തിരുവനന്തപുരം > കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്‌തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 മഹാമാരി കാലയളവില്‍ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകള്‍ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വികസന രംഗത്തെ അളവുകോലായാണ് ജനന മരണ രജിസ്‌ട്രേഷനെ വിലയിരുത്തുന്നത്. ജനനവും മരണവും ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക എന്നുള്ളത് കേരളത്തില്‍ സിവില്‍ രജിസ്‌ട്രേഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് ഇതു തുടര്‍ച്ചയായിട്ടുള്ളതും നിര്‍ബന്ധിതവും സ്ഥിരതയാര്‍ന്നതുമായ ഒരു പ്രവൃത്തിയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനന മരണ നിരക്ക് പരിശോധനയില്‍ കേരളം കഴിഞ്ഞ കാലയളവില്‍ 100 ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. (https://india.unfpa.org/sites/default/files/pub-pdf/ReportonCRS-Final.pdf) ഈ ജനന മരണ രജിസ്‌ട്രേഷനിലാണ് കേരളത്തിലെ മരണ നിരക്ക് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.
ജനസംഖ്യാ അടിസ്ഥാനത്തില്‍ കോവിഡ് മരണനിരക്ക് കേരളത്തില്‍ 8.4 രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയില്‍ 106 ഉം ഇറ്റലിയില്‍ 124 ഉം ആയിരുന്നു. 2019 നെ അപേക്ഷിച്ച് ക്രൂഡ് ഡെത്ത് റേറ്റ് അമേരിക്കയിലും ഇറ്റലിയിലും കുത്തനെ ഉയര്‍ന്നടപ്പോള്‍ കേരളത്തില്‍ 681 ആയി അതു ചുരുങ്ങി. കോവിഡ് കാലയളവില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകരാജ്യങ്ങളില്‍ മരണനിരക്ക് വളരെ ഉയര്‍ന്നു നില്‍ക്കുമ്പോഴും കേരളത്തില്‍ മരണനിരക്ക് (0.4) വളരെ കുറവാണ്. വെല്ലുവിളികള്‍ നേരിട്ടെങ്കിലും കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്നു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പ്രവര്‍ത്തനനങ്ങളോടൊപ്പം ശരിയായ ആരോഗ്യ ശീലങ്ങള്‍ സ്വീകരികാനും പ്രവൃത്തിയില്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ മനസും മരണനിരക്ക് കുറയുന്നതിനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നായി മാറി. കൂടാതെ ബ്രേക്ക് ദ ചെയിന്‍ ഉള്‍പ്പെടെയുള്ള വിവിധ കാമ്പയിനുകളും രോഗാതുരത കുറയ്ക്കാനും അതോടൊപ്പം മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനും കാരണമായി. ചികിത്സ സംബന്ധമായ മരണങ്ങളും അപകട മരണങ്ങളും കോവിഡ് കാലത്ത് കുറയ്ക്കാന്‍ സാധിച്ചു. മാസ്‌ക് ഒരു ശീലമാക്കിയതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ജനങ്ങളില്‍ ഗണ്യമായി കുറക്കാനായി. ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടഞ്ഞു നിറുത്താനും സാധിച്ചു.
No comments:
Post a Comment