്രമോഡി ആരാണെന്നതും അദ്ദേഹത്തിന്റെ ഗുണഗണങ്ങളും സ്കൂള്‍ വിദ്യാര്‍ഥികള്‍ മനഃപാഠമാക്കേണ്ടിവരും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരാണ് മോഡി സ്തുതികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയ സാഹചര്യത്തിലാണ് മൂന്നും നാലും ക്ലാസിലെ പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത്. മോഡിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പാഠഭാഗങ്ങളില്‍ ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ചരിത്രങ്ങള്‍ മൂടിവയ്ക്കപ്പെടുകയും ചെയ്യും.
ജീവിച്ചിരിക്കുന്ന ഒരു മഹാന്റെ ജീവചരിത്രമാണ് പഠിക്കുന്നതെന്നും അത് അവര്‍ക്ക് പ്രചോദനമാകുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി പരാസ് ജയിന്‍ പ്രതികരിച്ചത്. മോഡിയുടെ ജീവിതം പ്രചോദനമാണെന്നത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായി വളര്‍ന്നത് എങ്ങനെയെന്ന് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളുടെയും രാജാക്കന്മാരുടെയും ചരിത്രം പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നതുപോലെ തന്നെയാണ് മോഡി പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു. ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്ന് പരാസ് ജയിന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അനുമതി കിട്ടിയാലുടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാണ്. ബിജെപി രാഷ്ട്രീയമര്യാദകളും കീഴ്വഴക്കങ്ങളും ലംഘിക്കുകയാണെന്ന് മറ്റ് രാഷ്ട്രീയ പാര്‍ടികള്‍ കുറ്റപ്പെടുത്തി. ജീവിച്ചിരിക്കുന്ന വ്യക്തിയെ ചരിത്രപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് പ്രതിപക്ഷനേതാവ് സത്യദേവ് കട്ടാര കുറ്റപ്പെടുത്തി. സിലബസില്‍ ഭഗവത്ഗീത ഉള്‍പ്പെടുത്തിയത് ഈയിടെ വിവാദമായിരുന്നു. സ്കൂളുകളിലും മദ്രസകളിലും ഉള്‍പ്പെടെ ഭഗവത്ഗീത പഠിക്കാനായിരുന്നു തീരുമാനം. ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. മോഡിയുടെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുന്നത്.
deshabhimani
No comments:
Post a Comment