എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിൽ നടന്നത് റെക്കോഡ് നിയമനം. 2020 ജൂൺ 30നു കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽനിന്ന് 2021 ഡിസംബർ 31 വരെയുള്ള 1046 പ്രതീക്ഷിത ഒഴിവുകളിലേക്ക് ഉൾപ്പെടെ 5609 പേർക്ക് നിയമനം നൽകി. ഇതിൽ 2356 പേരുടെ പരിശീലനം പൂർത്തിയായി. 2391 പേരടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം നടക്കുകയാണ്. ക്രൈം കേസ്, പഠനം, ആരോഗ്യപ്രശ്‌നം എന്നിവമൂലം പരിശീലനത്തിന് ഹാജരാകാൻ കഴിയാത്തവരാണ് ഇനിയുള്ളത്.
1200 പേരുടെ പ്രതീക്ഷിത ഒഴിവാണ് സർക്കാർ സൃഷ്ടിച്ചത്. വിരമിക്കുന്നവർ, സ്ഥാനക്കയറ്റം കിട്ടുന്നവർ എന്നിവരുടെ എണ്ണം കണക്കാക്കിയാണ് ഒഴിവ് കണ്ടെത്തിയത്. ഇതിൽ 146 എണ്ണം ഐആർ ബറ്റാലിയന്റേതാണ്. ബാക്കി 1046 ഒഴിവിലേക്ക് നിയമനം നടത്തി. ഇതിനായി താൽക്കാലിക തസ്‌തിക സൃഷ്ടിച്ചു. റാങ്ക് പട്ടികയിൽനിന്ന് നിയമനം നീണ്ടുവെന്ന വാദം പൊളിക്കുന്നതാണ് ഇത്. സാധാരണനിലയിൽ ജൂൺ 30നു കാലാവധി കഴിയുന്ന റാങ്ക് പട്ടികയ്‌ക്ക് 2021 ജൂൺ 30 വരെയുള്ള പ്രതീക്ഷിത ഒഴിവ് കണ്ടെത്തിയാൽ മതി. എന്നാൽ, 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ് കണ്ടെത്തി നിയമനം നടത്തുകയായിരുന്നു. ഇത് മറച്ചുവച്ചാണ് ഏഴു മാസംമുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ചിലർ സെക്രട്ടറിയറ്റിനു മുമ്പിൽ സമരം നടത്തുന്നത്.
എസ്‌എപി, എംഎസ്‌പി, കെഎപി ഒന്നുമുതൽ അഞ്ച് എന്നീ ഏഴ് ബറ്റാലിയനുകളിലായി 5044 ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിനുപുറമെ 585 എൻജെഡി (നോൺ ജോയിനിങ് ഡ്യൂട്ടി) ഒഴിവുമുണ്ടായിരുന്നു. ഈ 5629 ഒഴിവിൽ 20 ഒഴിവിലേക്ക് അതത് സംവരണ വിഭാഗത്തിൽനിന്ന് ആളുണ്ടായിരുന്നില്ല. ബാക്കി 5609 പേർക്ക് നിയമനം നൽകി. പുറമെ സ്‌പോർട്‌സ് ക്വോട്ട, സിഇഎസ് (ആശ്രിതം) നിയമനം, എസ്‌സി, എസ്‌ടി നിയമനം, എൽഡബ്ല്യുഇ (മാവോയിസ്റ്റ് തീവ്രവാദബാധിത) പ്രദേശങ്ങളിൽനിന്നുള്ള നിയമനം എന്നിങ്ങനെ 544 പേർക്ക് പൊലീസിൽ പ്രത്യേക നിയമനം നൽകി.
No comments:
Post a Comment