Monday, February 15, 2021

ഗതാഗത മേഖലയിൽ കേരളത്തിന്റെ പുത്തൻ അധ്യായം; ദേശീയ ജലപാത മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം കുറിച്ചുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. അതോടൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളും ആരംഭിക്കുന്നു. ഈ സർക്കാർ അധികാരമേറ്റതു മുതൽ ഗതാഗത മേഖലയിൽ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തിൽ മാത്രമല്ല; വ്യോമ-ജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകൾ തുറക്കുകയാണ്.

വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ഭാഗം നാഷണല്‍ വാട്ടര്‍ വേ (എന്‍എച്ച്-3) ആണ്. കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡബ്ള്യു-എ.ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. കോട്ടപ്പുറം മുതല്‍ കല്ലായി പുഴ വരെയുള്ള 160 കിലോമീറ്റര്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാരാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മറ്റു ഭാഗങ്ങള്‍ സ്റ്റേറ്റ് വാട്ടര്‍ വേ ആയി പരിഗണിച്ചു വരുന്നു. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തെക്കന്‍ ജില്ലകളിലെയും മലബാറിലേയും കനാലുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ ജലഗതാഗതത്തിന് അനുയോജ്യമായി നവീകരിക്കുന്നതിനുള്ള ക്ലാസ്സിഫിക്കേഷന്‍ നടത്തുകയും മൂന്നു ഘട്ടങ്ങളായി കനാല്‍ വികസനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ നിലവിലുളള കനാലുകള്‍ ലഭ്യമായ വീതിയില്‍ ആഴം കൂട്ടി ഗതാഗത യോഗ്യമാക്കി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും. 2025ല്‍ അവസാനിക്കുന്ന 3-ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീക്കരിക്കുവാന്‍ കഴിയും.

ഉയര്‍ന്ന മൂലധന ചെലവ് വരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനായി എസ്.പി.വി കമ്പനിയായ കെ.ഡബ്ല്യു.ഐ .എല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരങ്ങളിലൂടെ കടന്നു പോകുന്ന കനാല്‍ഭാഗങ്ങള്‍ എല്ലാം തന്നെ കയ്യേറ്റത്താല്‍ വികസനം നടപ്പിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. കൂടാതെ നഗരങ്ങളില്‍ നിന്നുളള ഖരദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി കനാലുകള്‍ മാറിയിരുന്നു. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ കനാല്‍ നാശോന്മുഖമായിരുന്നു.

പുനരധിവാസം നടപ്പിലാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. അങ്ങനെ വര്‍ക്കലയില്‍ 60 കുടുംബങ്ങളെ 600 ലക്ഷം രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നു. മറ്റു സ്ഥലങ്ങളിലും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലിന്യനിക്ഷേപം തടയുന്നതിന് കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും വലിയ പങ്കുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, കനാല്‍ പാര്‍ശ്വങ്ങളില്‍ കമ്പിവല സ്ഥാപിക്കുക, മാലിന്യനിക്ഷേപം തടയുന്നതിന് ബോധവല്‍ക്കരണം നടത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദ്രവമാലിന്യങ്ങള്‍ തടയുന്നതിന് സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് നല്‍കുന്നതിനും പദ്ധതിയുണ്ട്. പാര്‍വതീ പുത്തനാറില്‍ വളളക്കടവ് ഭാഗത്ത് 34 കുടുംബങ്ങള്‍ക്ക് സിയാലിന്റെ ഫണ്ട് ഉപയോഗിച്ച്  സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കി. 308 കുടുംബങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിര്‍മിക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പലവിധ എതിര്‍പ്പുകളെ തരണം ചെയ്ത് കൊല്ലം നഗരത്തിലെ കൊല്ലം തോടിന്‍റെ ഒന്നാംഘട്ട നവീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

No comments:

Post a Comment