കോഴിക്കോട് > സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തിക പിഎസ്‌സി അംഗീകരിക്കാത്തതാണെന്നും അതുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റുകളുമില്ലെന്നും കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെആര്‍ടിഎ). ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഭിന്നശേഷിക്കാരായ പാവപ്പെട്ട കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയെന്നത് രക്ഷിതാക്കളുടെയുംകൂടി ആവശ്യമാണ്.
പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന 2380 സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരാണ് തുച്ഛശമ്പളത്തില്‍ ജോലിചെയ്യുന്നത്. സ്ഥിരപ്പെടുത്തുക എന്ന ഇവരുടെ ആവശ്യത്തിന് രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സ്ഥിരപ്പെടുത്തലിന് അനുകൂലമായി കോടതി വിധികള്‍ ഉണ്ടെങ്കിലും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ ഗൗരവപൂര്‍വം ഇക്കാര്യം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചിലര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത്.
സമഗ്രശിക്ഷ കേരളയുടെ ഭാഗമായി സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ വര്‍ഷംതോറും കരാറടിസ്ഥാനത്തില്‍ നിയമിക്കുകയും പഠന പിന്തുണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്ക് സ്ഥിരനിയമനം ഉറപ്പുവരുത്തിയാലേ വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാകൂ. സമഗ്രശിക്ഷ കേരളക്കുള്ള കേന്ദ്ര ഫണ്ടിന്റെ ലഭ്യതക്കുറവും സമയബന്ധിതമായി പുനര്‍ നിയമനം നടത്താത്തതും ഈ മേഖലയെ പിന്നോട്ടടിപ്പിക്കുന്നു. പഠനപിന്തുണ സംവിധാനങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കാന്‍ എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തിക സൃഷ്ടിക്കണം. സര്‍ക്കാര്‍ നടപടിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് കെആര്‍ടിഎ അഭ്യര്‍ഥിച്ചു.
No comments:
Post a Comment