Sunday, February 14, 2021

ഒറ്റ അജൻഡ , 
വികസനം ; വർഗീയതയിൽ വിട്ടുവീഴ്‌ചയില്ല , വിവാദങ്ങളല്ല ചർച്ച, ക്ഷേമത്തിന്‌ ഊന്നൽ

അളന്നുമുറിച്ച വാക്കുകളിൽ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അക്കമിട്ട്‌ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ്‌ പ്രചാരണ അജൻഡ നിശ്ചയിച്ചു. ക്ഷേമ പെൻഷൻ മുതൽ കെ ഫോൺ വരെയുള്ള നേട്ടങ്ങൾ വിശദീകരിച്ച്‌ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്‌ കാഹളം മുഴക്കി. വിവാദങ്ങളല്ല, വികസനം തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പിലും ചർച്ച ചെയ്യുകയെന്ന വ്യക്തമായ സൂചനയാണ്‌ മഞ്ചേശ്വരത്ത്‌ എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിച്ചത്‌.

വർഗീയതയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ തുടരുമെന്ന്‌ വ്യക്തമാക്കിയ മുഖ്യമന്ത്രി പൗരത്വബില്ലിലടക്കം സർക്കാരിന്റെ നിശ്ചയദാർഢ്യം ആവർത്തിച്ചു. കഴിഞ്ഞ അഞ്ച്‌ വർഷം സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ്‌, യുഡിഎഫിനെയും  ബിജെപിയെയും രൂക്ഷമായി നേരിട്ടു.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം കോവിഡ്‌ കാലത്തെ ക്ഷേമ നടപടികളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന വ്യക്തമായ സൂചനയാണ്‌ അദ്ദേഹം നൽകിയത്‌. മുൻ സർക്കാരിന്റെ അവസാന കാലത്ത്‌ ‘ഈ നാശം ഒഴിഞ്ഞുപോയാൽ മതി’യെന്നാണ്‌ ജനങ്ങൾ ആശിച്ചത്‌.  ഇന്ന്‌ നിരാശയ്‌ക്ക്‌ പകരം പ്രത്യാശയുടെ നാളുകളാണെന്ന്‌ വിശദീകരിച്ചു.

ഗെയിൽ, കെ റെയിൽ, ജലപാത, കെ ഫോൺ, ലൈഫ്‌.... എന്നിങ്ങനെ ഓരോന്നായി നിരത്തിയ മുഖ്യമന്ത്രി, ക്ഷേമ പെൻഷൻ വർധിപ്പിച്ചതും കോവിഡ്‌ കാലത്തെ റേഷൻ വിതരണവും  ഓർമിപ്പിച്ച്‌ സർക്കാരിന്റെ കരുതലിലേക്കാണ്‌ വിരൽ ചൂണ്ടിയത്‌.  വോട്ടുതട്ടാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ്‌‌ വർഗീയതയെ ചെറുക്കുമെന്ന്‌ ഉറച്ച വാക്കുകൾ.  കോവിഡ്‌ വാക്‌സിൻ നൽകുന്നത്‌ പൂർത്തിയാക്കിയാൽ അടുത്തത്‌ പൗരത്വ ബിൽ നടപ്പാക്കലാണ്‌ ലക്ഷ്യമെന്ന കേന്ദ്രമന്ത്രി അമിത്‌ഷായുടെ നിലപാടിന്  ‘പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല എന്ന്‌ പറഞ്ഞാൽ നടപ്പാക്കില്ല എന്ന്‌ തന്നെ ’ എന്നായിരുന്നു സംശയമേതുമില്ലാത്ത പ്രഖ്യാപനം.  നേട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പിൽ വർഗീയതയും മതനിരപേക്ഷ നിലപാടും പൗരത്വ ഭേദഗതി ബില്ലും ചർച്ചയാകുമെന്നാണ്‌ വാക്കുകൾ നൽകുന്ന സൂചന. 

ഭരണത്തുടർച്ചയെന്നത്‌ മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നമെന്നായിരുന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ  പ്രതികരണം. യുഡിഎഫിന്റേതല്ല‌ എൽഡിഎഫിന്റെ അടിവേരാണ്‌ ഇളകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ  മറുപടി.

കെ ശ്രീകണ‌്ഠൻ

No comments:

Post a Comment