Thursday, May 29, 2014

തസ്തിക നിര്‍ണയത്തില്‍ 12000 അധ്യാപകര്‍ പുറത്തേക്ക്

തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 12,000 അധ്യാപകര്‍ അധികമെന്ന് സര്‍ക്കാര്‍. 1:45 എന്ന പഴയ അനുപാതത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെയും ആകെയുള്ള 1.62 ലക്ഷം അധ്യാപകരുടെയും അനുപാതം എടുത്ത് തസ്തിക നിര്‍ണയിച്ചതോടെയാണ് 12,000 അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇവര്‍ക്ക് ശമ്പളം അനുവദിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിലവില്‍ വകുപ്പില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ തസ്തികനിര്‍ണയം നടത്തിയിരുന്നില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച് തസ്തികനിര്‍ണയം നടത്തിയതാണ് ഇത്രയധികം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കിയത്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ കേരളത്തിന് ഏക ഗുണമാകുമായിരുന്ന 1:30, 1:35 അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കിയിരുന്നെങ്കില്‍ അധ്യാപകരെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കാമായിരുന്നു. അധ്യാപകപാക്കേജില്‍ പുതിയ അനുപാതം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്തിരിഞ്ഞു. പുറത്താകുന്ന അധ്യാപകര്‍ക്ക് ജൂണ്‍മുതല്‍ ശമ്പളവും നല്‍കാന്‍ കഴിയില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിപിഐ അവകാശപ്പെട്ടാലും തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും എഇഒമാര്‍ക്കും കഴിയില്ല. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് വേണ്ടിവരും. ഇതിന് ധനവകുപ്പ് അനുമതി നല്‍കാനും ഇടയില്ല. അധ്യാപകര്‍ കൂട്ടത്തോടെ പുറത്താകുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കും.

ചില വിദ്യാഭ്യാസ ഉപജില്ലകളില്‍ 400 അധ്യാപകര്‍ക്കുവരെ ജോലി നഷ്ടപ്പെടും. പിന്നോക്ക പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും കൂട്ടത്തോടെ പൂട്ടിയിടേണ്ട അവസ്ഥയുണ്ടാകും. ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസമേഖല നിശ്ചലമാക്കുമെന്ന് യോഗത്തില്‍ അധ്യാപക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നേതാക്കള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ ഡിപിഐക്ക് കഴിഞ്ഞില്ല.

deshabhimani

No comments:

Post a Comment