Wednesday, February 3, 2021

അടിച്ചമർത്തി തോൽപ്പിക്കാനാകില്ല - കെ കെ രാഗേഷ്‌ എഴുതുന്നു

ഐതിഹാസികമായ കർഷകസമരത്തെ അടിച്ചമർത്താൻ ഹീനമായ ശ്രമമാണ് സംഘപരിവാർ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. കഴിഞ്ഞദിവസം സിൻഘുവിലുണ്ടായ സംഭവം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. മുഖമൂടി ധരിച്ച ഒരുപറ്റം ക്രിമിനലുകൾ സമാധാനമായി സമരം ചെയ്യുന്ന കർഷകർക്കുമേൽ നിഷ്ഠുരമായി ആക്രമണം നടത്തുകയായിരുന്നു.  ക്രിമിനലുകൾക്ക് കടന്നുവരാൻ ഡൽഹി പൊലീസ് വഴിയൊരുക്കുന്നതിന്റെ ഉൾപ്പെടെ  വ്യക്തമായ തെളിവുകൾ പുറത്തുവന്നു. കർഷകരെ ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുന്നത് കൈയുംകെട്ടി നോക്കിനിന്ന പൊലീസ്, അക്രമികളെ ചെറുത്ത കർഷകരെ മർദിച്ചൊതുക്കി. ഇരുപതോളം പൊലീസുകാർ ഒരു കർഷകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും അടികൊണ്ട് നിലത്തുവീണയാളുടെ മുഖത്ത് ബൂട്ട്‌ കൊണ്ട് ചവിട്ടി മെതിക്കുന്നതുമായ ദൃശ്യങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ഏടായി.

കേന്ദ്രത്തിനെതിരായ സമരങ്ങളെ അടിച്ചമർത്തുന്നതിൽ സംഘപരിവാർ സ്വീകരിക്കുന്ന പതിവ് രീതിതന്നെ കർഷകസമരമുഖത്തും പ്രയോഗിക്കാൻ തുടങ്ങി. ജനുവരി 27-നാണ് ഘാസിപുരിലെ സമരകേന്ദ്രം ഒഴിപ്പിക്കുന്നതിനുള്ള ശ്രമം സംഘപരിവാർ ഗുണ്ടകളും ജില്ലാ ഭരണകേന്ദ്രവും നടത്തിയത്. അർധരാത്രിയോടെ പൊലീസ്‌ നീക്കത്തിന്റെ വിവരം കർഷകർക്ക് ലഭിച്ചു. വൈദ്യുതി  വിച്ഛേദിച്ചു. സമര വളന്റിയർമാർ കരുതിയിരുന്ന കുടിവെള്ള വിതരണം പൂർണമായും നിർത്തി. താൽക്കാലിക ടോയ്‌ലെറ്റ് സംവിധാനംപോലും പൊലീസ് എടുത്തുമാറ്റി. സമരം തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് അടിച്ചമർത്തുന്നതിനാണ് പൊലീസ് ഗുണ്ടകളുടെ സഹായത്തോടെ ശ്രമിച്ചത്. വിവരമറിഞ്ഞ് ഞങ്ങളെല്ലാം ഘാസിപുരിൽ എത്തി. സമരനേതാവായ രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പുമായി ആയിരക്കണക്കിന് പൊലീസുകാർ തയ്യാറായി നിൽക്കുന്നതാണ് അവിടെ കണ്ടത്.  പൊലീസിന്റെ സമ്മർദത്തിനു വിധേയപ്പെട്ട് അറസ്റ്റിന്‌ അദ്ദേഹം തയ്യാറായിരുന്നു. അറസ്റ്റുചെയ്താലും സമരം തുടരാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഞങ്ങളെല്ലാം ചർച്ചചെയ്ത് തീരുമാനിച്ചു. കൂടുതൽ ആളുകൾ സമരകേന്ദ്രത്തിൽ എത്തണം. സംഘപരിവാറിന്റെ നെറികെട്ട നീക്കങ്ങളുടെ മുമ്പിൽ തോറ്റുകൊടുക്കാനുള്ളതല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷകസമരമെന്ന് സംയുക്തമായി തീരുമാനിച്ചു.

രാകേഷ് ടിക്കായത്തിന്റെ കൂടെ അറസ്റ്റുവരിക്കാൻ തയ്യാറായാണ് ഞങ്ങൾ അവിടെ നിന്നത്. പരസ്യമായി അത് പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരെയും അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പുകൾ യുപി പൊലീസ് നടത്തി. അറസ്റ്റുവരിക്കുകയാണെന്ന പ്രഖ്യാപനം സമരസമിതി നേതാക്കൾ നടത്തിയപ്പോൾ, ജയിലിൽ പോകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കായ സമരസഖാക്കൾ കൂടി ഞങ്ങളോടൊപ്പം നിൽക്കുകയായിരുന്നു. സമരപ്പന്തൽ മുദ്രാവാക്യ മുഖരിതമായി.  ആ സന്ദർഭത്തിലാണ് ബിജെപിയുടെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ആർഎസ്എസുകാർ സമരകേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയത്. നേതാക്കളെ അറസ്റ്റുചെയ്തയുടൻ സമരം നടത്തുന്ന കർഷകരെ ആക്രമിച്ച് പൊലീസും ആർഎസ്എസുകാരും അവിടെയുള്ള ടെന്റുകളെല്ലാം നീക്കി സമരം അടിച്ചമർത്താനായിരുന്നു പദ്ധതി. നൊടിയിടകൊണ്ട് കാര്യങ്ങളുടെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു.  സമരം അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ്‌ ഇതെന്ന് തിരിച്ചറിഞ്ഞയുടൻ എന്തുവന്നാലും അറസ്റ്റിന് വിധേയപ്പെടാൻ മനസ്സില്ലെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. വേണ്ടിവന്നാൽ വെടിവയ്‌ക്കാനുൾപ്പെടെ ഉത്തരവിടാൻ അധികാരമുള്ള ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടെ വലിയ സംഘം വേദിയിലേക്ക് കയറിവന്നു. എന്നാൽ, സമരസഖാക്കളുടെ ശക്തമായ ചെറുത്തുനിൽപ്പിനു മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടിവന്നു. പിൻവാങ്ങുമ്പോഴും അർധരാത്രിയോടെ അറസ്റ്റുനടത്തി സമരം അവസാനിപ്പിക്കാം എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ, സമരസമിതി ആഹ്വാനമനുസരിച്ച് ഉത്തർപ്രദേശിന്റെ ഗ്രാമാന്തരങ്ങളിൽനിന്നും പതിനായിരങ്ങൾ രാത്രി തന്നെ സമരകേന്ദ്രത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.  ഘാസിപുർ സമര വളന്റിയർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ജലവിതരണവും വൈദ്യുതിയും പുനഃസ്ഥാപിച്ചിരിക്കുന്നു. കുതന്ത്രങ്ങളിലൂടെ സമരത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് കർഷകരുടെ സംഘശക്തി കോർപറേറ്റുകളുടെ പാവസർക്കാരിനെ പഠിപ്പിച്ചിരിക്കുന്നു. സമാനമായ സംഭവങ്ങളാണ് ഇതര സമരകേന്ദ്രങ്ങളിലും അരങ്ങേറിയത്. പ്രദേശവാസികളെന്ന വ്യാജേന ആർഎസ്എസ്‌ ഗുണ്ടകളെ രംഗത്തിറക്കിയിരിക്കുകയാണ്‌. മലയാളികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ സമരം നടത്തുന്ന ഷാജഹാൻപുരിലും സമാന സ്ഥിതിയുണ്ടായി. പൊലീസ് അറസ്റ്റിനൊരുങ്ങി.  ട്രാക്ടർ റാലിക്ക് കർഷകർ പുറപ്പെട്ട സമയത്ത്‌ സംഘപരിവാർ സംഘം ടെന്റുകൾ കൈയേറി. എന്നാൽ, വർധിതവീര്യത്തോടെ തിരിച്ചുവന്ന കർഷകർ അവ വീണ്ടെടുത്തു.

സമരകേന്ദ്രത്തിൽ സേവനം ചെയ്തുകൊണ്ടിരുന്ന സിഖ് സന്യാസിയായ ബാബാരാംസിങ്ങിനെ ആർക്കാണ് മറക്കാൻ കഴിയുക. വളന്റിയർമാർക്ക് ഭക്ഷണം നൽകുന്നതിലും സമരകേന്ദ്രം വൃത്തിയാക്കുന്നതിലുമാണ് ബാബാരാംസിങ്‌ മുഴുകിയത്. സിഖ് വിശ്വാസപ്രകാരമുള്ള സേവനമായിരുന്നു അത്. ‘‘അടിച്ചമർത്തുന്നത് പാപമാണ്, അതിനു വിധേയപ്പെടുന്നതും പാപമാണ്. സർക്കാർ അനീതിയാണ് കാണിക്കുന്നത്. രാജ്യത്തെ കർഷകർ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നു. അവരെ പീഡിപ്പിക്കുന്ന സർക്കാർ അനീതിയാണ് കാണിക്കുന്നത്. എനിക്കിത് സഹിക്കാനാകുന്നില്ല. പലരും ജീവിതത്തിലെ വിലപ്പെട്ട പലതും ഈ സമരത്തിനുവേണ്ടി സംഭാവന ചെയ്തു. ചിലർ അവർക്കുകിട്ടിയ ഏറ്റവും മൂല്യവത്തായ അംഗീകാരങ്ങൾ പോലും തിരിച്ചുനൽകി. തിരിച്ചുനൽകാൻ എനിക്കെന്തുണ്ട് എന്നായിരുന്നു എന്റെ ചിന്ത. എന്റെ ജീവൻ തന്നെയാണ് അതിന് ഉത്തരമായി നൽകാനുള്ളത്'' എന്ന് എഴുതിവച്ചാണ് ബാബാരാംസിങ്‌ ആത്മാഹുതി ചെയ്തത്.

ജനുവരി 26ന്റെ കർഷക പരേഡിനെ തുടർന്ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്.  ഔദ്യോഗിക പരിപാടികൾക്കപ്പുറം ജനകീയ മാനങ്ങളിലേക്ക് ഒരിക്കലും എത്തിയിട്ടില്ലാത്ത റിപ്പബ്ലിക് ദിനാഘോഷത്തിന് കർഷക പരേഡിലൂടെ പുതിയ മാനം കൈവന്നു. ദേശീയപതാകയും ട്രാക്ടർ റാലികളും മറ്റുമായി കോടികളാണ് അണിചേർന്നത്. ഡൽഹിയിൽ മാത്രം ഒമ്പതു ലക്ഷത്തോളം പേർ ഭാഗമായി. ജനാധിപത്യവും പരമാധികാരവും കോർപറേറ്റുകളിൽനിന്ന് വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള കർഷകരുടെ അഭിമാന പോരാട്ടംകൂടിയായിരുന്നു റിപ്പബ്ലിക്ദിന കർഷക മാർച്ച്. 

എന്നാൽ, കർഷക പരേഡ് ദിവസം നടന്ന ചില ഒറ്റപ്പെട്ട അക്രമങ്ങളെ കോർപറേറ്റ് മാധ്യമങ്ങൾ പർവതീകരിച്ചു. നരേന്ദ്ര മോഡിയുടെ മടിയിലിരിക്കുന്ന മാധ്യമങ്ങൾ അക്രമസമരമാണ് കർഷകരുടേതെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണ്. കർഷകസമരം നടക്കുന്ന സിൻഘു ബോർഡറിൽ പൊലീസ് ബാരിക്കേഡിനുള്ളിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള സമര വളന്റിയർമാർക്കു പുറമെ ബാരിക്കേഡ് വച്ച് തടയാതെ യഥേഷ്ടം അഴിച്ചുവിട്ട മറ്റൊരു സംഘവും ഉണ്ടായിരുന്നു. കർഷക റാലിയിൽ ഡൽഹി പൊലീസ് ആ സംഘത്തിന് പ്രത്യേക റൂട്ട് നിശ്ചയിച്ചു നൽകി. ചില സ്ഥലത്ത്‌ ബാരിക്കേഡുകളും മറ്റും തകർത്ത് മുന്നേറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് അവരുടേതാണ്. എല്ലായിടത്തും പൊലീസ് നോക്കിനിന്നു. ആ ചിത്രങ്ങളൊക്കെ പിന്നീട് പുറത്തുവന്നു. ആസൂത്രിതമായാണ് അക്രമം നടന്നത്.

ഭരണകൂടത്തിന്റെ പ്രോത്സാഹനം അക്രമികൾക്ക് ഉണ്ടായിട്ടുണ്ട്‌. സമരത്തെ അടിച്ചമർത്താനുള്ള ഗൂഢപദ്ധതിയായിരുന്നു അരങ്ങേറിയത്. ചെങ്കോട്ടയിൽ ഒരു പ്രത്യേക സംഘത്തിനുനേരെ നിഷ്‌ക്രിയമായി നിന്ന ഡൽഹി പൊലീസ് പൽവലിൽനിന്ന് കർഷക പരേഡ് ആരംഭിച്ചപ്പോൾ, നിശ്ചയിച്ച 42 കിലോമീറ്ററിൽ 12 കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞു. സ്വാഭാവികമായും കർഷകർ അതിനെ ചോദ്യംചെയ്തു. അതിക്രൂരമായ ലാത്തിച്ചാർജാണ് അവിടെ നടന്നത്. ലാത്തിയടിയേറ്റ് ജീവച്ഛവമായ വൃദ്ധകർഷരെ ഒറ്റ കോർപറേറ്റ് മാധ്യമങ്ങളും കണ്ടില്ല. അവരപ്പോൾ ചെങ്കോട്ടയിൽ ഉയർത്തിയ കൊടിയെ ആഘോഷിക്കുകയായിരുന്നു!

ഒരുഭാഗത്ത് അക്രമവും മറുഭാഗത്ത് നിസ്സംഗതയും പ്രോത്സാഹനവും. ചെങ്കോട്ടയിലേക്ക് പൊലീസ് സഹായത്തോടെ നീങ്ങിയ ഈ സംഘം ബിജെപിയുമായി അടുത്തബന്ധമുള്ള ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയിട്ടുള്ള ഒരു വ്യക്തി. സമരത്തെ തകർക്കാൻ ഭരണകൂടം ഏതറ്റംവരെയും പോകുമെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. സ്വാഭാവികമായും ഒരു വലിയ ജനകീയ മുന്നേറ്റമുണ്ടാകുമ്പോൾ, ബാരിക്കേഡ് തകർത്തുമുന്നേറുമ്പോൾ, ഒരു പൊതുബോധത്തിനടിപ്പെട്ട് സ്വാഭാവികമായും മറ്റു ചിലരും അതിനോടൊപ്പം ചേർന്നിട്ടുണ്ടാകാം. രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ഭീകരരാണെന്ന് ചിത്രീകരിക്കപ്പെട്ടത് അങ്ങനെയാണ്. ചെങ്കോട്ട കൈയേറിയവരിൽ ടിക്കായത്തിന്റെ സംഘവും ഉണ്ടായിരുന്നുവെന്ന പ്രചാരണം ‘ഗോദി മീഡിയ' നടത്തിക്കൊണ്ടിരിക്കുന്നു.

രണ്ടുമാസത്തിലേറെ തെരുവിൽ പീഡിപ്പിക്കപ്പെട്ടവരാണ് കർഷകർ. ഇരുനൂറോളം പേർ രക്തസാക്ഷികളായി. എന്നിട്ടും സമാധാനപൂർണമായി സമരം നടത്തുന്ന കർഷകർ ലോകത്തിനുതന്നെ അത്ഭുതമാണ്. കുറച്ചുപേർ പൊതുതീരുമാനത്തിൽനിന്ന് വ്യത്യസ്തമായി പോയി എന്ന് ചൂണ്ടിക്കാണിച്ച് കർഷകസമരമാകെ അക്രമസമരമാണെന്ന് പ്രചരിപ്പിക്കുന്ന കോർപറേറ്റ് മീഡിയ രാജ്യത്തിന് അപമാനമാണ്. അവർ നാലാം തൂണുകളല്ല,  ജനാഭിലാഷത്തെ തകർക്കുന്ന, രാജ്യത്തെ കോർപറേറ്റ് അനുകൂലമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടനിലക്കാരാണ്. പ്രക്ഷോഭസമരങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് ഇല്ലാതാക്കിയ പഴയ ചരിത്രം ഇവിടെ വിലപ്പോകില്ല. ധനിക-, ഇടത്തരം, -നാമമാത്ര കർഷകരും തൊഴിലാളികളും വർഗമെന്ന രീതിയിൽ ഐക്യപ്പെട്ടിരിക്കുകയാണ്. വർഗീയവിഭജനം അവിടെ അസാധ്യമാണ്.

സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യാചരിത്രത്തിൽ നരേന്ദ്ര മോഡിക്ക് പുതിയൊരിടം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ ചക്രവർത്തി ബഹദൂർഷാ സഫർ എന്ന് ചരിത്രത്തിൽ നാം പഠിച്ചതുപോലെ, അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൻ എന്ന് പഠിക്കുന്നതുപോലെ ഇന്ത്യയിലെ ബിജെപിയുടെ അവസാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു എന്നും വരുംതലമുറ പഠിക്കും. ജനങ്ങളുടെ ഇച്ഛാശക്തിയെ ഒരു ഭരണാധികാരിക്കും ദീർഘനാൾ അടിച്ചമർത്താൻ കഴിഞ്ഞിട്ടില്ല. അടിച്ചമർത്തിയവരൊക്കെ ഇപ്പോൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് എന്ന് മനസ്സിലാക്കുന്നത് നന്ന്.

കെ കെ രാഗേഷ്‌ 

No comments:

Post a Comment