പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം എന്ന മറവിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഇരച്ചെത്തിയ കെഎസ്‌യുക്കാർ ഭരണസിരാകേന്ദ്രം ഉൾപ്പെടെ തലസ്ഥാന നഗരത്തെ അക്ഷരാർഥത്തിൽ കലാപകലുഷിതമാക്കി. തോൽവി മണത്തുകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ അഴിഞ്ഞാട്ടത്തിൽ വനിതകളുൾപ്പെടെ നിരവധി പൊലീസുകാർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ എട്ടുപേർ ആശുപത്രിയിലാണ്. മുൻകൂട്ടി ശേഖരിച്ചുവച്ച കൂറ്റൻ മുളവടികളും കല്ലുകളുമായി എത്തിയ കെഎസ്‌യുക്കാർ സേനാംഗങ്ങളെ കടന്നാക്രമിക്കുകയായിരുന്നു. സമരപ്പന്തലിലെ കസേരകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞു. കലാപത്തിന് കോപ്പുകൂട്ടുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചതിനാൽ കുഴപ്പം പടർത്തി മുതലെടുക്കാനുള്ള പദ്ധതി പൊളിഞ്ഞു.
ബോധപൂർവം പ്രകോപനമുണ്ടാക്കാൻ പൊലീസുകാരെ തള്ളിയിട്ടും കല്ലെറിഞ്ഞു വീഴ്‌ത്തിയും സംഘടിതമായി മർദിച്ചു. പിടിവിട്ടുപോയേക്കാവുന്ന സമ്മർദ സാഹചര്യമുണ്ടായിട്ടും സേന അസാധാരണമായ സംയമനം പുലർത്തി. യുഡിഎഫ് അനുകൂല മാധ്യമങ്ങൾക്കുപോലും അത് സമ്മതിക്കേണ്ടിവന്നു. നിരവധി പൊലീസുകാർക്കാണ് കല്ലേറിൽ പരിക്കേറ്റത്. മുറിവേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നതിനിടയിലും ഏറ് തുടർന്നു. ഉന്നത എൻഎസ്‌യു, കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങളെന്നതും എടുത്തുപറയേണ്ടതാണ്. സാധാരണനിലയിൽ സെക്രട്ടറിയറ്റിലേക്ക് പല മാർച്ചുകളും സമരങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, ചിലതെല്ലാം നടക്കാൻപോകുന്നുവെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് ഗൂഢാലോചനയുടെ തെളിവാണ്. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് ഒരു വിദ്യാർഥി സംഘടന അധഃപതിക്കുന്ന കാഴ്‌ചയാണ് ഇന്നലെ കണ്ടത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനംചെയ്‌ത് പോയയുടനെയായിരുന്നു ആസൂത്രിത കലാപം.
വനിതകളുൾപ്പെടെ റാങ്കുഹോൾഡർമാരുടെ സമരപ്പന്തലിലുണ്ടായവരുടെ സുരക്ഷ മുൻനിർത്തി പൊലീസ് തിരിച്ചടിക്കാഞ്ഞത് കുഴപ്പക്കാർ മുതലെടുത്തു. കല്ലേറിൽ വീണുപോയ എ ആർ ക്യാമ്പിലെ ഷെഫീക്കിനെ എഴുന്നേൽക്കാൻ അനുവദിക്കാതെ മുളകൊണ്ട് അതിക്രൂരമായി മർദിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്‌തു. സഹപ്രവർത്തകർ എത്തുമ്പോഴേയ്‌ക്കും അദ്ദേഹം ബോധരഹിതനായി. വനിതാ പൊലീസ് ധന്യാവിജയനെ കുഴിയിലേക്ക് തള്ളിയിടുകയും ചെരിപ്പിട്ട കാൽകൊണ്ട് മുഖത്ത് ചവിട്ടുകയുമായിരുന്നു. അസിസ്‌റ്റന്റ് കമീഷണർ കെ സദന്റെ കൈ തല്ലിയൊടിച്ചു. ഈ പശ്‌ചാത്തലത്തിലാണ് കെഎസ്‌യു മാർച്ചിനിടെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന ഗൗരവതരമാകുന്നത്. സർക്കാരിന്റെ വികസന ‐ ക്ഷേമ പദ്ധതികൾ ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന മുന്നേറ്റത്തിന് ഏറെ സംഭാവനചെയ്‌ത സർവതല സ്‌പർശിയായ വികസന നേട്ടങ്ങളും ക്ഷേമനടപടികളും അനുഭവിച്ചറിയുന്ന കൂടുതൽ ജനവിഭാഗങ്ങൾ എൽഡിഎഫിനെ പിന്തുണയ്‌ക്കുന്നുവെന്ന വിഭ്രാന്തിയിലാണ് യുഡിഎഫ് കള്ളപ്രചാരണങ്ങളും കലാപ ശ്രമങ്ങളും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിമുതൽ അത് കൂടുതൽ പ്രകടമായി. എൽഡിഎഫിന്റെ തുടർഭരണം ഉറപ്പെന്ന വസ്‌തുത ഉൾക്കൊള്ളാനാകാതെ പലമട്ടിലുള്ള വിദ്വേഷ രാഷ്ട്രീയമാണ് പയറ്റുന്നതും. ഒടുവിൽ റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപം ഇളക്കിവിടാനാണ് നീക്കം. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ചർച്ചയാകാതിരിക്കാനാണിത്. കാലാവധി കഴിഞ്ഞ പട്ടിക പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സമരരംഗത്തുള്ള ഒരുവിഭാഗം ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നിയമപരമായി നിലനിൽക്കാത്ത കാര്യം മുൻനിർത്തിയാണ് പ്രതിഷേധം.
ഔദ്യോഗിക വിശദീകരണം വന്നതോടെ വസ്‌തുത മനസ്സിലാക്കിയ ഭൂരിഭാഗം ഉദ്യോഗാർഥികളും പിൻവാങ്ങി. ഇപ്പോഴും തുടരുന്നവർ യുഡിഎഫ് രാഷ്ട്രീയക്കളിക്ക് വിധേയരാകേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. എൽഡിഎഫ് സർക്കാർ സമീപ ദിവസങ്ങളിലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയുണ്ടായി. അതുവഴി പിഎസ്‌സി പട്ടികയിൽനിന്ന് കൂടുതൽ പേർക്ക് ജോലി ലഭിക്കും. ഏറെ തൊഴിലവസരമുണ്ടാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടതും. അഞ്ചു കൊല്ലം തികയുംമുമ്പ് 1,57,909 പിഎസ്‌സി നിയമനം നടത്തി. 100 ദിന കർമപരിപാടിയിലൂടെ വിവിധ മേഖലയിൽ അരലക്ഷം തൊഴിൽ ലഭ്യമാക്കി. 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇങ്ങനെ അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള എൽഡിഎഫ് സമീപനം മാതൃകാപരമാണ്. അതേസമയം, എ കെ ആന്റണിയും ഉമ്മൻചാണ്ടിയും തസ്‌തിക ഇല്ലാതാക്കുന്നതിനാണ് കമ്മിറ്റിയെ നിയോഗിച്ചതെന്നോർക്കണം. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും കേരളംപോലെ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കലും നിയമനവും നടക്കുന്നില്ല.
റാങ്ക് ഹോൾഡർമാരുടെ പ്രക്ഷോഭത്തെ രക്തത്തിൽ കുതിർത്ത് വ്യാപക അക്രമത്തിനുമുള്ള ഗൂഢാലോചനയാണ് യൂത്ത് കോൺഗ്രസിനെയും കെഎസ്‌യുവിനെയും അഴിച്ചുവിട്ട് യുഡിഎഫ് നടത്തുന്നത്. നിയമം കൈയിലെടുക്കാനും നാടിന്റെ ശാന്തിയും ക്രമസമാധാനനിലയും തകർക്കാനും ചില നേതാക്കൾപോലും ആഹ്വാനം നൽകുന്നുമുണ്ട്. അതിനാൽ അക്രമത്തിന്റെ വഴിയിലേക്ക് തിരിയാതിരിക്കാൻ ഉദ്യോഗാർഥികൾ അതീവ ജാഗ്രത പാലിക്കണം; ജനാധിപത്യപരമായി സമരം തീരരുതെന്ന ചില ശക്തികളുടെ കുതന്ത്രത്തിൽ വഴുതിവീഴുകയുമരുത്. പ്രക്ഷോഭത്തിലുള്ള ചിലർക്ക് കൃത്യമായ രാഷ്‌ട്രീയമുണ്ട്. അത് മുതലെടുത്ത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് യുഡിഎഫ് ശ്രമം. അധികാരക്കൊതിമൂത്ത ഈ അതിക്രമസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ദേശാഭിമാനി മുഖപ്രസംഗം
No comments:
Post a Comment