കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ചിലത് നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സേവയ്‌ക്ക് കാലേക്കൂട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. പതിവു തെറ്റിക്കാതെ മലയാള മനോരമയാണ് മുന്നിൽ. വോട്ടുതേടി ജനങ്ങളിലേക്കിറങ്ങാൻ ധാർമികതയില്ലാത്ത ചില നേതാക്കളെ വെള്ളപൂശാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ് ആ പത്രം. ഉമ്മൻചാണ്ടിയടക്കമുള്ളവർ നയിച്ച പല തെരഞ്ഞെടുപ്പുകളിലും തോൽവിയാണ് ഫലമെന്ന യാഥാർഥ്യം മറച്ചുവയ്‌ക്കുകയും ചെയ്‌തു. അണികളെപ്പോലും ആവേശം കൊള്ളിക്കാത്ത രമേശ് ചെന്നിത്തലയുടെ യാത്രയെ നിരവധി ചിത്രങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകളുമടക്കം ആഘോഷിച്ചുവരുന്നു. നയപരമായ നൂതന കാഴ്ചപ്പാടുകളിലൂന്നി നാടുഭരിച്ചത് എൽഡിഎഫാണ്. അധികാരമേറ്റാൽ ആ മുന്നേറ്റമെല്ലാം വലതുപക്ഷം താറുമാറാക്കും. അതിനു ചുക്കാൻ പിടിച്ചവർക്കാണ് ഇപ്പോഴും യുഡിഎഫിൽ മേധാവിത്തം. അവരെയാണ് ചില മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതും. പ്രധാനവാർത്തകളിലും മുഖപ്രസംഗങ്ങളിലും കാർട്ടൂണുകളിലും ലേഖനങ്ങളിലും വിശകലനങ്ങളിലും എന്തിനേറെ കൗതുക വാർത്തകളിൽപ്പോലും യുഡിഎഫ് നേതാക്കളെ വെള്ളപൂശുന്ന രാഷ്ട്രീയ കൗശലമാണ് നുരഞ്ഞുപൊങ്ങുന്നതും.
കേരളത്തിലെ സംഘടനാ പ്രതിസന്ധി തീർക്കാൻ ഹൈക്കമാൻഡ് നടത്തുന്ന ഹാസ്യനാടകങ്ങൾക്കും മാധ്യമ സ്‌തുതിയുണ്ട്. ആ പാർടിയുടെ തകർച്ചയ്‌ക്ക് വേഗംകൂട്ടിയ നേതാക്കളെ സംസ്ഥാനത്തിന്റെ രക്ഷകരായി ഉയർത്തുകയാണ് അവ. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യഭരണം ലക്ഷ്യമിട്ട് ഇറങ്ങിയവർ കാലിടറിവീണു. പരിതാപകരമായ ആ പരിക്ക് പരിശോധിക്കാനോ തിരുത്താനോ ആരുമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്‌തമായില്ല. ബിഹാറിൽ മഹാസഖ്യം പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് എത്താതിരുന്നതിന്റെ കാരണം കോൺഗ്രസ് നിലപാടുകളായിരുന്നു. ദേശീയതലത്തിൽ പാർടിയുടെ പ്രതിബിംബമായി ഉയർത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക് കുടിയേറിയപ്പോൾ കേന്ദ്ര നേതൃത്വം നാവനക്കിയില്ല. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ചർച്ചയാക്കുമ്പോൾ രാഹുൽ ഗാന്ധി നാടുചുറ്റുകയാണ്. പാർടികൾക്ക് ദിശചൂണ്ടേണ്ടത് നയങ്ങളും പ്രതിബദ്ധതയുമാണ്. കേരളത്തിലെ കോൺഗ്രസിന് അവ രണ്ടും കൈമോശം വന്നിട്ട് കാലമേറെയായി. എങ്ങനെയും അധികാരം കൈക്കലാക്കുകയെന്ന ഒറ്റ അജൻഡ മുൻനിർത്തി പ്രവർത്തിക്കുന്ന ആൾക്കൂട്ടം.
വിനാശകരങ്ങളായ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ബിജെപിയെ മുട്ടുകുത്തിക്കലാണ് കടമയെന്ന് ഹൈക്കമാൻഡ് ഓർമപ്പെടുത്തുമ്പോൾ സംഘപരിവാറിന്റെ ഭാഗമെന്നപോലെ ഇടതുപക്ഷ‐ പുരോഗമന വിരുദ്ധ നയങ്ങളുടെ അനുബന്ധമാകുകയാണ് കേരളത്തിൽ. ഭരണമില്ലെങ്കിൽ എന്താകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ദേശീയനിലവാരത്തിൽ കോൺഗ്രസ്. സ്ഥാനമാനങ്ങളില്ലെങ്കിൽ കാലിടറുന്നവരാണ് കേരള നേതാക്കൾ. ശതകോടികൾ വാരിയെറിഞ്ഞും അധികാരവും അന്വേഷണ ഏജൻസികളെയും ദുരുപയോഗിച്ചും സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും കേന്ദ്രം വേട്ടയാടുകയാണെന്ന് തിരുവനന്തപുരത്ത് പറഞ്ഞ എഐസിസി നിരീക്ഷകനും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന്റെ പ്രസംഗം പരിഭാഷയ്‌ക്കിടെ മയപ്പെടുത്തിയ ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു മാധ്യമങ്ങളും. കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ചില്ലിക്കാശ് കൊടുക്കരുതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും. എന്നാൽ, സാമൂഹ്യബോധമില്ലാത്ത ആ വെല്ലുവിളി ഭൂരിപക്ഷം കേരളീയരും തള്ളി. അങ്ങനെ സ്വരൂപിച്ച പണമുപയോഗിച്ച് ജനങ്ങളെ പലമട്ടിൽ സഹായിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഇതര സംസ്ഥാനങ്ങൾ ഉറ്റുനോക്കിയ ആ പരിശ്രമങ്ങളെ ഇകഴ്‌ത്തുകയായിരുന്നു യുഡിഎഫും ചില മാധ്യമങ്ങളും. ഇപ്പോഴിതാ ജാഗ്രതപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുന്നതിനു പകരം കോവിഡ് ഭീതി സൃഷ്ടിക്കാൻ പാടുപെടുകയാണ്. തുടർച്ചയായ അത്തരം നീക്കങ്ങൾ ദോഷമേ ഉണ്ടാക്കൂ.
സ്വർണത്തിൽ പൊതിഞ്ഞ് നിർമിച്ച വ്യാജവാർത്തകൾ അകാലചരമം പ്രാപിച്ചതിനാൽ സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും സംശയാസ്‌പദമാക്കുവാൻ ശ്രമിക്കുകയാണ്. പിഎസ്‌സി റാങ്ക്‌ലിസ്‌റ്റിന്റെ കാലാവധി ആറുമാസംവരെ നീട്ടിയത് വളച്ചൊടിച്ചാണ് നൽകിയത്. ‘കാത്തിരിപ്പ് തുടരാൻ പിഎസ്‌സി പട്ടിക നീട്ടി’ എന്ന തലക്കെട്ടുതന്നെ തെറ്റിദ്ധാരണാജനകമാണ്. വെള്ളിയാഴ്‌ചത്തെ മനോരമയിലെ ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘവും സ്ഥിരമാക്കൽ ക്യൂവിൽ’ എന്ന പ്രധാന വാർത്തയിൽ വസ്‌തുതയേയില്ല. മുഖ്യമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സംഘത്തെ സ്ഥിരപ്പെടുത്താനുള്ള ഫയൽ സർക്കാർ വീണ്ടും പൊടിതട്ടിയെടുക്കുന്നുവെന്നാണ് കണ്ടുപിടിത്തം. അക്കാര്യം പരിഗണനയിലേ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. പത്തു കൊല്ലത്തിലേറെയായി സി ഡിറ്റിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥിരനിയമനം കൊടുക്കാൻ തീരുമാനിച്ചതും വളച്ചൊടിച്ചു. എല്ലാ വ്യവസ്ഥയും പാലിച്ചായിരുന്നു സ്ഥിരപ്പെടുത്തൽ. സി ഡിറ്റിലെ നിയമനത്തിന് ഒരു പിഎസ്‌സി പട്ടികയും നിലവിലില്ല. എന്നാൽ, പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനം എന്ന ഊന്നലിലാണ് മനോരമ വാർത്ത. സർക്കാർ സംവിധാനങ്ങളെ കടന്നാക്രമിക്കുന്നതിനൊപ്പം സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും എന്തിനധികം അനുഭാവികളെപ്പോലും പുകമറയിൽ നിർത്തുന്നുമുണ്ട്. നേതാക്കളുടെ ബന്ധുക്കൾക്ക് അർഹമായ ജോലി കിട്ടിക്കൂടെന്ന ശാഠ്യം അവകാശ നിഷേധംതന്നെയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരവെ കൂടുതൽ വ്യാജവാർത്തകൾ ‘ക്യൂ’വിൽ നിൽക്കുമെന്നത് ജനാധിപത്യവാദികൾ കരുതിയിരിക്കണം.
deshabhimani editorial 060221
No comments:
Post a Comment