തിരുവനന്തപുരം > താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ എടുത്ത നടപടികളിൽ ഒരു അനവധാനതയും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സി ലിസ്‌റ്റ് ഇല്ലാത്ത സ്ഥലത്താണ്. പിഎസ്‌സി ലിസ്‌റ്റിലുള്ളവർക്ക് അവിടെ നിയമനം കൊടുക്കാനും കഴിയില്ല. എല്ലാ സ്ഥാപനവും നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിട്ടില്ല എന്നത് അറിയാവുന്ന കാര്യമാണ്. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവർ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്.
ചിലർ വളരെ കൃത്യതയോടെയുള്ള പരീക്ഷയും മറ്റും നടത്തി എടുക്കുന്നവരാണ്. എന്നാൽ അംഗീകൃത ജോലിയായി വന്നിട്ടില്ല. താൽക്കാലികക്കാരായി തന്നെ നിൽക്കുകയാണ്. ഇത്തരം ആളുകൾ വർഷങ്ങൾ കുറച്ചായി. 20 വർഷമായി ജോലി ചെയ്യുന്നവരുണ്ട്. അവരോട് പിരിഞ്ഞ് പൊയ്‌ക്കൊള്ളാൻ പറഞ്ഞാൽ ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നമുണ്ട്. ഒരുപാട് വർഷമായി ജോലി ചെയ്യുന്നവരെ കൃത്യമായ മാനദണ്ഡ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത്. അതാണ് 10 വർഷം ആയവരിൽ ചിലരെ സർക്കാർ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
യുഡിഎഫ് സർക്കാർ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയ സംഭവങ്ങൾ ഉണ്ട്. ഇവിടെ എന്നാൽ അങ്ങനെയൊരു സാഹചര്യമില്ല. പൂർണമായും 10 വർഷം സർവ്വീസ് പൂർത്തിയാക്കിയവരെ മാത്രം പരിഗണിക്കുന്ന രീതിയാണ്. ചെയ്യാൻ പാടില്ലാത്തകാര്യം സർക്കാർ ചെയ്യുന്നു എന്ന് വരുത്താനുള്ള ബോധപൂർവ്വമായ പ്രചരണങ്ങളാണ് നടത്തുന്നത്. അവർക്ക് അവസരം ഉണ്ടാക്കേണ്ടതില്ല എന്നതിനാലാണ് തത്‌ക്കാലം ഇനിയുള്ള താലക്കാലിക ജീവനക്കാർക്ക് ഇപ്പോൾ സ്ഥിരപ്പെടുത്തൽ നൽകേണ്ട എന്ന് തീരുമാനിക്കുന്നത്. എന്നാൽ ഈ ആളുകൾക്ക് അവസരം നഷ്‌ടപ്പെടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ അനുകൂലമായ ഫലം വന്നാൽ നിശ്‌ചയമായും അവരെ കൈ ഒഴിയാത്ത നിലയാണ് സർക്കാർ സ്വീകരിക്കുക. ജനങ്ങൾ എൽഡിഎഫിനൊപ്പം തന്നെയാണ് ഉള്ളത്. നിശ്‌ചയമായി അവരെ കൈ ഒഴിയാത്ത നിലപാടാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment