തിരു: സംസ്ഥാനത്ത് 159 ട്രെയിന്‍ സ്റ്റോപ്പ് എടുത്തുകളഞ്ഞു. തിരക്കുള്ള സ്റ്റേഷനില്‍പ്പോലും സ്റ്റോപ്പ് അനുവദിക്കാതെയാണ് റെയില്‍വേയുടെ യാത്രക്കാരോടുള്ള കടുത്ത അനീതി. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകള്‍ക്കുള്‍പ്പെടെ അനുവദിച്ച സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞ ഉത്തരവ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, വരുമാനം കുറഞ്ഞവയും ആറുമാസംമുമ്പ് താല്‍ക്കാലികമായി അനുവദിച്ച സ്റ്റോപ്പുകളുമാണ് നിര്‍ത്തലാക്കുന്നത് എന്നാണ് റെയില്‍വേയുടെ വശദീകരണം.
സംസ്ഥാനത്ത് യാത്രക്കാര്‍ ഏറെയുള്ള സ്റ്റേഷനുകളില്‍ അനുവദിച്ച സ്റ്റോപ്പുകളും റദ്ദാക്കുന്ന പട്ടികയിലുണ്ട്. നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്സ്പ്രസിന്റെ ഒമ്പത് സ്റ്റോപ്പും പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിന്റെ 12 സ്റ്റോപ്പും നിര്‍ത്തലാക്കും. കൊച്ചുവേളി- ഡെറാഡൂണ്‍ സൂപ്പര്‍ഫാസ്റ്റിന്റെ തൃശൂര്‍ സ്റ്റോപ്പും കൊച്ചുവേളി ഭാവ്നഗര്‍ എക്സ്്പ്രസിന്റെ ചെങ്ങന്നൂര്‍, തിരുവല്ല സ്റ്റോപ്പുകളും ഹിമസാഗര്‍ എക്സ്പ്രസിന്റെ കായംകുളം സ്റ്റോപ്പും നിര്‍ത്തലാക്കി. നേത്രാവതി എക്സ്പ്രസ് (വര്‍ക്കല, കരുനാഗപ്പള്ളി), പരശുറാം എക്സ്പ്രസ് (പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ), കൊച്ചുവേളി -ബിക്കാനീര്‍ എക്സ്പ്രസ് (ആലുവ, തിരൂര്‍, കൊയിലാണ്ടി, മടക്കയാത്രയില്‍ ചെങ്ങന്നൂര്‍), എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി (അങ്കമാലി, ചാലക്കുടി, താനൂര്‍, പരപ്പനങ്ങാടി, മാഹി), തിരു-കോഴിക്കോട് ജനശതാബ്ദി (ചേര്‍ത്തല, ആലുവ), കൊച്ചുവേളി- ബംഗളൂരു എക്സ്പ്രസ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ), ഐലന്‍ഡ് എക്സ്പ്രസ് (ചിറയിന്‍കീഴ്, പാറശാല, കടയ്ക്കാവൂര്‍, പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ, പുതുക്കാട്), വെരാവല്‍ എക്സ്പ്രസ് (വടകര, കാഞ്ഞങ്ങാട്), ഓഖ എക്സ്പ്രസ് (കൊയിലാണ്ടി, കാഞ്ഞങ്ങാട്), ആലപ്പുഴ-ധന്‍ബാദ് (മാരാരിക്കുളം, തുറവൂര്‍), കേരള സൂപ്പര്‍ഫാസ്റ്റ് (മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) എന്നീ സ്റ്റോപ്പുകളാണ് റദ്ദാക്കിയത്.
പ്രധാന സ്റ്റേഷനുകളിലെ സ്റ്റോപ്പ് റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ എടുത്തുകളയാനുള്ള റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസിലേക്ക് യാത്രക്കാരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് പറഞ്ഞു. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും സിഗ്നല്‍ നവീകരണവും പൂര്‍ത്തിയാക്കിയാല്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാമെന്നിരിക്കെ അതിന് മുതിരാതെ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ നിര്‍ത്താലാക്കുന്നത് യാത്രക്കാരെ ദ്രോഹിക്കലാണെന്നാണ് പാസഞ്ചര്‍ അസോസിയേഷനുകളുടെ നിലപാട്. ആലുവ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക്സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞതിനെതിരെ യാത്രക്കാര്‍തന്നെ രംഗത്തെത്തി. നേത്രാവതിക്കും ചെന്നൈ സൂപ്പര്‍ഫാസ്റ്റിനും വര്‍ക്കലയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് റദ്ദാക്കരുതെന്ന് എ സമ്പത്ത് എംപി റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.
ആറ് ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റാക്കി
കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റാക്കി മാറ്റി. യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് ഈടാക്കി യാത്രക്കാരെ പിഴിയുന്നതിന്റെ ഭാഗമാണിത്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് 25മുതല്‍ 60 രൂപവരെ അധിക ചാര്‍ജ് നല്‍കേണ്ടി വരും. ജൂലൈ ഏഴുമുതല്‍ നടപ്പാക്കാനാണ് നീക്കം. 16628(22637 സൂപ്പര്‍ഫാസ്റ്റ് നമ്പര്‍) മംഗളൂരു- ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, 16042(22640) ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്, 16309 (22643)എറണാകുളം- പട്ന എക്സ്പ്രസ്, 16328(22648) തിരുവനന്തപുരം-കോര്‍ബാ എക്സ്പ്രസ്, 16323(22641) തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസ്, 16326(22646) തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യ നഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സൂപ്പര്‍ ഫാസ്റ്റാക്കിയത്.
deshabhimani
No comments:
Post a Comment