തിരുവനന്തപുരം > രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം രോഗവ്യാപനമേ കേരളത്തില്‍ ഉണ്ടായിട്ടുള്ളു എന്ന് ഐസിഎംആര്‍ പഠനം. ഡിസംബര്‍ 2020ല്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തില്‍ 220 പേര്‍ക്ക് രോഗം വന്നു പോയപ്പോള്‍, കേരളത്തില്‍ കേവലം 116 പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നു പോയിട്ടുള്ളത് എന്നാണ്. അതായത് ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകള്‍ക്ക് മാത്രമാണ് ഇവിടെ രോഗം വന്നു പോയിരിക്കുന്നത്. ഏറ്റവും പുതിയ ഈ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം ഉണ്ടായിരിക്കുന്ന ജില്ലകള്‍, ഐസിഎംആര്‍ കേരളത്തില്‍ പഠന വിധേയമാക്കിയ ജില്ലകളാണ്.
ഇതിനു മുമ്പ് നടത്തിയ സെറോപ്രിവലന്‍സ് സര്‍വേ പ്രകാരം മെയ് 2020ല്‍ ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ ഏഴു പേര്‍ക്ക് കോവിഡ് വന്നിരുന്നു. അതേ പഠന പ്രകാരം കേരളത്തില്‍ ആയിരത്തില്‍ മൂന്നു പേര്‍ക്കായിരുന്നു രോഗം വന്നു പോയത്. അതു കഴിഞ്ഞ് ആഗസ്റ്റിലെ സര്‍വേ ഇന്ത്യയില്‍ ആയിരത്തില്‍ 66 പേര്‍ക്ക് രോഗം വന്നു പോയതായി കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ആയിരത്തില്‍ 8 പേര്‍ക്ക് മാത്രമായിരുന്നു രോഗം വന്നു പോയതായി കണ്ടെത്തിയത്.
അതിനുശേഷം കേരളത്തില്‍ രോഗികള്‍ കൂടുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ രോഗം അശേഷം കുറഞ്ഞെന്നും, കേരളത്തില്‍ മാത്രമാണ് രോഗമുള്ളതെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നു.
ഇത്രത്തോളം രോഗവ്യാപനം കുറഞ്ഞ സ്ഥലത്ത് നിന്നും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത്, കേസുകള്‍ കണ്ടെത്തി അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മെച്ചപ്പെട്ട സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിലേക്കാണ് ഈ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രോഗവ്യാപനം മറ്റു പ്രദേശങ്ങളിലേക്കാള്‍ വളരെ കുറഞ്ഞ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചത് ഈ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മികവ് കൊണ്ടാണ്. രോഗത്തിന്റെ റിപ്പോര്‍ട്ടിങ് കാര്യക്ഷമമായി നടക്കുന്നതും അതുകൊണ്ടുതന്നെയാണ്. കോവിഡിന്റെ കാര്യത്തില്‍ കേരളം ശരിയായ ദിശയിലാണെന്ന് ഈ കണ്ടെത്തലുകള്‍ അടിവരയിട്ടു തെളിയിക്കുകയാണ്. ഈ പഠനങ്ങള്‍ നമുക്ക് നല്‍കുന്ന ഒരു താക്കീത് കൂടിയുണ്ട്. രാജ്യത്ത് ഏകദേശം നാലിലൊരാള്‍ക്ക് രോഗം വന്നു പോയി എങ്കില്‍ കേരളത്തില്‍ ഏകദേശം പത്തിലൊന്ന് പേര്‍ക്കു മാത്രമേ രോഗം വന്നിട്ടുള്ളൂ. അതിന്റെ മറുവശം രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ള കൂടുതല്‍ ആളുകള്‍ ഇവിടെയുണ്ട് എന്നതാണ്. ജാഗ്രത ഇനിയും തുടരുകയാണ് വേണ്ടത്.- മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാകുന്നത് വരെ രോഗം പടരാതെ പിടിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്. മരണങ്ങള്‍ തടയാനും സമൂഹത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനും അവശ്യമായ മുന്‍കരുതല്‍ കാണിക്കുമെന്ന് ഏവരും ദൃഢനിശ്ചയം ചെയ്യണം.
നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ പ്രോഗാമും നാഷണല്‍ ടിബി എലിമിേനഷന്‍ പ്രോഗ്രാമും രോഗപര്യവേഷണ വിവരങ്ങള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പൊതുജനങ്ങളെ കൃത്യമായി അറിയിക്കാറുണ്ട്.
കോവിഡ് സെറോ സര്‍വേ റിപ്പോര്‍ട്ടുകളും സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഐസിഎംആര്‍ മുഖേന സെറോ സര്‍വേ റിപ്പോര്‍ട്ടുകള്‍ അത്തരത്തില്‍ ലഭ്യമാക്കിയാല്‍ കോവിഡ് വ്യാപനം ഓരോ സംസ്ഥാനത്തും എങ്ങനെ ആണെന്നത് കൃത്യമായി മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment