വനം വകുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുവേണ്ടി പിഎസ്സി മുഖേന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നത്.
എന്നാല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവരേയും പരിഗണിക്കും. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പില്‍ പരിചിതരായ ജീവനക്കാരുടെ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ആദിവാസി സമൂഹത്തില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ബിവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കി. ഇതുപ്രകാരം 1720 തസ്തികകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു. 261 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പുതിയ തീരുമാനിത്തിന്റെ ഫലമായി വിവിധ തസ്തികകളിലായി 672 പേര്‍ക്ക് നിയമനം ലഭിക്കും. ഓഫീസ് /ഷോപ്പ് അറ്റന്‍ഡിന്റെ തസ്തികയില്‍ 258 പേര്‍ക്കും എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ 136 പേര്‍ക്കും പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം കിട്ടും. സ്വീപ്പര്‍ തസ്തികയില്‍ 17 പേര്‍ക്കാണ് നിയമനം കിട്ടുക.
പത്തുവര്‍ഷത്തിലധികം തുടര്‍ച്ചയായി ജോലിചെയ്യുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ വിദ്യാ വളണ്ടിയര്‍മാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
No comments:
Post a Comment