Wednesday, May 21, 2014

രാഘവന്റെ പ്രതിഛായാ വാദം കണക്കുകള്‍ നിരാകരിക്കുന്നു

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ വിജയം, വികസനപ്രവര്‍ത്തനത്തിലൂടെ അദ്ദേഹം നേടിയെടുത്ത പ്രതിഛായയുടെ പിന്‍ബലത്തിലാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് വോട്ടിന്റെ കണക്കുകള്‍ തെളിയിക്കുന്നു. ആകെയുള്ള ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ നാലിടത്തും യുഡിഎഫിന് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് കുറഞ്ഞു. കോഴിക്കോട് നോര്‍ത്തില്‍ രാഘവന് ലഭിച്ചത് 47,899 വോട്ട്. എന്നാല്‍ 2011-ല്‍ യുഡിഎഫിന് ലഭിച്ച് വോട്ട് 48,125. കോഴിക്കോട് സൗത്ത്: 45128 (2011-ല്‍ 47,771). ബേപ്പൂര്‍: 53,128 (2011-ല്‍ 55,234). കൊടുവള്ളി: 58,494 (2011-ല്‍ 60,365). കൊടുവള്ളിയില്‍ ലഭിച്ച വോട്ട് 2009-ല്‍ ലോക്സഭയിലേക്ക് ലഭിച്ചതിലും കുറവാണ്. 2009-ല്‍ 64,223 വോട്ട് ലഭിച്ചപ്പോള്‍, 2014ല്‍ അത് 58,494 ആയി കുറഞ്ഞു. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള കൊടുവള്ളിയില്‍ രാഘവന്റെ വോട്ട് ഗണ്യമായി കൂടുമെന്നും കുറഞ്ഞത് 25,000 വോട്ടിെന്‍റ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് അവകാശപ്പെട്ടിരുന്നു. ആ കണക്കുകൂട്ടല്‍ ശരിയായില്ല.

രാഘവന്റെ പ്രതിഛായയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ വരുന്ന നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ വോട്ട് കൂടേണ്ടതായിരുന്നു. കാരണം, എം കെ രാഘവന്റെ പ്രവര്‍ത്തന കേന്ദ്രവും അദ്ദേഹം അവകാശപ്പെടുന്ന വികസന പദ്ധതികളുടെ കേന്ദ്രവും കോഴിക്കോട് നഗരമാണ്. കോഴിക്കോട് നോര്‍ത്തിലും സൗത്തിലും വലിയ തോതില്‍ വോട്ട് കൂടുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വോട്ട് കുറഞ്ഞു. എല്‍ഡിഎഫിനെ അപേക്ഷിച്ച് നോര്‍ത്തില്‍ 1519 വോട്ട് മാത്രമാണ് എം കെ രാഘവന് കൂടുതല്‍ ലഭിച്ചത്. ബിജെപിക്ക് 2009-നെ അപേക്ഷിച്ച് എല്ലാ നിയമസഭാമണ്ഡലങ്ങളിലും വോട്ട് കൂടി. മൊത്തം 24,545 വോട്ടിന്റെ വര്‍ധന. നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടി ഹിന്ദുവികാരമിളക്കിവിടാന്‍ നടത്തിയ ശ്രമമാണ് ബിജെപിയെ തുണച്ചത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് എല്ലാ മണ്ഡലത്തിലും വോട്ട് കുറഞ്ഞിട്ടുണ്ട്. മുസ്ലിം വോട്ടുകളില്‍ യുഡിഎഫിന് അനുകൂലമായ ധ്രുവീകരണമുണ്ടായി എന്നതാണ് എല്‍ഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധന പിന്നീട് നടത്തും. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വരുന്നതില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കുള്ള ഉത്ക്കണ്ഠയാണ് കോണ്‍ഗ്രസ് മുതലെടുത്തത്.

കടന്നാക്രമണങ്ങള്‍ക്കിടയിലും ഒഞ്ചിയത്ത് എല്‍ഡിഎഫിന് മുന്നേറ്റം

ഒഞ്ചിയം: സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കിടയിലും ഒഞ്ചിയം ഏരിയായില്‍ എല്‍ഡിഎഫിന് വലിയ ജനപിന്തുണ. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2014ല്‍ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധന. ലോകസഭാ തെരഞ്ഞെടുപ്പില്‍ 2009ല്‍ എല്‍ഡിഎഫിന് ഏരിയായില്‍ 20,223 വോട്ട് നേടി. 2014ല്‍ ഇത് 25492 വോട്ടായി വര്‍ധിച്ചു. 4,826 വോട്ടിന്റെ വര്‍ധന. എന്നാല്‍ ആര്‍എംപിക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 8844 വോട്ട് ഉണ്ടായിരുന്നത് ഇപ്പോള്‍ 7382 വോട്ടായി കുറഞ്ഞു. ഇതേ സമയം യുഡിഎഫിന് 37,440 വോട്ട് ഉണ്ടായത് ഇപ്പോള്‍ 36,333 വോട്ടായി കുറഞ്ഞിട്ടുണ്ട്. എല്‍ഡിഎിന് 3682 വോട്ടാണ് അഴിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് ഈ വര്‍ഷം 1204 വോട്ട് വര്‍ധിച്ചു.ഒഞ്ചിയം പഞ്ചായത്തില്‍ 5560 വോട്ടില്‍ നിന്ന് 6476 വോട്ടായി വര്‍ധിച്ചു. ഏറാമലയില്‍ 1613 വോട്ട് വര്‍ധിച്ചു. ചോറോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 1093 വോട്ട് വര്‍ധിച്ചു. ആര്‍എംപി യുഡിഎഫ് വോട്ട് മറച്ചിട്ടും ഒഞ്ചിയത്ത് ഇടതുപക്ഷത്തിന്റെ കരുത്തിന് പോറലേല്‍പിക്കാനായില്ല. സിപിഐ എം ഒഞ്ചിയത്ത് രണ്ടായി പിളര്‍ന്നെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം.

deshabhimani

No comments:

Post a Comment