Monday, May 19, 2014

പതിവു രാജിനാടകം

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും രാജിനാടകം. ദയനീയതോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയയും രാഹുലും രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രവര്‍ത്തകസമിതി ഏകകണ്ഠമായി നിരാകരിച്ചു. ഇരുവരുടെയും നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചുള്ള പ്രമേയവും പാസാക്കി. ഇതോടെ കോണ്‍ഗ്രസിന്റെ തലപ്പത്ത് തല്‍ക്കാലം മാറ്റമുണ്ടാകില്ലെന്ന് തീര്‍ച്ചയായി.

സംഘടനാതലത്തില്‍ അഴിച്ചുപണിക്കുള്ള സാധ്യത പരിശോധിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രവര്‍ത്തകസമിതി ചുമതലപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ദയനീയതോല്‍വി ഏറ്റുവാങ്ങിയശേഷം ആദ്യമായി ചേര്‍ന്ന പ്രവര്‍ത്തകസമിതി തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങളിലേക്ക് കടക്കാതെ പതിവുപോലെ സോണിയ- രാഹുല്‍ സ്തുതി മുഴക്കി പിരിയുകയാണുണ്ടായത്. സോണിയ ഗാന്ധിയുടെ ആമുഖത്തോടെയാണ് യോഗം ആരംഭിച്ചത്. തോല്‍വി അങ്ങേയറ്റം നിരാശാജനകമാണെന്ന് സോണിയ പറഞ്ഞു.

പാര്‍ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടതല്ലായിരുന്നു. താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. രാജിസന്നദ്ധത അറിയിക്കുന്നു- സോണിയ പറഞ്ഞു. ബിജെപിയുടെ വര്‍ഗീയപ്രചാരണത്തെ സോണിയ വിമര്‍ശിച്ചു. രാജ്യത്തെ വിഘടിക്കുംവിധമുള്ള ബിജെപി പ്രചാരണം ആശങ്കയുണര്‍ത്തുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ ഭരണവിരുദ്ധവികാരം സ്വാഭാവികമാണ്. എതിരാളികളുടെ ധിക്കാരപരവും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ സന്ദേശം മുങ്ങിപ്പോയി. അനിയന്ത്രിതമായ സമ്പത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ എതിരാളികള്‍ക്കുണ്ടായിരുന്നു. അധികാരത്തില്‍ അല്ലെങ്കിലും കോണ്‍ഗ്രസ് അതിന്റെ ദൗത്യം തുടരും. പിന്തുണ എന്തുകൊണ്ട് ഇടിഞ്ഞു എന്നത് പരിശോധിക്കണം.

സമൂഹം പെട്ടെന്നാണ് മാറുന്നത്. അതിന് അനുസൃതമായി നമുക്ക് മാറാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം. പ്രധാനമന്ത്രിയെന്നനിലയില്‍ മന്‍മോഹന്‍സിങ് അഭിനന്ദനം അര്‍ഹിക്കുന്നു. വലിയ ദൗത്യമാണ് അദ്ദേഹം നിറവേറ്റിയത്- സോണിയ പറഞ്ഞു. മന്‍മോഹന്‍സിങ്ങാണ് തുടര്‍ന്ന് സംസാരിച്ചത്. തെറ്റുകള്‍ അംഗീകരിക്കണമെന്ന് മന്‍മോഹന്‍ പറഞ്ഞു. സര്‍ക്കാരിന്റെ തലവനെന്നനിലയില്‍ താനാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. പാര്‍ടി അധ്യക്ഷയല്ല. വിലക്കയറ്റം, അഴിമതി തുടങ്ങിയ പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യംചെയ്യാനായില്ല. കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകുകയെന്ന ബാധ്യത അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമുണ്ട്. അതുതന്നെ ഭാരിച്ചതാണ്. നിങ്ങളുടെ രാജി പ്രശ്നത്തിന് പരിഹാരമല്ല. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന ആത്മപരിശോധനയാണ് വേണ്ടത്- മന്‍മോഹന്‍ പറഞ്ഞു.

പാര്‍ടി പ്രതീക്ഷിച്ച തലത്തിലേക്ക് തനിക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലെ അഭാവം പാര്‍ടിയിലുണ്ട്. ആ ഒരു പാരമ്പര്യം താന്‍ പുനരാരംഭിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് ഒരുക്കമാണ്- രാഹുല്‍ പറഞ്ഞു. എന്നാല്‍, പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി ഇരുവരുടെയും രാജിസന്നദ്ധത നിരാകരിച്ചെന്ന് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. രാജിസന്നദ്ധത പിന്‍വലിച്ചശേഷംമാത്രം മറ്റ് ചര്‍ച്ചകളിലേക്ക് കടന്നാല്‍മതിയെന്ന നിലപാടാണ് പ്രവര്‍ത്തകസമിതി സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും രാജിസന്നദ്ധത പിന്‍വലിച്ചു. എല്ലാ തലത്തിലും പാര്‍ടി സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സോണിയയെ ചുമതലപ്പെടുത്തുന്ന പ്രമേയം തുടര്‍ന്ന് പാസാക്കി.

എം പ്രശാന്ത്

നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ലെന്ന് ശരദ് യാദവ്

പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ലെന്ന് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിതീഷ് കുമാര്‍ ശനിയാഴ്ചയാണ് രാജി വെച്ചത്. നിതീഷ് രാജി പിന്‍വലിക്കില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാണെന്നും ശരത് യാദവ് പറഞ്ഞു.

അതേ സമയം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കാനുള്ള ചുമതല നിതീഷ്കുമാറിനെ ഏല്‍പ്പിച്ചു. ജെഡിയു എംഎല്‍എമാരുടെ യോഗമാണ് നീതീഷ്കുമാറിനെ ചുതമലപ്പെടുത്തിയത്. മുഖ്യമന്ത്രിയെ ചൊവ്വാഴ്ച തീരുമാനിക്കും. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നന്മക്കുവേണ്ടിയാണ് നിതീഷിന്റെ രാജി. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത് ഉചിതവും അന്തിമവുമാണെന്നും ശരദ് യാദവ് പറഞ്ഞു. നിതീഷിന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട എംഎല്‍എമാരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും പാട്നയല്ല ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചിട്ടില്ലെന്നും ശരത് യാദവ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു വിന് 40 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് നേടാനായത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നിതീഷ്കുമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിതീഷ് രാജിപ ിന്‍വലിക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു.

അദ്വാനിയുടെ കാര്യത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പുതിയ അധികാരകേന്ദ്രമായി മാറിയ ചാണക്യപുരിയിലെ ഗുജറാത്ത് ഭവനില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ രൂപീകരണചര്‍ച്ച പുരോഗമിക്കുന്നു. സമാന്തരമായി ഡല്‍ഹിയിലെ ആര്‍എസ്എസ് ഓഫീസിലും കൂടിയാലോചനകള്‍ നടക്കുന്നു. പുതിയ ബിജെപി എംപിമാരുടെ യോഗം ചൊവ്വാഴ്ച ചേര്‍ന്ന് മോഡിയെ നേതാവായി തെരഞ്ഞെടുക്കും. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് ആലോചിക്കാന്‍ എന്‍ഡിഎ നേതൃയോഗവും ചൊവ്വാഴ്ച ചേരും. മോഡിയെ നേതാവായി തെരഞ്ഞെടുത്തശേഷം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തുനല്‍കും. എല്‍ കെ അദ്വാനിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

ഇതിനിടെ, രാജ്നാഥ്സിങ്ങിന്റെ മന്ത്രിസഭാപ്രവേശം ഉറപ്പായതിനാല്‍ ബിജെപിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളും മുറുകി. നിതിന്‍ ഗഡ്കരിക്ക് വീണ്ടും അധ്യക്ഷനാകാന്‍ ആഗ്രഹമുണ്ടെങ്കിലും പുതുമുഖത്തെ കൊണ്ടുവരാനാണ് ആര്‍എസ്എസിന് താല്‍പ്പര്യം. യുവമോര്‍ച്ചയുടെ മുന്‍ദേശീയ അധ്യക്ഷനും ഹിമാചല്‍പ്രദേശില്‍നിന്നുള്ള നേതാവുമായ ജഗത് പ്രകാശ്നദ്ദയുടെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. മോഡിയുമായും അമിത്ഷായുമായും പല ഘട്ടത്തിലും ഒപ്പം പ്രവര്‍ത്തിച്ചതും നദ്ദയ്ക്ക് മുതല്‍ക്കൂട്ടാകും. അമിത്ഷാ, അരുണ്‍ ജയ്റ്റ്ലി, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ് എന്നിവരുമായി മോഡി തിങ്കളാഴ്ച ഗുജറാത്ത് ഭവനില്‍ ചര്‍ച്ച നടത്തി. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് അശോക റോഡിലെ തന്റെ വസതിയില്‍ സുഷ്മ സ്വരാജ്, ഉമാഭാരതി, ഗോപിനാഥ്മുണ്ടെ, വരുണ്‍ഗാന്ധി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. പുതിയ ബിജെപി എംപിമാരും രാജ്നാഥ്്സിങ്ങിനെ സന്ദര്‍ശിച്ചു. തലസ്ഥാനത്ത് എത്തിയ എംപിമാര്‍ ഡല്‍ഹിയിലെ ആര്‍എസ്എസ് ഓഫീസിലെത്തി സംഘപരിവാറിന്റെ മുതിര്‍ന്നനേതാക്കളെ കാണുന്നുണ്ട്. ഇവരില്‍ പലരും ആര്‍എസ്എസുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളവരാണെന്നും അതുകൊണ്ടാണ് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളുമായി ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശനത്തിന് ബന്ധമില്ലെന്ന് ജാവേദ്കര്‍ അവകാശപ്പെട്ടു. ആര്‍എസ്എസിന് നന്ദിപറയാനാണ് എത്തിയതെന്ന് ഹിമാചല്‍പ്രദേശില്‍നിന്നുള്ള എംപി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍റെഡ്ഡിയും മോഡിയെ സന്ദര്‍ശിച്ചു. എന്‍ഡിഎ സര്‍ക്കാരിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് ജഗന്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ടി തലവന്‍ രാംവിലാസ് പസ്വാന്‍, ഭാര്യ റീന, മകന്‍ ചിരാഗ് എന്നിവര്‍ മോഡിയെയും രാജ്നാഥിനെയും സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ എന്‍ഡിഎ സഖ്യകക്ഷിയായ എംഡിഎംകെയുടെ നേതാവ് വൈകോയും രാജ്നാഥിനെ കണ്ടു. ഹരീഷ് സാല്‍വെ, മുകുള്‍ റോഹത്ജി എന്നിവരില്‍ ആരെയെങ്കിലും അറ്റോര്‍ണി ജനറലായി നിയമിക്കാന്‍ ആലോചന നടക്കുന്നു. സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തേക്ക് രഞ്ജിത്കുമാര്‍, ഗുജറാത്തിലെ എ ജി കമല്‍ ത്രിവേദി എന്നിവരെയാണ് പരിഗണിക്കുന്നത്.

deshabhimani

No comments:

Post a Comment