Saturday, February 27, 2021

ജനം എൽഡിഎഫിനൊപ്പം ; ചെയ്യാൻ കഴിയുന്നതേ പറയൂ, പറയുന്നത് ചെയ്യും : മുഖ്യമന്ത്രി

ജനങ്ങൾക്കൊപ്പമാണ്‌ എൽഡിഎഫെന്നും എൽഡിഎഫിനൊപ്പമാണ്‌ ജനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെയ്യാൻ കഴിയുന്നതേ പറയൂവെന്നും പറയുന്നത് ചെയ്യുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ വിഷമത്തിലാകുമ്പോൾ അതിനുമുന്നിൽ നിസ്സഹായതയോടെ തലയിൽ കൈവച്ചിരിക്കുന്ന സർക്കാരല്ല നാടിന്‌ വേണ്ടത്‌. പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ ഇടപെടൽ ഈ സർക്കാർ നടത്തിയോ എന്ന്‌ ജനങ്ങൾ വിലയിരുത്തട്ടെ. പലവട്ടം അത്‌ നടത്തിക്കഴിഞ്ഞു. ഇനിയും അങ്ങനെതന്നെയാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചാരണത്തിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന ആശങ്കയില്ല–- മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ 600 വാഗ്‌ദാനത്തിൽ 570 എണ്ണവും പൂർണമായും നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌.

പ്രതിസന്ധിയുടെ ഘട്ടത്തിലും അസാധ്യമായത്‌ നേടാനായത്‌ ജനങ്ങളുടെ ഒരുമയും ഇച്ഛാശക്തിയുംകൊണ്ടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പല വികസനപദ്ധതികളും യാഥാർഥ്യമായി. ജനങ്ങളാണ്‌ നേട്ടങ്ങളുടെ നേരവകാശികൾ. ഒന്നിന്റെയും മേന്മ സർക്കാർ അവകാശപ്പെടുന്നില്ല. പക്ഷേ, നമ്മുടെ നാടിനൊരു മേന്മയുണ്ട്‌. അത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌. വെല്ലുവിളികളെ ഐക്യത്താൽ അതിജീവിച്ച ജനതയെ ഏതെങ്കിലും ഘട്ടത്തിൽ ഒരു നല്ലവാക്ക്‌ പറഞ്ഞ്‌ അഭിനന്ദിക്കുകയെങ്കിലും ചെയ്യാൻ തയ്യാറാകാത്ത പ്രതിപക്ഷം ജനങ്ങളെയാണ്‌ അപമാനിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സർക്കാർ ശ്രമിച്ചു. ഒന്നിനുപോലും പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചില്ല. രാഷ്‌ട്രീയമായ ഭിന്നതയുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ എന്തിനാണ്‌ എതിർക്കുന്നത്‌. അധികാരത്തിലെത്തിയാൽ കേരളബാങ്ക്‌ പിരിച്ചുവിടുമെന്നാണ്‌ യുഡിഎഫ്‌ പറയുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നടക്കം കേരളബാങ്കിനെക്കുറിച്ച്‌ പഠിക്കാൻ സംഘങ്ങൾ എത്തുമ്പോഴാണ്‌ ഇത്‌.

എന്തിനാണ്‌ ഈ കെറുവെന്ന്‌ മനസ്സിലാകുന്നില്ല. എന്നാൽ, ജനങ്ങൾക്ക്‌ വലിയ സംതൃപ്തിയുണ്ടെന്ന്‌ പ്രതിപക്ഷത്തിനറിയാം. അപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗവേഷണം നടത്തി ഓരോന്ന്‌ കണ്ടുപിടിക്കുകയാണ്‌. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകുമെന്ന ധാരണയിലാണ്‌ ഇപ്പോൾ യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങൾകൊണ്ട്‌ ഈ സർക്കാരിനെ വിലയിരുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളെ അത്ര പെട്ടെന്നൊന്നും തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല  –- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ്‌ തകരാത്തത് 
ഇടതുപക്ഷമുള്ളതിനാൽ

ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്‌ കേരളത്തിൽ കോൺഗ്രസ്‌ തകരാത്തതെന്ന്‌ എൽഡിഎഫിനെ ആക്രമിക്കാൻ പുറപ്പെടുന്ന ദേശീയ നേതാക്കൾ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ  നേതാവിന്റെ പദവിയിലിരുന്ന്‌ പറയേണ്ട കാര്യങ്ങളല്ല രാഹുൽ ഗാന്ധി പറയുന്നത്‌. എൽഡിഎഫിനെ ആക്രമിക്കാൻ വലിയ ഉത്സാഹം കാട്ടുന്നത്‌ ആരെയാണ്‌ സഹായിക്കുകയെന്ന്‌ തിരിച്ചറിയണം. അതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടുമോ. പുതുച്ചേരിയിൽ എന്തുചെയ്യാൻ കഴിഞ്ഞു. ബിജെപിയുമായി കോൺഗ്രസ്‌ നേരിട്ട്‌ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക്‌ പോകാൻ എന്താണ്‌ രാഹുൽ ഗാന്ധിക്ക്‌ മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

No comments:

Post a Comment