Wednesday, February 3, 2021

ബെമൽ വിൽപ്പനയുമായി കേന്ദ്രം മുന്നോട്ട്‌ ; താൽപ്പര്യപത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ‌

പാലക്കാട്‌: രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ കഞ്ചിക്കോട്‌ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) വിൽപ്പന ഉറപ്പായി. കേരളത്തിലെ തലയെടുപ്പുള്ള ഈ സ്ഥാപനം  തൂക്കിവിൽക്കാനായി കോർപറേറ്റുകളോട്‌ താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ‌. ഇതിനു ഗതിവേഗം പകരുന്നതായി കഴിഞ്ഞദിവസം ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്‌.

56,000 കോടി രൂപ മുതൽമുടക്കുള്ള സ്ഥാപനം വെറും 720 കോടി രൂപയ്‌ക്കാണ്‌ വിൽക്കാൻ കളമൊരുക്കുന്നത്‌. ഇതിനെതിരെ തൊഴിലാളികൾ 28 ദിവസമായി കമ്പനിപ്പടിക്കൽ സമരം തുടരുന്നു‌. ഇപ്പോൾ പാർലമെന്റ്‌ സമ്മേളനം നടക്കുകയാണ്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനം വിൽക്കുന്നതിനെതിരെ പാർലമെന്റിൽ ഒരു ചോദ്യമെങ്കിലും ഉന്നയിക്കാൻ പാലക്കാടു നിന്നുള്ള രണ്ട്‌ കോൺഗ്രസ്‌‌ എംപിമാർ  മിനക്കെട്ടിട്ടുമില്ല. 

സ്ഥാപനം നിൽക്കുന്ന കഞ്ചിക്കോടും പാലക്കാട്‌ ജില്ലാ ആസ്ഥാനവും തമ്മിൽ പത്ത്‌ കിലോമീറ്ററിൽ താഴെ ദൂരം. ഇവിടേക്ക്‌ ഒന്നു‌ തിരിഞ്ഞുനോക്കാൻ പോലും ഈ എംപിമാർക്ക്‌ സമയമില്ല. രണ്ടം മോഡി സർക്കാർ അധികാരത്തിലെത്തിയ ഉടൻ വിൽപ്പന പൂർത്തിയാക്കാൻ 16 ഘട്ടം നിശ്‌ചയിച്ചു. ഇപ്പോൾ അന്തിമഘട്ടത്തിലാണ്‌. ഒരിക്കൽപോലും വിഷയം ജില്ലയിലെ പാർലമെന്റ്‌ അംഗങ്ങൾ ഉന്നയിച്ചില്ല.

ദേശസ്‌നേഹം നടിക്കുന്ന ബിജെപിയും ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ കഞ്ചിക്കോട്‌ വന്നെങ്കിലും ബെമൽ വിൽപ്പന അറിഞ്ഞമട്ടില്ല.   ഇന്ത്യൻ സൈന്യത്തിന്‌ തന്ത്രപ്രധാനമായ വാഹനങ്ങളും ഉപകരണങ്ങളും നിർമിച്ചുനൽകുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനം വിൽക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം  പ്രധാനമന്ത്രിക്ക്‌ കത്തെഴുതി.

ബെമല്‍ വില്‍പ്പനയ്ക്കെതിരെ വെള്ളിയാഴ്‌ച സിഐടിയു നേതൃത്വത്തിൽ ജനകീയ കോടതിയും തുടർന്ന്‌ കഞ്ചിക്കോട്ട്‌ മനുഷ്യച്ചങ്ങലയും തീർക്കും.

വേണു കെ ആലത്തൂർ 

No comments:

Post a Comment