പ്രതിരോധമേഖലയില്‍ നൂറുശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗിക നടപടി തുടങ്ങി. വാണിജ്യ-വ്യവസായമന്ത്രാലയം ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കി. അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചേക്കും. എല്ലാമേഖലകളിലും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് പ്രതിരോധ രംഗത്തെ നൂറു ശതമാനം നിക്ഷേപ നീക്കം. ആര്‍എസ്എസ് പിന്തുണയോടെയാണ് മോഡി സര്‍ക്കാര്‍ നവസാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്.
"ഞങ്ങള്‍ സാമ്പത്തിക മൗലികവാദികളല്ല" എന്നാണ് എഫ്ഡിഐയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗം രാം മാധവിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികനയം രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാം മാധവ് പറഞ്ഞു.
രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതിരോധമേഖലയില്‍ എഫ്ഡിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇത് 26 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് നൂറുശതമാനമാക്കുന്നത്. ഇക്കാര്യം അധികാരമേറ്റെടുത്തശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു.
പ്രതിരോധമേഖലയുടെ മരവിപ്പ് മറികടക്കാന്‍ വിദേശനിക്ഷേപമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബിജെപിയുടെ നിലപാട്. തീരുമാനം എത്രയുംവേഗം നടപ്പാക്കിയെടുക്കുക എന്ന തന്ത്രമാണ് ജെയ്്റ്റ്ലിക്ക് ധനമന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെ ചുമതലകൂടി നല്‍കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഇരുമന്ത്രാലയവും തന്റെ കീഴിലായതിനാല്‍ തടസ്സമില്ലാതെ ജെയ്റ്റ്ലിക്ക് മുന്നോട്ടുപോകാം. പ്രതിരോധമേഖലയില്‍ ഉടന്‍തന്നെ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തശേഷം അദ്ദേഹത്തെ മാറ്റാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആലോചിക്കുന്നത്.
എല്ലാ മേഖലയിലും 49 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍,സബര്‍ബന്‍ ഇടനാഴി, അതിവേഗപാത, തുറമുഖം, ഖനം, കെട്ടിടനിര്‍മാണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാകും ഇത്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുള്ള നീക്കവുമുണ്ട്. റോഡ്, ഊര്‍ജം, തുറമുഖപദ്ധതികളില്‍ നികുതിരഹിത ബോണ്ടുകളും ഇറക്കാനും മോഡിസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം റിസര്‍വ് ബാങ്കിന് അയക്കുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം സംഘടിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്യുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി പറഞ്ഞിരുന്നു.
deshabhimani
No comments:
Post a Comment