Monday, May 19, 2014

ജീവിതസമരത്തില്‍ ബാബുരാജിന് ഇത് "ലാസ്റ്റ് ചാന്‍സ് "

പത്തനംതിട്ട: ജീവിതസമരത്തില്‍ നേടിയതെല്ലാം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ബാബുരാജ് എന്ന വികലാംഗന്‍. പരസഹായത്തിന് കൈനീട്ടാന്‍ മനസില്ലാത്ത ഈ മനുഷ്യന് ഇതുവരെ ജീവിതം ഒന്നും നല്‍കിയിട്ടില്ല. അടുത്ത ദിവസം നടക്കുന്ന പിഎസ്സി അഭിമുഖത്തില്‍ പ്രതീക്ഷ വയ്ക്കുകയാണ് -അവസാന അവസരമെന്ന നിലയില്‍. പള്ളിക്കൂടത്തിന്റെ പടിപോലും കാണാതെ വീട്ടിലിരുന്ന് പഠിച്ച് എസ്എസ്എല്‍സിക്ക് ഫസ്റ്റ് ക്ലാസില്‍ വിജയിച്ച ബാബുരാജ് ഇന്ന് മൊബൈല്‍ ഫോണിന്റെ അറ്റകുറ്റപ്പണി ചെയ്താണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷ പോലും തഴയപ്പെട്ടു. നാല് തവണ പിഎസ്സി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ബാബുരാജിന് കിട്ടേണ്ടത് അനര്‍ഹര്‍ തട്ടിയെടുത്തു. പലപ്പോഴും ഫീല്‍ഡില്‍ സൈക്കിളില്‍ സഞ്ചരിച്ച് ചെയ്യേണ്ട ജോലികള്‍ക്കാണ് രണ്ടു കാലും തളര്‍ന്ന ഇയാളെ പിഎസ്സി ക്ഷണിച്ചത്. വികലാംഗര്‍ക്ക് പ്രത്യേകമായി ലഭിക്കുന്ന നാലു അവസരവും ഇത്തരത്തില്‍ നഷ്ടമായി.

ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്ന തണ്ണിത്തോട് കൊഴുപ്പോണ്‍ വീട്ടില്‍ കെ കെ ബാബുരാജ് എന്ന 49കാരന്റെ ജീവിതം എന്നും വെല്ലുവിളികള്‍ക്കെതിരെയുള്ള തുഴച്ചിലായിരുന്നു. അക്ഷരങ്ങളോട് അടങ്ങാത്ത അഭിനിവേശം മൊട്ടിട്ടപ്പോഴാണ് 15-ാം വയസില്‍ അധ്യാപകനായ അച്ഛന്‍ കുട്ടന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങിയത്. 23-ാം വയസ്സില്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടുമ്പോള്‍ വൈകല്യങ്ങളോട് പൊരുതാനുള്ള കരുത്തുള്ള മനസ്സിനുടമയായി. തണ്ണിത്തോട്ടിലെ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠനം തുടങ്ങി. പിന്നീട് 29 കിലോമീറ്റര്‍ അകലെ പത്തനംതിട്ട നഗരത്തില്‍ ബികോമിന് ചേര്‍ന്നു. ഇവിടെ ബാബുരാജിന്റെ കാലും മനസും എല്ലാമായിരുന്നത് അടുത്ത സുഹൃത്തുക്കള്‍. ഇവരുടെ വീടുകളിലും കൂട്ടുകാര്‍ ഒരുക്കി കൊടുത്ത ചെറിയ മുറിയിലുമായി താമസവും പഠനവും. എംകോം പഠനം തുടരാന്‍ കഴിയാതെ വന്നപ്പോള്‍ കൂട്ടുകാര്‍ സംഘടിപ്പിച്ചുകൊടുത്ത ഒരു മുറിയില്‍ എസ്ടിഡി ബൂത്ത് തുടങ്ങി. ഇവിടെവച്ചാണ് ഫോണ്‍ നന്നാക്കാന്‍ പഠിച്ചത്. ഇക്കാലത്ത് യഥാര്‍ഥ വികലാംഗര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗം നാമമാത്ര വികലാംഗര്‍ തട്ടിയെടുക്കുന്നതിനെതിരെയും വികലാംഗരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും സംഘടന രൂപീകരിച്ച് രംഗത്തുവന്നു. മൂന്നു ദിവസം കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തി. ഇതേതുടര്‍ന്ന് കുറച്ചു പേര്‍ക്ക് ജോലി ലഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ ബൂത്ത് പൂട്ടി. വാടക കൊടുക്കാനില്ലാതെ പിന്നീട് ചിറ്റാറില്‍ ഒരു മുറി സംഘടിപ്പിച്ച് അവിടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ നന്നാക്കികൊടുക്കുന്ന ഒരു കട തുടങ്ങി. വന്‍ തുക സെക്യൂരിറ്റി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതും ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്കുകളില്‍നിന്നെടുത്ത പണം പകുതിയടച്ചിട്ടും പലിശ വാനോളം പെരുകി. ഇപ്പോള്‍ ഭാര്യയും പത്താം ക്ലാസ് പാസായ മകളും ഒമ്പതില്‍ പഠിക്കുന്ന മകനുമൊത്ത് താമസം.

എബ്രഹാം തടിയൂര്‍ deshabhimani

1 comment:

  1. party secretary can send his kid to UK for higher studies.. but dont spend a dime for this sort of activities...

    ReplyDelete