Monday, May 26, 2014

മോഡി അറിയുന്നുണ്ടോ ഈ വൃദ്ധ മനസിന്റെ വേദന…

ആലപ്പുഴ: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക്‌ ഡൽഹി നഗരം ഒരുങ്ങുമ്പോൾ താമരക്കുളം എന്ന കൊച്ചുഗ്രാമത്തിൽ ഒരു വൃദ്ധമനസ്സ്‌ തേങ്ങുകയാണ്‌. `ആരെയൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ മോഡിക്ക്‌ ശിക്ഷ ഉറപ്പാണ്‌` – ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ പിതാവ്‌ ഗോപിനാഥപിള്ളയുടെ വാക്കുകളിൽ എല്ലാ നഷ്‌ടപ്പെട്ടതിന്റെ വേദന. വാർദ്ധക്യത്തിന്റെ അവശതകൾ മാറ്റി നിർത്തി നിയുക്ത ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരായ നിയമയുദ്ധത്തിന്‌ തയ്യാറെടുക്കുകയാണ്‌ ഈ 75 കാരൻ.

2004 ജൂൺ 15നായിരുന്നു നാടിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്‌. അഹമ്മദാബാദിലെ ഗാന്ധിനഗറിൽ പ്രാണേഷിനെ അടക്കം നാലുപേരെ ഗുജറാത്ത്‌ പൊലീസ്‌ വെടിവെച്ചുകൊന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനായി എത്തിയ ലഷ്‌ക്കർ ഭീകരരാണ്‌ ഇവരെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാൽ ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാനായി പ്രാണേഷ്‌കുമാർ മുസ്ളിം മതം സ്വീകരിച്ചതായിരുന്നു വർഗ്ഗീയ വാദികളായ ഗുജറാത്ത്‌ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്‌. പ്രാണേഷ്‌കുമാറിന്റെ മതംമാറ്റം എൻ എസ്‌ എസ്‌ കരയോഗം പ്രസിഡന്റായിരുന്ന ഗോപിനാഥപിള്ളയ്‌ക്കും കുടുംബത്തിനും ആദ്യം അംഗീകരിക്കാനായില്ല. എന്നാൽ ക്യാൻസർ രോഗം ബാധിച്ച്‌ മരണാസന്നയായി കിടക്കുന്ന മാതാവ്‌ സരസ്വതിഭായിയെ കാണാൻ പ്രാണേഷും ഭാര്യ സജിതയും എത്തിയപ്പോൾ പിണക്കം വാത്സല്യത്തിന്‌ വഴിമാറി. 2004 മെയ്‌ 30ന്‌ സ്വന്തം കാറിൽ നാട്ടിലെത്തിയ പ്രാണേഷും ഭാര്യയും ഗോപിനാഥപിള്ളയുടെയും കുടുംബത്തിന്റെയും ലാളനകൾ ഏറെ നുകർന്നാണ്‌ ജൂൺ 5ന്‌ മടങ്ങിയത്‌. അന്ന്‌ ഗോപിനാഥപിള്ള കൊടുത്തയച്ച തേങ്ങയേയും കുരുമുളകിനേയും മാരക​‍ായുധമായി ചിത്രീകരിച്ചായിരുന്നു ഗുജറാത്ത്‌ പൊലീസ്‌ എഫ്‌ ഐ ആർ തയ്യാറാക്കിയത്‌.

കുരുമുളകിനെ വെടിമരുന്നായും തേങ്ങയെ ബോംബായും മാറ്റിയ ഗുജറാത്ത്‌ പൊലീസിന്റെ തുടർ അന്വേഷണങ്ങളും പ്രഹസനമായി. നരേന്ദ്രമോഡിക്കൊപ്പം ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്‌ഷായ്‌ക്കും ഈ ക്രൂരകൃത്യത്തിൽ പങ്കുണ്ടെന്ന്‌ ഗോപിനാഥപിള്ള ഉറച്ച്‌ വിശ്വസിക്കുന്നു. തീവ്രവാദികളുടെ അച്ഛനെന്ന്‌ നാട്ടിൽ വിളിപ്പേഋ വീണപ്പോൾ ഗോപിനാഥപിള്ള പിന്നീട്‌ നിയമയുദ്ധത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.

വ്യാജ ഏറ്റുമുട്ടലിന്‌ നേതൃത്വം നൽകിയ ഡി ഐ ജി വൻസാരയുടെ മോഡിയുമായുള്ള അടുപ്പം സി ബി ഐ കണ്ടെത്തിയതോടെ ഗോപിനാഥപിള്ളയുടെ നിയമയുദ്ധത്തിൽ പൊൻതൂവലായിമാറി. കേസിന്റെ തുടർഘട്ടങ്ങളിൽ പ്രാണേഷിന്റെ നിരപരാധിത്വം കൂടുതൽ വെളിപ്പെട്ടതോടെ പരിഹസിച്ചവരും പിന്തുണയുമായെത്തി. നരേന്ദ്രമോഡിയുടെ നാടായ ഗുജറാത്തിൽ പോയി കേസ്‌ നടത്തുന്ന ഗോപിനാഥപിള്ള ഏറെ സാമ്പത്തിക പ്രതിസന്ധിയാണ്‌ നേരിടുന്നത്‌.

ബൈപ്പാസ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ഗോപിനാഥപിള്ളയുടെ ഏക വരുമാനം കർഷക പെൻഷൻ മാത്രമാണ്‌. കുടുംബസ്വത്ത്‌ മക്കൾക്കായി വീതം വെച്ചപ്പോൾ പ്രാണേഷിന്റെ കുടുംബത്തിനും അർഹമായ ഓഹരി നൽകി. ഇപ്പോൾ പൂനയിൽ സ്ഥിരതാമസമാക്കിയ പ്രാണേഷിന്റെ ഭാര്യ സജിതയേയും മക്കളായ അബൂബക്കർ, സൈനബ്‌, മൂസ എന്നിവരെയും കാണാനായി ഗോപിനാഥപിള്ള പോകാറുണ്ട്‌.ഗുജറാത്ത്‌ ഹൈക്കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കാനായി ഇരിക്കെ ഇനിയുള്ള യുദ്ധം ഇന്ത്യൻ പ്രധാനമന്ത്രിയോടാണെന്ന സത്യം ഈ വൃദ്ധനെ തളർത്തുന്നില്ല.

ടി കെ അനിൽകുമാർ Janayugom

No comments:

Post a Comment