Friday, May 23, 2014

തൊഴിലുറപ്പില്‍ ഇനി 100 ദിനം കിട്ടില്ല

കേന്ദ്രസര്‍ക്കാരിന്റെ ദയനീയ തോല്‍വിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാരം നിരാലംബരായ തൊഴിലുറപ്പു തൊഴിലാളികളോട്. പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരമേറുംമുമ്പേ കേരളത്തില്‍ തൊഴിലുറപ്പു പദ്ധതി നിശ്ചലമാക്കാനുള്ള നീക്കമാണ് ആരംഭിച്ചത്. ഇവിടത്തെ സവിശേഷ സാഹചര്യത്തില്‍ ഉണ്ടായിരുന്ന പ്രത്യേക ആനുകൂല്യങ്ങളെല്ലാം സംസ്ഥാനം നിര്‍ത്തലാക്കി. ഇതുമൂലം 100 ദിനങ്ങള്‍ തൊഴില്‍ ലഭിക്കുന്നത് ഇല്ലാതാകും. ഗ്രാമവികസനമന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശത്തെതുടര്‍ന്ന് റൂറല്‍ ഡെവലപ്മെന്റ് കമീഷണറേറ്റ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെയും പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ ജില്ലാതലത്തില്‍ വിളിച്ചാണ് പ്രത്യേക ഇളവുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

തൊഴിലുറപ്പു നിയമത്തിന്റെ പട്ടിക ഒന്നിലാണ് തൊഴില്‍ ഇനങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് വര്‍ഷം നൂറുദിവസം തൊഴില്‍ ഉറപ്പുവരുത്താനായി നല്‍കുന്ന ജോലികള്‍ പട്ടിക ഒന്ന് പ്രകാരമായിരിക്കണം. ദേശീയസാഹചര്യവും മൊത്തംസംസ്ഥാനങ്ങളുടെ പൊതുസാഹചര്യവും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയത്. ഇതുപ്രകാരം കേരളത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ പത്തു ദിവസംപോലും തൊഴില്‍ നല്‍കാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷംവരെ ഒരു പദ്ധതിയില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാകുന്ന പ്രവൃത്തി ഏറ്റെടുക്കാനാകും. ഇവിടെ ജനസാന്ദ്രതയും ഭൂമിശാസ്ത്ര പ്രത്യേകതകളും കാരണം ചെറിയ പദ്ധതികളിലേ മനുഷ്യാധ്വാനം വിനിയോഗിക്കാനാകൂ. പദ്ധതി കാര്യക്ഷമമാക്കാനായി 2008 മുതല്‍ കേരളത്തില്‍ ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിരുന്നു. പട്ടിക ഒന്നിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പ്പെടുത്തിയാണ് ഇളവുകള്‍ അനുവദിച്ചത്. കൃഷിപ്പണിയും റോഡ് നിര്‍മാണവും തോട് ആഴംകൂട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അതോടെ രജിസ്റ്റര്‍ചെയ്തവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കാന്‍ തുടങ്ങി. ഈ പ്രത്യേക ഇളവുകളാണ് ഉപേക്ഷിക്കുന്നത്.
 
പട്ടിക ഒന്ന് നിര്‍ബന്ധമാക്കുന്നതോടെ പഞ്ചായത്ത്, പിഡബ്ല്യുഡി, നാഷണല്‍ ഹൈവേ റോഡുകളില്‍ ഒരു ജോലിയും പറ്റില്ല. ഓടനിര്‍മിക്കല്‍, കാടുവെട്ടല്‍, റോഡ് അറ്റകുറ്റപ്പണി എന്നിവയായിരുന്നു റോഡുകളില്‍ തൊഴിലുറപ്പു പദ്ധതി ജോലികള്‍. തോടുകളുടെ ആഴം വര്‍ധിപ്പിക്കാനും മാലിന്യം നീക്കംചെയ്യാനും കഴിയുമായിരുന്നു. ഇനി തോടിന് അരിക് കെട്ടല്‍മാത്രമേ അനുവദിക്കൂ. കൃഷിപ്പണിയാണ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയിരുന്നത്. തെങ്ങിന് തടം എടുക്കല്‍, റബറിന് പ്ലാറ്റ്ഫോം കിളയ്ക്കല്‍ എന്നിവ പദ്ധതിയില്‍പ്പെടുത്തി. ഒരു വര്‍ഷം പണി എടുത്ത കൃഷിയിടത്തില്‍ പിന്നീട് ഒരിക്കലും പണിയെടുക്കാന്‍ പറ്റില്ല. എപിഎല്‍ വിഭാഗങ്ങളുടെ കൃഷിയിടത്തിലേ ജോലി പറ്റൂ. അതും ഒരിക്കല്‍ചെയ്താല്‍ വീണ്ടും പറ്റില്ല. കേരളത്തില്‍ എപിഎല്‍ വിഭാഗക്കാരുടെ കൃഷിയിടങ്ങളിലെല്ലാം മൂന്നുവര്‍ഷമായി തൊഴിലുറപ്പു തൊഴിലാളികള്‍ പണിയെടുക്കുന്നതിനാല്‍ പുതിയ കൃഷിയിടം കണ്ടെത്തലും അസാധ്യമാണ്. നൂറുദിവസം തൊഴില്‍ എങ്ങനെ 28 ലക്ഷം കുടുംബത്തിന് നല്‍കുമെന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ ചോദ്യത്തിന് 100 ദിനം നിര്‍ബന്ധമില്ലെന്ന മറുപടിയാണ് ഗ്രാമവികസനവകുപ്പ് നല്‍കിയത്.

എം വി പ്രദീപ് deshabhimani

No comments:

Post a Comment