രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി-- കെ ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വൈകിട്ട് 5.30ന് ഓണ്‍ലൈനിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോണ്‍ യാഥാര്‍ഥ്യമാകുന്നത്. അസാധ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച മറ്റൊരു ബൃഹത് പദ്ധതികൂടി ഇതോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്.
കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന സംരഭമാണ് കെഫോണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഫോണ്‍ യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ട്. ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്. ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കെഫോണിലൂടെ കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കേരള ജനതയ്ക്കാകെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളെയും ഓഫീസുകളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. 20 ലക്ഷത്തോളം ആളുകള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും.
കേരളത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നു. നോളജ് എകോണമിയായും ഐടി ഹബായും വളരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറയാണ് ഒരുക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനുമുള്ള അവസരം സുഗമമാകും.
ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയുമായ അടിസ്ഥാനസൗകര്യങ്ങളാണ് ആവശ്യം. ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപറേറ്റര്‍മാരെ ആശ്രയിച്ചാണ്. ഇത് പ്രധാനമായും നഗരപ്രദേശങ്ങളില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ.
വിവര സാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും 10ല്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നുളളൂ. ഒപ്ടിക് ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം അതിലും കുറവായിരുന്നു. ഭൂരിഭാഗം വീടുകളും ഹൈസ്പീട് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിരുന്നുമില്ല. അതിനെല്ലാം കെഫോണ്‍ അറുതി വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
No comments:
Post a Comment