Saturday, May 24, 2014

ആറ്റിപ്രയിലെ മിന്നുന്ന വിജയം നുണപ്രചാരണത്തിനുള്ള മറുപടി

തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡിലെ മിന്നുന്ന ജയം എല്‍ഡിഎഫിനെതിരെ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് മുഖത്തടിച്ചുള്ള മറുപടി. സിപിഐ എം കൗണ്‍സിലറായിരുന്ന എം എസ് സംഗീതയുടെ വേദനാജനകമായ വേര്‍പാടിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി വാര്‍ഡ് പിടിച്ചെടുക്കുകയെന്ന നീചതന്ത്രമാണ് യുഡിഎഫും മാധ്യമങ്ങളും ഇവിടെ പയറ്റിയത്. വ്യക്തിപരമായ ചില പ്രശ്നങ്ങളാല്‍ നടന്ന ആത്മഹത്യയെ രാഷ്ട്രീയ ചേരുവ ചേര്‍ത്ത് എല്‍ഡിഎഫിനെതിരായ ആയുധമാക്കി. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ ദിവസങ്ങളോളം ഇതിന്റെ പേരില്‍ എല്‍ഡിഎഫിനെയും സ്ഥാനാര്‍ഥി ശോഭ ശിവദത്തിനെയും കുടുംബത്തെയും വേട്ടയാടി. ഈ വേട്ടയാടലുകള്‍ക്കു മുന്നില്‍ തെല്ലും പതറാതെ ഉറച്ച ചുവടുവയ്പോടെ എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനമാണ് മിന്നുന്ന വിജയത്തിന്റെ അടിസ്ഥാനം.

കഴിഞ്ഞ തവണ എം എസ് സംഗീത വെറും 181 വോട്ടിനാണ് വിജയിച്ചതെങ്കില്‍ ഇത്തവണ ശോഭ ശിവദത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയിലും കൂടുതല്‍ വര്‍ധിപ്പിച്ചു. 913 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 1310 വോട്ടും യുഡിഎഫിന് 1129 വോട്ടും ബിജെപി സ്വതന്ത്രന് 514 വോട്ടും കിട്ടിയിരുന്നു. യുഡിഎഫ്-ബിജെപി വോട്ട് ഒന്നിച്ചുകൂട്ടിയാല്‍ എല്‍ഡിഎഫ് 333 വോട്ടിനു പിറകില്‍. ഇത്തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെയും 83 വോട്ട് നേടിയ ആം ആദ്മിയുടെ കൂടി കൂട്ടിയാല്‍പ്പോലും എല്‍ഡിഎഫിന്റെ വോട്ടിനേക്കാള്‍ ഏറെ പിറകില്‍. കഴിഞ്ഞ തവണ കിട്ടിയ 1310 വോട്ട് ഇത്തവണ 1738 വോട്ടായാണ് എല്‍ഡിഎഫ് വര്‍ധിപ്പിച്ചത്. എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ യുഡിഎഫിന്റെ വോട്ട് 1129ല്‍ നിന്നും 770 ആയി നിലംപതിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ മേനി നടിച്ചിറങ്ങിയ ബിജെപിക്കാകട്ടെ വോട്ടില്‍ നേരിയ വര്‍ധന മാത്രമാണുണ്ടായതും. 514 എന്നത് 770 ആയി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആയിരുന്നു ഒന്നാം സ്ഥാനത്ത്. വാര്‍ഡിലെ അഞ്ച് ബൂത്തില്‍ മൂന്നിലും ബിജെപി ആയിരുന്നു മുന്നില്‍. എന്നാല്‍, അത് താല്‍ക്കാലിക വിജയം മാത്രമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ വിജയം.

എല്‍ഡിഎഫിനെയും സ്ഥാനാര്‍ഥിയെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിച്ചതിനു പുറമെ നുണപ്രചാരണങ്ങളുടെ വേലിയേറ്റമാണ് വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫും ബിജെപിയും നടത്തിയത്. സര്‍ക്കാര്‍ തയ്യാറാക്കിയ കഴക്കൂട്ടം മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ കോര്‍പറേഷന്‍ ഭരണത്തെ പ്രതിക്കൂട്ടിലാക്കി പ്രചാരണം നടത്തി. മാസ്റ്റര്‍ പ്ലാനില്‍പെടുന്ന ആറ്റിപ്രയിലെ ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനാണ് ശ്രമിച്ചത്. എന്നാല്‍, ഈ മാസ്റ്റര്‍ പ്ലാന്‍ കോര്‍പറേഷന്റെ സൃഷ്ടിയായിരുന്നില്ല. നഗരത്തിലെ മാലിന്യനീക്കം പാടെ പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് തന്ത്രത്തെതുടര്‍ന്നാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടിയെന്നുമാത്രമല്ല, ബദല്‍സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിക്കുകയുംചെയ്തു. മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉള്‍പ്പെടെ വാങ്ങി കമീഷന്‍ പറ്റുകയുംചെയ്തു. മാലിന്യ സംസ്കരണ പദ്ധതികള്‍ക്കെതിരെ എങ്ങും ജനപ്രതിഷേധം ഉയരാനും സംസ്ഥാന സര്‍ക്കാരിന്റെ വികലനയം നിമിത്തമായി. എന്നിട്ടും അതിന്റെ പേരിലും കോര്‍പറേഷനെ പഴിചാരി വോട്ട് നേടാന്‍ ശ്രമിച്ചു. സംസ്ഥാന ഭരണസംവിധാനം ദുരുപയോഗംചെയ്ത് കോര്‍പറേഷന്‍ ഭരണത്തെ പ്രതിസന്ധിയിലാക്കാനുള്ള തന്ത്രവും പയറ്റി. ഇതെല്ലാമാണ് ഒറ്റയടിക്ക് തകര്‍ന്നു തരിപ്പണമായത്

വിവാദങ്ങള്‍ക്കെതിരായ വിധിയെഴുത്ത്

കഴക്കൂട്ടം: വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനൊടുവില്‍ ആറ്റിപ്ര ചെങ്കടലായി. ശക്തമായ ത്രികോണമത്സരം നടന്ന ആറ്റിപ്രയില്‍ വിരുദ്ധശക്തികള്‍ക്ക് മറുപടിനല്‍കിക്കൊണ്ട് സിപിഐ എം വാര്‍ഡ് നിലനിര്‍ത്തി. പരാമ്പരാഗത ഇടതുകോട്ടയില്‍ വിള്ളലുണ്ടാക്കുന്ന പ്രതീതി ഉളവാക്കിയ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ആറ്റിപ്രയിലെ പാര്‍ടിപ്രവര്‍ത്തകര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ക്ഷീണമകറ്റി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ പാര്‍ടിക്ക് കഴിഞ്ഞു. 2005ല്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എസ് ശിവദത്ത് 1753 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ എം എസ് സംഗീതയായിരുന്നു വിജയി. സംഗീതയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് - ബിജെപി സഖ്യം നുണപ്രചാരണങ്ങള്‍ നടത്തുകയും സംഗീതയും അച്ഛനും അമ്മയും കോണ്‍ഗ്രസുകാരുടെ മോഹവലയത്തില്‍ അകപ്പെട്ട് ഇതിന്റെ ഭാഗമാകുകയുംചെയ്തു. എന്നാല്‍, ശിവദത്ത് ആറ്റിപ്ര വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കുപ്രചാരണങ്ങളെ അതീജിവിക്കുന്നതിനും വിജയത്തിനും അടിസ്ഥാനമായി. സംഗീതയുടെ മരണത്തിലൂടെ ഉണ്ടായ കള്ളപ്രചാരണങ്ങള്‍കൊണ്ട് മാനസികമായി തളര്‍ന്നു കഴിയുകയായിരുന്നു ശിവദത്തിന്റെ കുടുംബം. തെരഞ്ഞെടുപ്പ് വിജയം നുണപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് ശോഭ ശിവദത്ത് പറഞ്ഞു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച മകള്‍ ശരണ്യ ദത്തും തെരഞ്ഞെടുപ്പില്‍ അമ്മ ശോഭശിവദത്തും വിജയിച്ചതിന്റെ ഇരട്ടി ആഹ്ലാദത്തിലാണ് ശിവദത്തിന്റെ കുടുംബം. മകന്‍ ശരണ്‍ദത്ത് പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

നഗര ഭരണത്തിനുള്ള അംഗീകാരം

തിരു: മൂന്നരവര്‍ഷത്തെ നഗരഭരണത്തിനുള്ള അംഗീകാരമാണ് ആറ്റിപ്ര വാര്‍ഡില്‍ ഉണ്ടായ കണ്ണഞ്ചിപ്പിക്കുന്ന വിജയമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി വി എസ് പത്മകുമാര്‍ പറഞ്ഞു. നഗരം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നത്തില്‍പോലും രാഷ്ട്രീയം കാണുന്ന യുഡിഎഫിനെ ആറ്റിപ്ര ജനത മൂന്നാംസ്ഥാനത്താക്കി. യുഡിഎഫിനും ബിജെപിക്കും ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷം നല്‍കി ശോഭാ ശിവദത്തിനെ വിജയിപ്പിച്ച നാടിന് എല്‍ഡിഎഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ടി കടപ്പാട് അറിയിച്ചു.

ഒറ്റൂരില്‍ ഭൂരിപക്ഷം വര്‍ധിച്ചു

വര്‍ക്കല: എല്‍ഡിഎഫ് ഭരണനേതൃത്വത്തിലുള്ള വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ ഒറ്റൂര്‍ ഡിവിഷനില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഒറ്റൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസിന് വേരോട്ടമുള്ള വാര്‍ഡുകളില്‍പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എസ് രാജീവ് ഏറെ മുന്നേറി. ഒറ്റൂര്‍ ഡിവിഷനിലെ ഒമ്പത് വാര്‍ഡിലെയും ഓരോ വോട്ടര്‍മാരോടും രാജീവ് പ്രത്യേകം നന്ദി പറഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏറെ മുന്നിലുള്ള എല്‍ഡിഎഫ് ഭരണനേതൃത്വത്തിലുള്ള വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും വികസനത്തിന്റെ കാര്യത്തില്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രാജീവ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഫലപ്രഖ്യാപനം വന്നതോടെ, സിപിഐ എം വര്‍ക്കല ഏരിയസെക്രട്ടറി അഡ്വ. എസ് ഷാജഹാന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍കേന്ദ്രമായ മാവിന്‍മൂട് ജങ്ഷന്‍ മുതല്‍ കല്ലമ്പലം ജങ്ഷന്‍വരെ ആഹ്ലാദപ്രകടനം നടത്തി.

ചെമ്പകരാമന്‍തുറ വിജയം യുഡിഎഫിന് മുന്നറിയിപ്പ്

കോവളം: യുഡിഎഫ് ഭരണം നിലനില്‍ക്കുന്ന കരുംകുളം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് ഉണ്ടായ വമ്പിച്ച വിജയം. ഉപതെരഞ്ഞെടുപ്പില്‍ ചെമ്പകരാമന്‍തുറ വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ എസിന്റെ വിന്‍സെന്റ് സെബാസ്റ്റ്യന്‍ 40 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ എ ഫ്രാങ്ക്ളിനെ പരാജയപ്പെടുത്തിയത്. വിന്‍സെന്റ് സെബാസ്റ്റ്യന് 493 വോട്ടും എ ഫ്രാങ്ക്ളിന് 453 വോട്ടും ബിജെപി സ്ഥാനാര്‍ഥി സോളമന് 21 വോട്ടും വിന്‍സെന്റ് സെബാസ്റ്റ്യന്റെ അപരനായി മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി വിന്‍സെന്റ് തോമസിന് 16 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന എഡ്വേര്‍ഡിന്റെ മരണത്തെത്തുടര്‍ന്നാണ് ചെമ്പകരാമന്‍തുറ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എഡ്വേര്‍ഡ് 91 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലുണ്ടായ ഗംഭീരവിജയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെമ്പകരാമന്‍തുറയിലും കരുംകുളത്തും ആഹ്ലാദപ്രകടനം നടത്തി.

deshabhimani

No comments:

Post a Comment