Thursday, May 22, 2014

ക്യാബിനറ്റ് മന്ത്രിമാര്‍ കുറയും; മന്ത്രാലയങ്ങള്‍ സംയോജിപ്പിക്കും

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം കുറയ്ക്കും. വിവിധ മന്ത്രാലയങ്ങള്‍ സംയോജിപ്പിക്കാനും നീക്കങ്ങള്‍ തുടങ്ങി. എന്നാല്‍, സഹമന്ത്രിമാരുടെ എണ്ണം കുറയ്ക്കില്ല. എന്‍ഡിഎ ഘടകകക്ഷികള്‍ക്കെല്ലാം പങ്കാളിത്തം നല്‍കും. ആഭ്യന്തരമന്ത്രാലയം വിഭജിച്ച് ആഭ്യന്തരസുരക്ഷ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയേക്കും. ഒരു സഹമന്ത്രിക്കാകും ചുമതല. ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 20 ല്‍ ഒതുക്കും. റെയില്‍വേ, ഉപരിതല ഗതാഗതം, ഷിപ്പിങ് എന്നീ മന്ത്രാലയങ്ങളുടെ സംയോജനം അജന്‍ഡയിലുണ്ട്. വിദേശകാര്യവും വാണിജ്യവും തമ്മില്‍ കൂട്ടിച്ചേര്‍ത്തേക്കും. ഗ്രാമവികസനവും പഞ്ചായത്തിരാജും തമ്മിലും സിവില്‍ വ്യോമയാനവും വിനോദസഞ്ചാരവും തമ്മിലും സംയോജിപ്പിക്കും. ട്ഊര്‍ജ, പാരമ്പര്യേതര ഊര്‍ജമന്ത്രാലയങ്ങളെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി കൂടിച്ചേര്‍ക്കാനും സാധ്യതയുണ്ട്.

ആഭ്യന്തരമന്ത്രാലയത്തെ വിഭജിക്കാന്‍ സജീവമായ ആലോചനകളാണ് നടക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തെ പുനഃസംഘടിപ്പിച്ച് ദേശീയ ഭീകരവിരുദ്ധകേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കാനുള്ള നിര്‍ദേശം 2009ല്‍ പി ചിദംബരം മുന്നോട്ടുവച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി എ കെ ദോവലുമായി മോഡി നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനം കടന്നുവന്നതായി റിപ്പോര്‍ട്ടുണ്ട്്. ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമിയും മോഡിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ശിവസേനയ്ക്കും അകാലിദളിനും ഒപ്പം തെലുങ്കുദേശം, എല്‍ജെപി പാര്‍ടികള്‍ക്കും ക്യാബിനറ്റില്‍ പ്രാതിനിധ്യം ലഭിക്കും. മറ്റു സഖ്യകക്ഷികള്‍ക്ക് സഹമന്ത്രിസ്ഥാനങ്ങളേ ലഭിക്കൂ. 29 എന്‍ഡിഎ സഖ്യകക്ഷികള്‍ക്കായി 54 എംപിമാരാണുള്ളത്. അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യനായിഡു, രവിശങ്കര്‍ പ്രസാദ്, സുബ്രഹ്മണ്യന്‍സ്വാമി, എം ജെ അക്ബര്‍, രാജീവ് പ്രതാപ് റൂഡി, ഉമാഭാരതി, നിതിന്‍ ഗഡ്കരി, ഡോ. ഹര്‍ഷ്വര്‍ധന്‍, വരുണ്‍ ഗാന്ധി അല്ലെങ്കില്‍ മനേക ഗാന്ധി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്.

സാജന്‍ എവുജിന്‍

പാര്‍ലമെന്ററി പാര്‍ടിയോഗത്തില്‍ നാടകീയരംഗങ്ങള്‍

ന്യൂഡല്‍ഹി: അതിവൈകാരികതയും നാടകീയതയും ചാലിച്ച് ബിജെപി പാര്‍ലമെന്ററി പാര്‍ടിയുടെ പ്രഥമയോഗം. നരേന്ദ്രമോഡിയും എല്‍ കെ അദ്വാനിയും രാജ്നാഥ്സിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തന്നെ നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുകാരായി. പാര്‍ലമെന്റ് ഹാളിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ മോഡി മുട്ടില്‍നിന്ന് പടിയില്‍ ചുംബിച്ചശേഷമാണ് ഉള്ളില്‍ കടന്നത്. തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായ രാജ്നാഥ്സിങ് ഇത് ചരിത്രമുഹൂര്‍ത്തമാണെന്ന് അവകാശപ്പെട്ടു. നരേന്ദ്രമോഡി ആദ്യമായാണ് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ എത്തുന്നതെന്ന് രാജ്നാഥ്സിങ് തുടര്‍ന്നു.

മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്തു വന്ന അദ്വാനിയെയാണ് മോഡിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായി നിര്‍ദേശിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്. തനിക്കും പാര്‍ടിക്കും ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാനുള്ള അവസരം ലഭിച്ചത് മോഡിയുടെ കൃപ കാരണമാണെന്ന് അദ്വാനി പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ അദ്വാനിയുടെ പരാമര്‍ശം സൂചിപ്പിച്ച മോഡി വിതുമ്പി. തനിക്ക് പാര്‍ടിയും രാജ്യവും മാതാവിന് തുല്യമാണെന്നും പാര്‍ടിസേവനം മാതൃസേവനമാണെന്നും മോഡി പറഞ്ഞു. മുതിര്‍ന്നനേതാവായ അദ്വാനി ഇങ്ങനെ പറഞ്ഞത് തന്നെ സങ്കടപ്പെടുത്തുന്നുവെന്നും മോഡി തുടര്‍ന്നു. കുറച്ചുനേരം നിശബ്ദനായി തലകുനിച്ച മോഡി പിന്നീട് സഹായിയില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു. ഇടറിയസ്വരത്തില്‍ പ്രസംഗം തുടര്‍ന്നു. മോഡിയുടെ ഭാവപ്രകടനം സദസ്സിനെയും കണ്ണീരണിയിച്ചു. പല നേതാക്കളും കണ്ണ് തുടയ്ക്കുന്നത് കാണാമായിരുന്നു. നേതാവിനെ തെരഞ്ഞെടുത്തശേഷം മോഡിയെ അഭിനന്ദിക്കവെ അദ്വാനിയും വിതുമ്പി. എന്നാല്‍, തുടര്‍ന്നുചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ മോഡി വളരെ സന്തോഷവാനായി കാണപ്പെട്ടു. അധ്യക്ഷന്‍ വിട്ടുപോയ പേരുകള്‍ പോലും വിളിച്ചു പരിചയപ്പെടുത്തി. രാഷ്ട്രപതിയെ കണ്ടിറങ്ങിയ മോഡി വിജയിയുടെ ഭാവത്തിലായിരുന്നു. നിയമന ക്കത്ത് മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കാനും മടിച്ചില്ല.

ഉന്നത തസ്തികകള്‍ അഴിച്ചുപണിത് മോഡി

കേന്ദ്ര സര്‍ക്കാരിലെ പ്രധാന തസ്തികകളില്‍ വിപുലമായ അഴിച്ചുപണിക്ക് നരേന്ദ്രമോഡി ഒരുങ്ങുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മോഡി തുടക്കമിട്ടു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നീ തസ്തികകളിലാണ് വിശ്വസ്തരെ പരിഗണിക്കുന്നത്. ആര്‍എസ്എസിന്റെയും അഭിപ്രായം കണക്കിലെടുത്താകും നിയമനങ്ങള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക് മുന്‍ ഐബി ഡയറക്ടര്‍ അജിത്ത് ദോവലിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. ദോവലുമായി കഴിഞ്ഞദിവസം ഗുജറാത്ത് ഭവനില്‍ മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിനെയും കണ്ടു. 1968 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ദോവല്‍ മിസോറം, പഞ്ചാബ്, കശ്മീര്‍, പാകിസ്ഥാന്‍, യുകെ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ചാണക്യപുരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ അധ്യക്ഷനാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അല്ലെങ്കില്‍ ആഭ്യന്തരസുരക്ഷയുടെ ചുമതലയുള്ള സഹമന്ത്രി എന്നീ പദവികളിലേക്കാണ് ദോവലിനെ പരിഗണിക്കുന്നത്.
അമേരിക്കയില്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന ഹര്‍ദീപ്സിങ് പുരി, മുന്‍ വിദേശസെക്രട്ടറി കന്‍വല്‍ സിബല്‍, അമേരിക്കയിലെ നിലവിലെ ഇന്ത്യന്‍ അംബാസഡര്‍ എസ് ജയ്ശങ്കര്‍ എന്നീ പേരുകളും ദേശീയസുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ബെയ്ജാളും മോഡിയുമായി കൂടിക്കാഴ്ച നടത്തിയ പ്രമുഖരില്‍ ഉള്‍പ്പെടും. ജവാഹര്‍ലാല്‍ നെഹ്റു നഗരപുനരുജ്ജീവന മിഷന്റെ ആസൂത്രകരിലൊരാളാണ് ബെയ്ജാള്‍. ഭമുന്‍ ട്രായ് സെക്രട്ടറിയും 1967 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ നൃപേന്ദ്ര മിശ്രയും മോഡിയെ കണ്ട് സംസാരിച്ചു.

പല ഗവര്‍ണര്‍മാരുടെയും ഭാവി തുലാസില്‍

കേന്ദ്രത്തില്‍ അധികാരമാറ്റമായതോടെ യുപിഎ സര്‍ക്കാര്‍ നിയമിച്ച പല ഗവര്‍ണര്‍മാരുടെയും ഭാവി തുലാസിലായി. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്, ഗുജറാത്ത് ഗവര്‍ണര്‍ കമല ബനിവാള്‍, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി, പഞ്ചാബ് ഗവര്‍ണര്‍ ശിവ്രാജ് പാട്ടീല്‍ എന്നിവരുടെ സ്ഥിതി പരുങ്ങലിലാണ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തൊട്ടുമുമ്പത്തെ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച എല്ലാ ഗവര്‍ണര്‍മാരെയും പുറത്താക്കിയിരുന്നു. ഇപ്പോള്‍ യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ പുറത്താക്കലിന് കാത്തിരിക്കുമോ അതോ രാജിവച്ചൊഴിയുമോ എന്നതാണ് കാണേണ്ടത്. നിയമപ്രകാരം ഗവര്‍ണര്‍മാര്‍ രാജിവയ്ക്കേണ്ടതില്ല. കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ തുടരാം. നിര്‍ബന്ധിച്ച് പറഞ്ഞുവിടാനുമാവില്ല. എന്നാല്‍, രാജിവച്ചൊഴിയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാം.

കേന്ദ്രത്തില്‍ അധികാരമാറ്റമായപ്പോള്‍തന്നെ ആസൂത്രണ കമീഷന്‍ അംഗങ്ങള്‍ രാജിവച്ചു. ഉപാധ്യക്ഷന്‍ മൊണ്ടെഗ്സിങ് അലുവാലിയയും അംഗങ്ങളായ ബി കെ ചതുര്‍വേദി, സൗമിത്ര ചൗധരി, സയ്യദ ഹമീദ്, നരേന്ദ്ര ജാദവ്, അഭിജിത്ത് സെന്‍, മിഹിര്‍ ഷാ, കെ കസ്തൂരിരംഗന്‍, അരുണ്‍ മെയ്ര എന്നിവരാണ് രാജിവച്ചത്. സി രംഗരാജന്റെ അധ്യക്ഷതയിലുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും രാജിവച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഇതുവരെ രാജിസന്നദ്ധത അറിയിച്ചിട്ടില്ല. ഗുജറാത്ത് ഗവര്‍ണര്‍ കമല ബെനിവാളിന് നിയുക്തപ്രധാനമന്ത്രി മോഡിയുമായി അത്ര നല്ല ബന്ധമല്ല. കര്‍ണാടകത്തില്‍ എച്ച് ആര്‍ ഭരദ്വാജും ബിജെപിയുടെ ശത്രുപട്ടികയിലാണ്. യെദ്യൂരപ്പയുമായി പലപ്പോഴും ഭരദ്വാജ് ഉടക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്നാണ് ഷീല ദീക്ഷിത് കേരളത്തില്‍ ഗവര്‍ണറായി എത്തിയത്. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയ ഒഴിവിലാണ് ഷീല നിയമിതയായത്. എന്നാല്‍, രാജ്ഭവനിലെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ കേന്ദ്രത്തിലെ ഭരണമാറ്റം ഷീലയ്ക്ക് തിരിച്ചടിയാവുകയാണ്. നിഖില്‍കുമാര്‍ ബിഹാറില്‍ തോറ്റു. ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെപ്പോലെ ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഗവര്‍ണര്‍പദവിയില്‍ എത്തിയവരും ഭീഷണിയിലാണ്. എന്നാല്‍, ഇവരില്‍ ചിലരെങ്കിലും ബിജെപി നേതൃത്വത്തോട് അടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment