Wednesday, May 21, 2014

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം 23 മുതല്‍

കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 51ാം സംസ്ഥാന സമ്മേളനം 23 ന് കോട്ടയത്ത് തുടങ്ങും. 26 വരെയാണ് സമ്മേളനം. സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന നയങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന പശ്ചാത്തലത്തില്‍ സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ ഒന്നു മുതല്‍ ശമ്പള പരിഷ്ക്കരണം നടപ്പാക്കേണ്ടതാണ്. എന്നാല്‍ കമീഷനുള്ള ഓഫീസ് പോലും നല്‍കാതെ സര്‍ക്കാര്‍ കമീഷന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുയാണെന്ന് സംസ്ഥാന പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ പറഞ്ഞു.

യൂണിയന്റെ 1,40,921 അംഗങ്ങളെ പ്രതിനിധീകരിച്ച് 194 വനിതകളടക്കം 855 പേര്‍ പങ്കെടുക്കും. 23 ന് വൈകിട്ട് മൂന്നിന് കോട്ടയം സിവില്‍ സ്റ്റേഷനു മുന്നില്‍ കൊടി-കൊടിമര ജാഥകള്‍ സംഗമിക്കും. ഘോഷയാത്രയായി തിരുനക്കര മൈതാനിയിലെ സി എച്ച് അശോകന്‍ നഗറിലേക്ക് എത്തിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ ജെ തോമസ് പതാക ഉയര്‍ത്തും. 24 ന് രാവിലെ ഒമ്പതിന് മാമ്മന്‍മാപ്പിള ഹാളിലെ പി ആര്‍ രാജന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ പതാക ഉയര്‍ത്തും. പത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് "ഭരണം വികസനം സാമ്പത്തിക പ്രതിസന്ധി" എന്ന വിഷയത്തില്‍ സെമിനാര്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

25 ന് പകല്‍ രണ്ടിന് സുഹൃദ് സംഗമം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സി എച്ച് അശോകന്‍ നഗറില്‍ സാംസ്കാരിക സമ്മേളനം ചേരും. "സമൂഹം-രാഷ്ട്രീയം-സംസ്ക്കാരം- വര്‍ത്തമാനകാല സാഹചര്യം" എന്ന വിഷയത്തില്‍ സമ്മേളനം എന്‍ പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും. 26 ന് രാവിലെ പത്തിന് "പുതിയ സാഹചര്യത്തിലെ കടമകള്‍" എന്ന വിഷയത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം പ്രഭാഷണം നടത്തും. 11 ന് "സ്ത്രീ സുരക്ഷ-സാമൂഹ്യ ഇടപെടലിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ സെമിനാര്‍ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സഗ്വന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നെഹൃസ്റ്റേഡിയത്തിന് സമീപത്തുനിന്ന് പ്രകടനം തുടങ്ങും. അഞ്ചിന് തിരുനക്കര മൈതാനിയിലെ സിഎച്ച് അശോകന്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

deshabhimani

No comments:

Post a Comment