Sunday, May 25, 2014

ജനവിരുദ്ധ സാമ്പത്തികനയങ്ങളില്‍നിന്ന് പിന്മാറുക: എന്‍ജിഒ യൂണിയന്‍

കോട്ടയം: 20 വര്‍ഷമായി രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തില്‍ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണന്ന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു. ജനജീവിതം ദുഷ്കരമാക്കുന്ന സാമ്പത്തിക പരിഷ്ക്കരണ നടപടികളില്‍നിന്ന് പിന്‍മാറണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഫലമായി സാധാരണക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് തുടച്ചു മാറ്റി. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്ള സബ്സിഡികളില്‍ 78000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. 2009നും 2013നും ഇടയില്‍ അവര്‍ക്കായി നികുതി വരുമാനത്തില്‍ 21 ലക്ഷം കോടിരൂപ ഇളവുചെയ്തു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയാണ് ഇത്രയും വലിയ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണവും ഓഹരി വില്‍പ്പനയും അഭംഗുരം തുടരുകയാണ്. 2009നും 2013നും ഇടയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ 91000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

ബിജെപിയുടെ സഹായത്തോടെ പാസാക്കിയ ബാങ്കിങ് റഗുലേഷന്‍ ഭേദഗതി നിയമം പൊതുമേഖലാ ബാങ്കുകളെ സ്വദേശ-വിദേശ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കും. യുപിഎ ഭരണകാലത്തെ വന്‍കിട ബിസിനസുകാരും ഭരണ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് മോഡി ഭരണകാലത്തും തുടരുമെന്ന് വ്യക്തമായ സൂചനകളുണ്ട്. ഭൂപരിഷ്ക്കരണ നിയമത്തെ പോലും അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ കടഭാരം ആശങ്കാജനകമാണെന്നും പ്രയേമത്തില്‍ പറഞ്ഞു.

ബിജെപിയെ അധികാരത്തിലെത്തിച്ചത് യുപിഎയുടെ ജനദ്രോഹം: എസ് ആര്‍ പി

കോട്ടയം: പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിലെ അഴിമതിയും ജനദ്രോഹനയങ്ങളും ബിജെപിയെ അധികാരത്തിലെത്തിച്ച മുഖ്യഘടകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. എന്‍ജിഒ യൂണിയന്‍ 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നടപ്പാക്കിയ നവലിബറല്‍ നയങ്ങളും കോര്‍പറേറ്റുകള്‍ മോഡിക്ക് നല്‍കിയ അകമഴിഞ്ഞ സഹായവും ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടി. യുപിഎ സര്‍ക്കാര്‍ സര്‍വമേഖലകളിലും നാശം വിതച്ചു. 2008 മുതല്‍ രാജ്യത്ത് ശക്തിപ്പടുത്തിയ സാമ്പത്തിക നയം വികസനം മുരടിപ്പിച്ചു. ഇതിനെതിരെ മോഡിയും കൂട്ടരും വ്യാപകപ്രചാരണം സംഘടിപ്പിച്ചു. ഗുജറാത്ത് മോഡല്‍ എന്ന് പ്രചരിപ്പിച്ച് ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിച്ചു. അഴിമതി, മതം, ജാതി, രാജ്യത്തിന്റെ പൊതുവായ പിന്നോക്കാവസ്ഥ, ഭൂരിപക്ഷ വര്‍ഗീയതയുടെ ലഹരി എന്നിവ രാജ്യത്താകമാനം കോര്‍പറേറ്റുകളുടെ സഹായത്താല്‍ ഒന്നര വര്‍ഷമായി അവര്‍ പ്രചരിപ്പിച്ചു. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ കാര്‍ഷിക മേഖല തകര്‍ന്നതും വ്യവസായ വളര്‍ച്ച കുറഞ്ഞതും രൂപയുടെ മൂല്യം ഇടിഞ്ഞതും കോര്‍പറേറ്റുകള്‍ക്ക് നഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലും കൂടിയാണ് കോര്‍പറേറ്റുകള്‍ മോഡിയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അവിടേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞു. അതിനെ നേരിടാന്‍ 2003 മുതല്‍ മോഡി ശ്രമം തുടങ്ങി. കോര്‍പറേറ്റ് മുതലാളിമാരെ എല്ലാ സഹായവും വാഗ്്ദാനം ചെയ്ത് ഗുജറാത്തിലേക്ക് മാടി വിളിച്ചു. 2009, 2011, 2013 വര്‍ഷങ്ങളില്‍ നടന്ന കോര്‍പറേറ്റുകളുടെ സമ്മേളനത്തില്‍ മോഡിയെ രാജക്കന്‍മാരുടെ രാജാവായി പാടിപ്പുകഴ്ത്തി. രാജ്യം കൂടുതല്‍ വലതുപക്ഷത്തേക്ക് നീങ്ങുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കോര്‍പറേറ്റുകളുടെ പിടി കൂടുതല്‍ മുറുകും. ജനാധിപത്യ അവകാശവും പൗരാവകാശവും ഇല്ലാതാക്കും. ചൂഷണം വര്‍ധിക്കും. ഭൂരിപക്ഷ വര്‍ഗീയത അതിവേഗം കരുത്താര്‍ജ്ജിക്കും; അത് തീവ്രവാദത്തെ വളര്‍ത്തും. മതനിരപേക്ഷത ആക്രമിക്കപ്പെടും. ജനകീയ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തും. ഇതിനെല്ലാമെതിരെ യോജിപ്പിന്റെ ആശയം മുന്‍ നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പോരാട്ടം ശക്തിപ്പെടുത്തണം. ഇതില്‍ സംഘാടകനും സംയോജകനുമായി ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

deshabhimani

No comments:

Post a Comment