Sunday, May 25, 2014

ന്യൂനപക്ഷവിഭാഗം പൊതുവില്‍ എതിര്‍ത്തില്ല: പിണറായി

തിരു: യുഡിഎഫിനെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ പിന്തുണച്ച ന്യൂനപക്ഷവിഭാഗം പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് അനുകൂലമായ നിലപാടെടുത്തിരുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഹാലിളകി എല്‍ഡിഎഫിനെ എതിര്‍ത്ത മുസ്ലിം ജനവിഭാഗങ്ങളില്‍ ചിലര്‍ ഈ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ നിഷ്ക്രിയമായിരുന്നു. ഇത് യുഡിഎഫിനെ പരിഭ്രാന്തിയിലാക്കി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മോഡിസര്‍ക്കാര്‍ വരുന്നു എന്ന പരിഭ്രാന്തി സൃഷ്ടിച്ചു. എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. ചില മാധ്യമങ്ങളും ഇതില്‍ നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുമെന്ന് എല്‍ഡിഎഫ് പറഞ്ഞു. മോഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ തടയാന്‍, ഇപ്പോള്‍ 44 സീറ്റും 19 ശതമാനം വോട്ടും ലഭിച്ച കോണ്‍ഗ്രസിനാണ് കഴിയുക എന്ന പ്രചാരണം ശക്തമായി. ഇതുമൂലം അവസാനഘട്ടത്തില്‍ ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിന് കിട്ടി. മൊത്തത്തില്‍ എല്‍ഡിഎഫിനെതിരായ നിലപാട് ന്യൂനപക്ഷ വിഭാഗം എടുത്തില്ല. ക്രൈസ്തവ ജനവിഭാഗം ഒരേ നിലപാടല്ല സ്വീകരിച്ചത്. കസ്തൂരിരംഗന്‍ പ്രശ്നത്തിലെ യുഡിഎഫ് നിലപാടുമൂലം ഇടുക്കിയിലെ ക്രൈസ്തവവിഭാഗം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമായിരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിന് അനുകൂലമായ നിലപാടാണ് ക്രൈസ്തവ ജനതയില്‍ വലിയൊരു ഭാഗം സ്വീകരിച്ചത്. തൃശൂരില്‍ കത്തോലിക്കാ സഭയും കോണ്‍ഗ്രസുമായുള്ള പ്രശ്നം എല്‍ഡിഎഫിന് സഹായകമായി. ജാതിസംഘടനകളില്‍ ചിലത് പണംവാങ്ങി വോട്ട് മറിക്കാന്‍ പ്രവര്‍ത്തിച്ചു. കോടികള്‍ ചെലവഴിക്കാന്‍ തയ്യാറായി തെരഞ്ഞെടുപ്പില്‍ ചിലര്‍ വന്നു. അവരില്‍നിന്ന് പണം വാങ്ങി വോട്ട് കൊടുക്കാനും ചിലര്‍ തയ്യാറായി. ജാതി സംഘടനകള്‍ പൊതുവില്‍ യുഡിഎഫിനെ സഹായിച്ചു. ചിലയിടത്ത് ബിജെപിയെയും പിന്തുണച്ചു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയുമാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അതൊന്നും ജാതി സംഘടനകളല്ലേ എന്ന് പിണറായി തിരിച്ചുചോദിച്ചു.

തെരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്ക് മുമ്പില്ലാത്തവിധമുണ്ടായി. ഇത് രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ്റിന് നല്ല സ്വീകാര്യതയുണ്ടായി. പാര്‍ടി സ്വതന്ത്രരെയും നല്ല നിലയിലാണ് ജനങ്ങള്‍ സ്വീകരിച്ചത്. തോറ്റ സ്വതന്ത്രരും മികച്ച പ്രകടനമാണ് നടത്തിയത്. തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിന് പ്രചാരണഘട്ടത്തില്‍ നല്ല സ്വീകാര്യതയുണ്ടായിരുന്നു. പിന്നിലാണെന്ന തോന്നല്‍ ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ മുഖ്യ കക്ഷികള്‍ക്കു പുറമെ മത്സരിച്ച ചെറിയ പാര്‍ടികള്‍ക്കും സ്വതന്ത്രര്‍ക്കും 6.40 ശതമാനം വോട്ട് കിട്ടി. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ക്കു പിന്നിലും ആളുണ്ടെന്നത് ഗൗരവമായി കാണണം. നോട്ടയ്ക്ക് കേരളംപോലൊരു സംസ്ഥാനത്ത് ലഭിച്ച വോട്ട് അരാഷ്ട്രീയതയുടെ ഭാഗമല്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നു. നഗരങ്ങളില്‍ വലത്, വര്‍ഗീയ, അരാഷ്ട്രീയ ആശയക്കാര്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ വോട്ടര്‍മാരെ ശരിയായ ദിശയിലെത്തിക്കാനുള്ള പ്രചാരണരീതി വേണമെന്നും പിണറായി പറഞ്ഞു.

അഞ്ചു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കും: സിപിഐ എം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എല്‍ഡിഎഫിന്റെ തോല്‍വി സംബന്ധിച്ച് പ്രത്യേകം പരിശോധന നടത്തുമെന്ന് പിണറായി പറഞ്ഞു. കൂടുതല്‍ നന്നായി ഇടതുപക്ഷപ്രസ്ഥാനത്തിന് വളരാന്‍ ആവശ്യമായ തിരുത്തലുകള്‍ എവിടെയൊക്കെയാണ് വേണ്ടതെന്ന് പരിശോധനയില്‍ കണ്ടെത്തും. ജനവിശ്വാസം കൂടുതലായി ആര്‍ജിക്കാന്‍ കഴിയണം. പ്രത്യേക പരിശോധന നടത്തേണ്ട സ്ഥലങ്ങളില്‍ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാകും പരിശോധന. മറ്റ് സ്ഥലങ്ങളിലും പരിശോധന നടക്കും. കൊല്ലത്ത് പ്രേമചന്ദ്രനെ വിശേഷിപ്പിച്ച പദം തെരഞ്ഞെടുപ്പുതോല്‍വിക്ക് കാരണമായെന്ന് പാര്‍ടി കരുതുന്നില്ലെന്ന് പിണറായി ചോദ്യത്തിന് മറുപടി നല്‍കി. അയാളെ വിശേഷിപ്പിക്കാന്‍ അര്‍ഹതയുള്ള പദമാണത്. അത് ദോഷംചെയ്തില്ലെന്നാണ് കരുതുന്നത്.

അമൃതാനന്ദമയി മഠത്തെ സംബന്ധിച്ച കൈരളി ടിവി പരിപാടി തെരഞ്ഞെടുപ്പില്‍ ദോഷം വരുത്തിയതായി പാര്‍ടി വിലയിരുത്തിയിട്ടില്ല. പാലക്കാട്ട് സിപിഐ എം നല്ല നിലയിലാണ് വിജയിച്ചത്. അവിടെയും അമൃതാനന്ദമയിയുടെ അനുയായികളുണ്ട്. കുണ്ടറയിലെ വോട്ടുകുറവ് കാരണം എം എ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ടി കാണുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വ്യത്യസ്തമായാണ് ജനങ്ങള്‍ കാണുന്നത്. ഇവയിലെ വോട്ടിങ് പാറ്റേണ്‍ വ്യത്യസ്തമാണ്. കേരളത്തില്‍ ഇതൊരു പരമ്പരാഗതരീതിയാണ്. കൊല്ലത്ത് തോറ്റത് ആര്‍എസ്പി എല്‍ഡിഎഫില്‍നിന്ന് പോയതുകൊണ്ടാണെന്ന് കരുതുന്നില്ല. ആര്‍എസ്പി വിടാന്‍ പാടില്ലായിരുന്നു. കൊല്ലത്ത് യുഡിഎഫ് വിജയത്തിന് കാരണമായ പ്രാദേശികഘടകങ്ങള്‍കൂടി പരിശോധിക്കണം. കൊല്ലത്ത് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ ജാഗ്രതക്കുറവ് കണ്ടില്ല. യുഡിഎഫിലേക്ക് രണ്ട് എംഎല്‍എമാരെ കണ്ടിട്ടാണ് ആര്‍എസ്പിയെ കൂറുമാറ്റിയത്. സോളാര്‍ അഴിമതിയടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫ് ശരിയായി ഉന്നയിച്ചു. എന്നാല്‍, അതൊന്നുമല്ല പ്രശ്നങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ പ്രചാരണം നടന്നു. യുഡിഎഫിന് അത് ഗുണമായി. എല്‍ഡിഎഫ് തോറ്റ മണ്ഡലങ്ങളില്‍ അത് ഏതെങ്കിലും ഘടകകക്ഷിയുടെ പ്രവര്‍ത്തനംകൊണ്ടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി. വടകരയില്‍ ആര്‍എംപിയും വെല്‍ഫെയര്‍ പാര്‍ടിയും യോജിച്ചാണ് മത്സരിച്ചത്. അവിടെ ആര്‍എംപിയുടെ വോട്ട് യുഡിഎഫിനാണ് പോയതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment