Saturday, May 31, 2014

40 ശതമാനം സ്കൂളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സംസ്ഥാനത്ത് ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ എണ്ണം 5137 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനകം 523 സ്കൂള്‍ കൂടി ഈ പട്ടികയിലേക്ക് കൂപ്പുകുത്തിയതോടെ പൊതുവിദ്യാലയങ്ങളില്‍ 40 ശതമാനത്തിലേറെയും അടച്ചുപൂട്ടല്‍ ഭീഷണിയിലുമായി. 12,644 പൊതുവിദ്യാലയങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 1201 സ്കൂളാണ് നഷ്ടത്തിലായത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക കണക്കാണ് ഇത്.

മൂന്നു വര്‍ഷത്തിനിടെ അഞ്ഞൂറോളം അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്കും 2500 സ്റ്റേറ്റ് സിലബസ് അണ്‍എയഡ്ഡ് സ്കൂളുകള്‍ക്കും അംഗീകാരം നല്‍കിയതാണ് പൊതുവിദ്യാലയങ്ങളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്. സംസ്ഥാനത്ത് 3936 സ്കൂളായിരുന്നു നഷ്ടപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ കുറഞ്ഞ ഈ സ്കൂളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നിലവാരമുയര്‍ത്തുന്നതിനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതാണ്. എന്നാല്‍, ഭരണമാറ്റത്തോടെ പഴയപടിയായി. മാത്രമല്ല, കൂടുതല്‍ സ്കൂള്‍ ഈ പട്ടികയിലായി.

5,137 ആദായകരമല്ലാത്ത സ്കൂളില്‍ 2,413 സര്‍ക്കാര്‍ സ്കൂളും 2,724 എയ്ഡഡ് സ്കൂളുമാണ് ഉള്ളത്. ഒരു ഡിവിഷനില്‍ ശരാശരി 25ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളെയാണ് അനാദായകരമായി വിശേഷിപ്പിക്കുന്നത്. തമിഴ്, കന്നട മീഡിയം പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇത് 15 കുട്ടികളാണ്. 2,577 സ്കൂളില്‍ 50ല്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ കണക്ക്. ഇതില്‍ 1,217 സര്‍ക്കാര്‍ സ്കൂളും 1,360 എയ്ഡഡ് സ്കൂളുമാണ്. ഒരു വിദ്യാര്‍ഥിപോലുമില്ലാത്ത 12 സ്കൂളും സംസ്ഥാനത്തുണ്ട്. പത്തില്‍ താഴെ കുട്ടികളുള്ള 109 എണ്ണമുണ്ട്. നാല് സ്കൂളില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്കൂള്‍ ഉള്ളതായി കണ്ടെത്തിയത്- 502. കുറവ് വയനാട്ടിലാണ്- 79. 499 സ്കൂളുള്ള കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരം- 402, കൊല്ലം- 337, ആലപ്പുഴ- 378, കോട്ടയം- 486, ഇടുക്കി- 224, എറണാകുളം- 466, തൃശൂര്‍- 357, പാലക്കാട്- 304, മലപ്പുറം- 183, കോഴിക്കോട്- 499, വയനാട്- 79, കണ്ണൂര്‍- 731, കാസര്‍കോട്- 189 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ ആദായകരമല്ലാത്ത സ്കൂളുകള്‍ കൂടുതല്‍ തിരുവനന്തപുരത്തും (281) എയ്ഡഡ് മേഖലയില്‍ കണ്ണൂരിലും (585)ആണ്. കൂടുതലും എല്‍പി വിഭാഗത്തിലാണ്. പാഠപുസ്തകം മുതല്‍ യൂണിഫോം വരെ സൗജന്യമാക്കി. പഠനിലവാരം ഉയര്‍ത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കി. സര്‍ക്കാര്‍ മാറിയതോടെ ഇവയെല്ലാം തകിടംമറിച്ചെന്ന് മാത്രമല്ല ദൂരപരിധി ലംഘിച്ച് സര്‍ക്കാര്‍ സ്കൂളുകളുടെ മുറ്റത്തുപോലും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞവര്‍ഷം അവയ്ക്കെല്ലാം കൂട്ടത്തോടെ അംഗീകാരവും നല്‍കി. പുതിയ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കേന്ദ്ര/സംസ്ഥാന അംഗീകാരങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതെ ഒരു വിദ്യാലയവും പ്രവര്‍ത്തിപ്പിക്കരുതെന്നുണ്ട്. ഈ നിയമത്തിന്റെ മറപറ്റിയാണ് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കിയത്. ഒരു മാനദണ്ഡവും പാലിക്കാത്ത 627 സ്കൂളിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നിഷേധിച്ചിരുന്നു. എന്നാല്‍, ഇവയ്ക്കും അംഗീകാരം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. മിഷന്‍ 676ല്‍ ഈ സ്കൂളുകളുടെ അംഗീകാരത്തെക്കുറിച്ചും സൂചനയുണ്ട്.

deshabhimani

No comments:

Post a Comment