Friday, May 30, 2014

2 ഡസന്‍ മന്ത്രിമാര്‍ കൂടി

തന്റേത് ചെറിയ മന്ത്രിസഭയായിരിക്കുമെന്ന പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നീങ്ങുന്നു. ജൂണ്‍ 15നുശേഷം ഇരുപത്തിനാലോളം പുതിയ മന്ത്രിമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഇവരില്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉണ്ടാകും. ജൂണ്‍ നാലുമുതല്‍ 11 വരെ പതിനാറാം ലോക്സഭയുടെ പ്രഥമസമ്മേളനം ചേരും. അതിനുശേഷമായിരിക്കും മന്ത്രിസഭാ വികസനം. പുതിയ പ്രതിരോധമന്ത്രിവരും. ശിവസേനയ്ക്കും തെലുഗുദേശത്തിനും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ ലഭിക്കും.

പ്രധാനമന്ത്രിയടക്കം 46 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. രണ്ടാം യുപിഎ മന്ത്രിസഭയുടെ അംഗബലം 77 ആയിരുന്നു. വികസനത്തിനുശേഷം മോഡിമന്ത്രിസഭയ്ക്ക് അംഗസംഖ്യയുടെ കാര്യത്തില്‍ യുപിഎ മന്ത്രിസഭയുമായി ചെറിയ വ്യത്യാസം മാത്രമായിരിക്കും. "ചെറിയ സര്‍ക്കാര്‍, നല്ല ഭരണം" എന്നതാണ് തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 20ല്‍ ചുരുക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 24 ആയി. സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരെയും നിയോഗിച്ചു. എന്നിട്ടും ബിജെപി കൂടുതല്‍ സീറ്റ് നേടിയ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യമേ ലഭിച്ചുള്ളു. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഒറ്റമന്ത്രിപോലുമില്ല. 18 എംപിമാരുള്ള ശിവസേന ഒരു മന്ത്രിയെമാത്രം ലഭിച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. അവരുടെ മന്ത്രി ആനന്ദ് ഗീഥെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാതെ പ്രതിഷേധിക്കുകയുംചെയ്തു. കൂടുതല്‍ സ്ഥാനം വാഗ്ദാനം ചെയ്തശേഷമാണ് ഗീഥെ ചുമതലയേറ്റത്.

തെലുഗുദേശവും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ പ്രതീക്ഷിക്കുന്നു. എന്‍ഡിഎയിലുള്ള 29 ഘടകകക്ഷികളില്‍ 11 കക്ഷികള്‍ക്കാണ് ലോക്സഭയില്‍ പ്രാതിനിധ്യം. ഇവര്‍ക്കെല്ലാം പങ്കാളിത്തം നല്‍കാന്‍ മോഡി നിര്‍ബന്ധിതനാവുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാതെ അസംതൃപ്തരായി നില്‍ക്കുന്ന ബിജെപി എംപിമാരുടെ കാര്യവും പരിഗണിക്കണം. അരുണ്‍ ജയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും കോര്‍പറേറ്റുകാര്യവും പോലുള്ള മൂന്ന് വകുപ്പുകള്‍ ഒന്നിച്ചു നല്‍കിയത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പൂര്‍ണസമയ ധനമന്ത്രി വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാണ്.

വകുപ്പ് വിഭജനത്തില്‍ മറ്റ് പരാതികളും ഉയര്‍ന്നിട്ടുണ്ട്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത തര്‍ക്കവിഷയമാക്കിയ കോണ്‍ഗ്രസ് നടപടിയോട് വിയോജിക്കുന്നവര്‍പോലും മാനവവിഭവശേഷിവികസന മന്ത്രാലയം താരതമ്യേന മുതിര്‍ന്ന നേതാവിനെ ഏല്‍പ്പിക്കേണ്ടതായിരുന്നു എന്ന പക്ഷക്കാരാണ്. ഈ സാഹചര്യത്തിലാണ് വിപുലമായ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നത്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന ലോക്സഭ സമ്മേളനത്തില്‍ ആദ്യത്തെ രണ്ടു ദിവസം എംപിമാരുടെ സത്യപ്രതിജ്ഞയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രൊടേം സ്പീക്കറായി പ്രവര്‍ത്തിക്കും. ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജ്യസഭാ സമ്മേളനം ഒന്‍പതിന് ആരംഭിക്കും. അന്നേദിവസം ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. 10നും 11നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുമേലുള്ള ചര്‍ച്ച നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ജൂലൈയില്‍ ബജറ്റ് സമ്മേളനം ചേരും.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment