Wednesday, February 10, 2021

തൊഴിലന്വേഷകർ കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് ‌ ഡോ.തോമസ് ഐസക്ക് എഴുതുന്നു

 പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും.  അത് പ്രകടിപ്പിക്കാനും തൊഴിൽ ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യാനും സമ്മർദ്ദം ചെലുത്താനും അവർക്ക് എല്ലാ അവകാശവുമുണ്ട്.  

അതേസമയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സർക്കാർ ജോലിയിലൂടെ മാത്രം പരിഹാരം കാണാൻ കഴിയില്ല എന്നതും യാഥാർത്ഥ്യമാണ്. അതിന് വിപുലമായ മറ്റൊരു പരിപാടി ഉണ്ടാവണം. അത്തരമൊരു കൃത്യമായ ഒരു പദ്ധതി ഇത്തവണത്തെ  ബജറ്റിലൂടെ മുന്നോട്ടു വെച്ചിട്ടുണ്ട്. 

പത്രത്തിലൊക്കെ ഒന്നാംപേജിൽ പരാമർശിക്കപ്പെട്ടതുകൊണ്ട് ലയ രാജേഷിനെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രദ്ധിച്ചുതന്നെ വായിച്ചു. തൃശൂർ ജില്ലയിലെ 2018ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ 583-ാം പേരുകാരിയാണ് ഈ കുട്ടി. അവർക്ക് ഇതുവരെ നിയമനം ലഭിച്ചില്ല. "ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല" എന്ന് അവർ പറഞ്ഞതായാണ് റിപ്പോർട്ടിൽ കണ്ട ഒരു വാചകം. 

വിനയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. ഇതൊരു ദുർവാശിയാണ്. ഓർക്കുക. റാങ്ക് ലിസ്റ്റിലെ സ്ഥാനം 583 ആണ്.  അന്വേഷിച്ചപ്പോൾ 405 വരെ നിയമനം നടന്നിട്ടുണ്ട്. ഇനിയും ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് അനുസരിച്ച് ബാക്കിയുള്ളവർക്ക് നിയമനം നൽകാൻ തടസവുമില്ല. എല്ലാ ലിസ്റ്റും ആറു മാസം നീട്ടിയിട്ടുമുണ്ട്.

ക്രമം ലംഘിച്ച് തനിക്ക് താഴെയുള്ള ആർക്കെങ്കിലും ജോലി നൽകിയതായി അവർക്ക് പരാതിയില്ല. റിപ്പോർട്ടു ചെയ്യപ്പെട്ട ഒഴിവുകൾ പൂഴ്ത്തിവെച്ച് നിയമനം വൈകിക്കുന്നു എന്ന പരാതിയുമില്ല. വ്യവസ്ഥാപിതമായിത്തന്നെയാണ് പിഎസ് സി പ്രവർത്തിക്കുന്നത് എന്നല്ലേ അതിനർത്ഥം. അക്കാര്യത്തിൽ സമരക്കാർക്കുപോലും എതിരഭിപ്രായമില്ല.

ലയയുടേതായി റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു വാചകം ഇങ്ങനെയാണ്...

 "രണ്ടര വർഷം മുൻപിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂർ ജില്ലയിൽ 583 ആണ് എന്റെ റാങ്ക്".

വൈകാരികത മാറ്റിവെച്ച് ശാന്തമായി ആലോചിക്കാൻ സമരരംഗത്തു നിൽക്കുന്നവരോട് വിനയപൂർവം അഭ്യർത്ഥിക്കട്ടെ. തനിക്ക് ജോലി കിട്ടേണ്ട സമയം ഇത്തരത്തിൽ പ്രതീക്ഷിക്കുന്നതിലെ യുക്തിയെന്താണ്? ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ചു മാത്രമല്ലേ, പിഎസ് സിയ്ക്കു നിയമന ഉത്തരവു നൽകാൻ കഴിയൂ. 

അതുകൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ കാലതാമസമുണ്ടോ എന്നും റിപ്പോർട്ടു ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനം നൽകാൻ വൈകുന്ന സ്ഥിതിയുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിച്ചത്. ഒരു അസ്വാഭാവികതയും അതിലില്ല എന്നതാണ് വാസ്തവം.

തൃശൂർ ജില്ലയിൽ അനുവദിക്കപ്പെട്ട ആകെ ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ എണ്ണം ആയിരത്തി ഇരുനൂറിൽ താഴെയാണ്. ഈ ഒഴിവുകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ  വിരമിക്കുന്ന ഒഴിവുകളിലേയ്ക്കല്ലേ പുതിയ ആളുകളെ നിയമിക്കാൻ കഴിയൂ. ഈ ലിസ്റ്റിൽ ഇതിനകം 405 പേരെ നിയമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കരുത്. 

ഒരു കാര്യം കൂടി മനസിലാക്കണം.  ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്കുള്ള പരീക്ഷ നേരത്തെ ബിരുദധാരികൾക്കും  എഴുതാമായിരുന്നു. ഉയർന്ന യോഗ്യതയുള്ളവർ ലിസ്റ്റിൽ മുന്നിൽ വരികയും ആദ്യത്തെ നിയമനം അവർക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. മറ്റ് ഉയർന്ന ജോലി ലഭിക്കുമ്പോൾ ഇക്കൂട്ടർ Relinquish ചെയ്യും. അല്ലെങ്കിൽ ജോയിൻ ചെയ്യാതെ  NJ D ആകും. അങ്ങനെ വരുന്ന ഒഴിവുകൾ താഴെയുള്ള റാങ്കുകാർക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാകും. 

എന്നാൽ ബിരുദമടക്കം ഉയർന്ന യോഗ്യതയുള്ളവർക്ക് ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക്  അപേക്ഷിക്കാനാവില്ല. തന്മൂലം മുകളിൽ സൂചിപ്പിച്ച സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകളുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട്, മുൻ ലിസ്റ്റുകളുടെ കാലത്ത് ഉണ്ടായതുപോലെ താഴ്ന്ന റാങ്കുകാർക്ക് ജോലി കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല.

ഓർക്കുക. മുൻ ലിസ്റ്റുകളുടെ കാലത്ത് ആയിരം റാങ്കു കിട്ടിയ ആളിന് ജോലി ലഭിച്ചത്, ആയിരം ഒഴിവുകൾ ഉണ്ടായതുകൊണ്ടല്ല. റിപ്പോർട്ടു ചെയ്യപ്പെടുന്ന വേക്കൻസികൾ ഇപ്പോഴത്തേതുപോലെ തന്നെയായിരിക്കും. അതുകൊണ്ട് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചില്ലെങ്കിൽ ഇനി പരീക്ഷയേ എഴുതില്ല എന്നൊക്കെ വാശി പിടിക്കുന്നത് മണ്ടത്തരമല്ലേ. കൂടുതൽ ഉയർന്ന റാങ്ക് നേടാൻ പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ഒഴിവുകൾ മനപ്പൂർവം റിപ്പോർട്ടു ചെയ്യാതിരിക്കുകയോ റിപ്പോർട്ടു ചെയ്ത ഒഴിവുകൾ പൂഴ്ത്തിവെയ്ക്കുകയോ ചെയ്യുന്ന സാഹചര്യം കേരളത്തിൽ വ്യാപകമായി നിലനിൽക്കുന്നുവെന്ന ആക്ഷേപം ഉത്തരവാദിത്തത്തോടെ ആരും ഇതേവരെ ഉന്നയിച്ചിട്ടില്ല. കാരണം, പൊതുവിൽ അങ്ങനെയൊരു സ്ഥിതി ഇല്ല തന്നെ. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ചു ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

അതു തന്നെ വീണ്ടും ആവർത്തിക്കുന്നു.

ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്

No comments:

Post a Comment