താൽക്കാലിക ട്രെയിനിങ് തസ്‌തികയിൽ നിയമനം നടത്തിയില്ലെന്ന കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫീസർ (സിപിഒ)റാങ്ക് പട്ടികയിലുള്ളവരുടെ പ്രചാരണം കള്ളം. പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനാണ് താൽക്കാലിക ട്രെയിനിങ് തസ്‌തിക സൃഷ്‌ടിക്കുന്നത്. പ്രതീക്ഷിത ഒഴിവും താൽക്കാലിക ട്രെയിനിങ് തസ്‌തികയും രണ്ടല്ല. സർവീസിലുള്ളവർ ഒരു വർഷം കൊണ്ട് വിരമിക്കുകയോ സ്ഥാനക്കയറ്റം നേടുകയോ ചെയ്യുമെന്ന് കണക്കാക്കിയാണ് അതേ തസ്‌തികയിൽ മുൻകൂട്ടി നിയമനം. ഇവർക്ക് അടിസ്ഥാന ശമ്പളം സ്‌റ്റൈപെൻഡായി ലഭിക്കാൻ ധനവകുപ്പ് അനുമതി നൽകണമെങ്കിൽ ഒരു തസ്‌തിക വേണം. ഇതിനാണ് താൽക്കാലിക തസ്‌തിക സൃഷ്‌ടിക്കുന്നത്. ഒരു വർഷത്തേക്ക് മാത്രമാകും ഈ തസ്‌തിക.
കഴിഞ്ഞ ജൂൺ 30ന് കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽനിന്ന് നിയമിച്ച 5609 പേരിൽ 1054 പേർ 2021 ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവിലേക്ക് നിയമിക്കപ്പെട്ടവരാണ്. 1200 പ്രതീക്ഷിത ഒഴിവാണ് കണക്കാക്കിയത്. ഇതിൽ 146 എണ്ണം ഐആർ ബറ്റാലിയനുള്ളതായിരുന്നു. ബാക്കി ഒഴിവിലേക്കാണ് മുൻകൂർ നിയമനം നടത്തിയത്. ഇതിനാണ് 1200 താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ചത്.
എന്നാൽ ഇത് വേറെയാണെന്ന് തെറ്റായി ചിത്രീകരിച്ച് ആ ഒഴിവിലേക്ക് നിയമനം നടത്തിയില്ലെന്നാണ് പുതിയ പ്രചാരണം. ജൂൺ 30ന് കാലാവധി അവസാനിച്ച റാങ്ക് പട്ടികയിൽനിന്ന് എല്ലാ ഒഴിവിലേക്കും നിയമനം നടത്തിയിട്ടുണ്ട്. റാങ്ക് പട്ടിക കാലാവധിയിൽ വിവിധ ബറ്റാലിയനിലെ ഒഴിവ് 2141 എണ്ണമാണ്. സ്ഥാനക്കയറ്റം വഴി ജില്ലയിലെ സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ ഇന്റർ യൂണിറ്റ് സ്ഥലംമാറ്റം വഴി നികത്തുന്നതിനാലുണ്ടാകുന്ന ഒഴിവ് 2123 എണ്ണവും, പ്രതീക്ഷിത ഒഴിവ് 1200 എണ്ണവും ഡെപ്യൂട്ടേഷൻ വഴിയുണ്ടായ പുതിയ ഒഴിവ് 278 എണ്ണവും ആയിരുന്നു. ആകെ ഒഴിവ് 5588. ഇതോടൊപ്പം എൻജെഡി (നോൺ ജോയിനിങ് ഡ്യൂട്ടി) ഉൾപ്പെടുത്തിയാണ് 5609 പേർക്ക് നിയമനം നൽകിയത്.
No comments:
Post a Comment