Thursday, May 29, 2014

30 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസുള്ളവര്‍

നരേന്ദ്രമോഡി മന്ത്രിസഭയില്‍ 30 ശതമാനംപേരും നിലവില്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍. പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ദ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്കാ (എഡിആര്‍)ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സാമുദായികകലാപം സൃഷ്ടിക്കല്‍, തെരഞ്ഞെടുപ്പ് ചട്ടലംഘനം തുടങ്ങിയവയാണ് 30 ശതമാനം മന്ത്രിമാര്‍ നേരിടുന്ന കേസുകള്‍. ഇരുസഭയിലെയും അംഗങ്ങള്‍ അല്ലാത്തതിനാല്‍ പ്രകാശ് ജാവ്ദേക്കര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെ വിവരങ്ങള്‍ എഡിആര്‍ പരിശോധിച്ചിട്ടില്ല. 44 മന്ത്രിമാരില്‍ 40 പേരും കോടീശ്വരന്മാരാണെന്നും എഡിആര്‍ വെളിപ്പെടുത്തുന്നു.

ക്യാബിനറ്റ് മന്ത്രിയായ ഉമാഭാരതിയുടെ പേരില്‍ കൊലപാതകശ്രമത്തിനും സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കലിനും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും കേസ് നിലനില്‍ക്കുന്നുണ്ട്. ഗ്രാമ വികസനമന്ത്രി ഗോപിനാഥ് മുണ്ടെയുടെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍ കേസാണുള്ളത്. നാല്‍പ്പത് മന്ത്രിമാര്‍ (91 ശതമാനം) ശരാശരി 13.47 കോടിയുടെ സ്വത്തുള്ളവരാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് മുന്നില്‍. 113 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഭക്ഷ്യ സംസ്കരണമന്ത്രി ഹര്‍സിമ്രത്കൗര്‍ (108 കോടി), ഗോപിനാഥ് മുണ്ടെ (38 കോടി), മേനകഗാന്ധി (37 കോടി), പിയോഷ് ഗോയല്‍ (30 കോടി) എന്നിവരാണ് തൊട്ടുപിന്നില്‍.

രഘുറാം രാജന്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍സ്ഥാനത്ത് രഘുറാം രാജന്‍ തുടരാന്‍ സാധ്യത. അമേരിക്കന്‍ പൗരനും അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധനുമായിരുന്ന രഘുറാം രാജനെ യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് റിസര്‍വ്ബാങ്ക് തലവനാക്കിയത്. രഘുറാംരാജന്റെ നയങ്ങളോട് ബിജെപിയില്‍ ഒരുവിഭാഗത്തിന് വിയോജിപ്പുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ധനമന്ത്രിയായി ചുമതലയേറ്റ അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയ രഘുറാം രാജന്‍ താന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായി തുടരുമെന്ന വ്യക്തമായ സൂചന നല്‍കി. ജെയ്റ്റ്ലി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രഘുറാം രാജന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലനത്തോടെ കൊണ്ടുപോകുകയെന്ന ദൗത്യമാണ് സര്‍ക്കാരും റിസര്‍വ്ബാങ്കും ഏറ്റെടുത്തിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രഘുറാംരാജന്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറയ്ക്കുന്നതിനെ ബിജെപിയില്‍ ഒരുവിഭാഗം പിന്തുണയ്ക്കുന്നു. അതേസമയം, രഘുറാംരാജന്‍ റിസര്‍വ്ബാങ്ക് മേധാവിയായശേഷം നിരക്കുകള്‍ കുറച്ചിട്ടില്ല. മൂന്നു പ്രാവശ്യം വര്‍ധിപ്പിക്കുകയുംചെയ്തു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയെന്ന നിലപാടാണ് റിസര്‍വ്ബാങ്ക് പിന്തുടരുന്നത്. വളര്‍ച്ച വീണ്ടെടുക്കുന്നതിനോടൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിരക്ക് കുറയ്ക്കുകയെന്ന വിപണിയുടെ മുറവിളിയോട് ജെയ്റ്റ്ലിയും തല്‍ക്കാലം അനുകൂലമായി പ്രതികരിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഡ്വക്കറ്റ് ജനറല്‍ ജി ഇ വഹന്‍വതിയും സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനും കഴിഞ്ഞദിവസം രാജിസമര്‍പ്പിച്ചിരുന്നു.

deshabhimani

No comments:

Post a Comment