Sunday, February 21, 2021

കെഎസ്‌ആർടിസിക്ക് റീസ്ട്രക്ചർ 2.0 ; കുതിപ്പിന്‌ കളമൊരുക്കി സർക്കാർ

വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ച്‌ കെഎസ്‌ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ സർക്കാരിന്റെ പദ്ധതി. മൂന്ന്‌ വർഷത്തിനകം  സർക്കാരിലുള്ള ആശ്രയം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട്‌ റീസ്ട്രക്ചർ 2.0 എന്ന ബൃഹദ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ  സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിർത്താൻ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയിൽ  2016ജൂലൈ ഒന്ന്‌ മുതലുള്ള ഒമ്പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതിൽ മൂന്നു ഗഡു മാർച്ചിൽ നൽകും. 2016 മുതൽ അർഹമായ ശമ്പളപരിഷ്കരണം ജൂൺ മുതൽ പ്രാബല്യത്തിലാകും.

ജീവനക്കാരെ 
സംരക്ഷിക്കും

ഇപ്പോഴത്തെ  സാമ്പത്തികസ്ഥിതിയിൽ  ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികയിലും സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല. എന്നാൽ, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുളളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികയിലേക്ക്‌ പരിഗണിക്കും. പിരിച്ചുവിട്ട താൽക്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിൻമേൽ സർവീസുള്ള അർഹരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും.  പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രമോഷൻ സാധ്യതകൾ സൃഷ്ടിക്കും. 

കെഎസ്‌ആർടിസി: 
ശമ്പള റിക്കവറി തുക അനുവദിക്കും

2016 മുതൽ കുടിശ്ശികയുള്ള ധനകാര്യസ്ഥാപനങ്ങളിൽ അടയ്‌ക്കാനുള്ള ശമ്പള റിക്കവറി തുകയായ 225 കോടി രൂപ ഈ വർഷം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3197.13 കോടി രൂപ സർക്കാർ ഇക്വിറ്റിയായി മാറ്റണമെന്നതും അതിൻമേലുളള പലിശയും പിഴപ്പലിശയും ചേർന്ന 961.79 കോടി രൂപ എഴുതിത്തള്ളണമെന്നതും തത്വത്തിൽ അംഗീകരിച്ചു‌. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65  കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിക്കറ്റിതര വരുമാനം 
വർധിപ്പിക്കും

കെഎസ്‌ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്സ് ഓൺ വീൽസ്, കെഎസ്ആർടിസി ലോജിസ്റ്റിക്സ്, ഡിജിറ്റൽ പരസ്യം തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിക്കും. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടിരൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഇതിന്‌ മാറ്റം വരുത്തുകയാണ്‌ ലക്ഷ്യം. 

എൽഎൻജി, സിഎൻജി, ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ കീഴിൽ രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കിഫ്ബി വായ്പയാണ് ഇതിന് ലഭ്യമാക്കുക. 76 ഡിപ്പോകളിൽ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന്  പെട്രോൾ, ഡീസൽ ഔട്‌ലെറ്റുകൾ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും. ഒരു റവന്യൂ ജില്ലയിൽ ഒരു പ്രധാന ഡിപ്പോയിൽ മാത്രമായി ഭരണനിർവഹണ ഓഫീസിന്റെ എണ്ണം നിജപ്പെടുത്തും. മേജർ വർക്‌ഷോപ്പുകളുടെ എണ്ണം 14 ആയും സബ്ഡിവിഷൻ വർക്‌ഷോപ്പുകളുടെ എണ്ണം ആറായും പുനർനിർണയിക്കും. നിലനിർത്തുന്ന 20 വർക്ക്ഷോപ്പുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. കെടിഡിസിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയവും ആരംഭിക്കും.  ഹാൾട്ടിങ് സ്റ്റേഷനുകളിൽ ജീവനക്കാർക്ക്‌ വൃത്തിയുളള വിശ്രമ മുറികൾ ഒരുക്കും–  മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment