കൊച്ചി > മാധ്യമപ്രവർത്തനവും സ്ഥാപനങ്ങൾ എന്ന നിലയിൽ മാധ്യമങ്ങളും രണ്ട് ദിശയിൽ നീങ്ങുന്നതാണ് ഇന്നത്തെ അനുഭവമെന്ന് മഗ്‌സസെ അവാർഡ് ജേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ പി സായിനാഥ് പറഞ്ഞു. മുഖ്യധാരമാധ്യമങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ശബ്ദം കേൾക്കുന്നില്ല. കോർപറേറ്റ് താൽപര്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ വരുമാനവർധന മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്റെ ഭാഗമായി സാജൻ എവുജിൻ എഴുതിയ ‘മണ്ണിനു തീപിടിക്കുമ്പോൾ മാധ്യമങ്ങൾ എവിടെ’ എന്ന പുസ്‌തകം ഓൺലൈനിൽ പ്രകാശനം ചെയ്‌ത് ‘കാർഷികപ്രതിസന്ധിയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സായിനാഥ്.
ഇപ്പോൾ നടക്കുന്ന കർഷകപ്രക്ഷോഭത്തിനു അടിസ്ഥാനമായ വസ്‌തുതകൾ തുറന്നുപറയാൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നില്ല. കാർഷികനിയമങ്ങൾ വഴി ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന കോർപറേറ്റ് സ്ഥാപനമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മാധ്യമങ്ങളുടെ നിയന്ത്രണം കയ്യാളുന്നത്. കോർപറേറ്റുകൾ കൃഷി കയ്യടക്കിയതാണ് രാജ്യത്തെ കാർഷികപ്രതിസന്ധിക്ക് കാരണം. കാർഷികപ്രതിസന്ധിയാണ് കുടിയേറ്റ തൊഴിലാളികൾ പെരുകാൻ കാരണം. കോവിഡ് ലോക്ക്‌ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ വേദന പ്രകടിപ്പിച്ച മാധ്യമങ്ങൾ ഇതിന്റെ കാരണങ്ങളിലേയ്‌ക്ക് കടന്നില്ല.
ഏറ്റവും അനുയോജ്യമായ സമയത്താണ് ഈ പുസ്‌തകം പ്രകാശനം ചെയ്യപ്പെടുന്നത്. കർഷകപ്രക്ഷോഭത്തിൽ രാജ്യം ഇളകിമറിയുകയാണ്. സമരം നേരിട്ട് റിപ്പോർട്ട് ചെയ്യുന്നവർ കഴിയുന്നത്ര സത്യസന്ധത കാട്ടുന്നു. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ പുതിയ കാർഷികനിയമങ്ങളെ അനുകൂലിക്കുകയാണ്. കർഷകരെ പ്രകോപിപ്പിക്കുന്ന രീതിയിൽ നിയമങ്ങൾ കൊണ്ടുവന്നതിലാണ് ചില മാധ്യമങ്ങൾക്ക് ആശങ്ക. കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെ സ്വാഗതം ചെയ്‌ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ദേശീയ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ കർഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളില്ല. വ്യവസായികളുടെ പ്രതിനിധികൾ മാത്രമാണെന്നും സായിനാഥ് ചൂണ്ടിക്കാട്ടി.
താഴ്ന്ന നിലയിലുള്ള ബ്യൂറോക്രാറ്റുകൾ ക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന വ്യവസ്ഥകൾ പുതിയ കാർഷിക നിയമത്തിലുണ്ട് . എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല.
മാധ്യമങ്ങളിൽ ആകട്ടെ, കാർഷികരംഗം കവർ ചെയ്യുന്നതിന് നിയോഗിക്കപ്പെടുന്ന റിപ്പോർട്ടർമാർ കാർഷിക മന്ത്രാലയത്തെ അല്ലെങ്കിൽ അഗ്രി ബിസിനസിനെ ആണ് കണക്കിലെടുക്കുന്നത്. കർഷകരെ അല്ല. അങ്ങനെ കർഷകരുടെ ശബ്ദം മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്നും സായിനാഥ് പറഞ്ഞു.
2014 മുതൽ 2020 വരെയുള്ള കാര്യങ്ങൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നതായി കാണാം എന്ന് അഖിലേന്ത്യ കിസാൻസഭ ജോയിൻ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യകളും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും നമ്മെ ഭയപ്പെടുത്തുന്നു. ഭൂമി അധികാര ആന്തോളൻ പോലുള്ള മുന്നേറ്റങ്ങൾ കോർപ്പറേറ്റുകളുടെ ഇടപെടലിനെതിരെ നടന്നിട്ടുണ്ട്. ലോക്ക് ഡൗണും ബന്ധപ്പെട്ട പലായനവും കർഷക ദുരിതം വർധിപ്പിക്കുകയാണ് ചെയ്തത്.
മാധ്യമങ്ങൾ എങ്ങനെ കർഷക പ്രക്ഷോഭത്തെ കാണുന്നുവെന്നത് പ്രാധാന്യമർഹിക്കുന്നു. അതുപോലെതന്നെ മാധ്യമപ്രവർത്തകർക്കെതിരെ സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഈ സാഹചര്യവും കാണാതെ പോകാനാവില്ലെന്ന് വിജു കൃഷ്ണൻ പറഞ്ഞു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ ശേഷി വർദ്ധിപ്പിക്കലിനൊപ്പം തന്നെ അവരെ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക എന്ന ഉത്തരവാദിത്തം കൂടി മീഡിയ അക്കാദമി പോലുള്ള സ്ഥാപനത്തിന് ഉണ്ട്. കർഷക പ്രക്ഷോഭത്തിൻറെ ഈ പശ്ചാത്തലത്തിൽ സാജൻ എവുജിൻറെ പുസ്തകത്തിന് പ്രാധാന്യമേറുന്നു എന്നും ആർ എസ് ബാബു പറഞ്ഞു.
അഖിലേന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ജനറൽസെക്രട്ടറി മറിയം ധാവ്ലെ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എം ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment