കോഴിക്കോട് > കോവിഡ് നിയന്ത്രണത്തിൽ കേരളം ഇപ്പോഴും ശരിയായ പാതയിലാണ് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് പിടിച്ചുനിർത്താൻ കേരളത്തിനായത് മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജെൻഡർ പാർക്കിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാലിറ്റി ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ആർക്കും കേരളം കോവിഡ് പ്രതിരോധത്തിൽ പിന്നോക്കം പോയെന്ന് പറയാനാവില്ല. ആകെ കണക്കുകൾ താരതമ്യം ചെയ്‌തുവേണം കോവിഡ് പ്രതിരോധം വിലയിരുത്താൻ. മറ്റ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴുള്ള എണ്ണവുമായി വേണം താരതമ്യപ്പെടുത്താൻ. കുറച്ച് ആളുകളിൽ മാത്രം രോഗബാധയുണ്ടാവുക എന്ന രീതിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇതാണ് കേരളത്തിൽ മരണ സംഖ്യ കുറയാനുള്ള കാരണം. ഐസിഎംആർ നടത്തിയ സീറോ സർവൈലൻസ് ടെസ്‌റ്റിൽ കേരളം ഒന്നാമതാണ്.
ആരോഗ്യ രംഗത്ത് വിദഗ്‌ധർ എന്ന് അവകാശപ്പെടുന്നവർ തന്നെ കോവിഡ് പ്രതിരോധത്തിൽ വീഴ്‌ചയുണ്ടെന്ന പ്രചരണം നടത്തുന്നു. എന്നാൽ, ഇത്തരം വിവാദങ്ങളോടല്ല, പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിലാണ് സർക്കാർ ശ്രദ്ധിക്കുന്നത്. രോഗപ്രതിരോധത്തിൽ തെല്ലും വീഴ്‌ച വരുത്താതെ ജീവൻ രക്ഷിക്കുകയെന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. കേരളത്തിൽ നിന്നുള്ളവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. എല്ലാവരും നിയന്ത്രണവും ജാഗ്രതയും തുടരണമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment