കണ്ണൂർ > ബീഫ് നിരോധം ലക്ഷ്യമാക്കിയുള്ള ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റെഗുലേഷൻ –-2021 പിൻവലിക്കണമെന്ന് കെ കെ രാഗേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിയമം ജനാധിപത്യവിരുദ്ധവും ഭരണഘടനയ്‌ക്ക് എതിരുമാണ്. കന്നുകാലി വളർത്തലും പാൽ ഉൽപാദനവും ജീവിതോപാധിയായി സ്വീകരിച്ചവർക്ക് കടുത്ത ആഘാതമാകും.
രാജ്യത്തെ ജീവിതോപാധികളും ആഹാരരീതികളും ഇല്ലായ്മചെയ്യാനാണ് ശ്രമം. ബീഫ് നിരോധ ആവശ്യം ലക്ഷദ്വീപിൽ ഒരിക്കലും ഉയർന്നിട്ടില്ല. ബീഫ് നിരോധത്തിന്റെപേരിൽ ജാമ്യമില്ലാക്കേസ് ചുമത്താൻ ദ്വീപ് അഡ്മിനിസ്ട്രേഷനെ ചുമതലപ്പെടുത്തുന്നത് നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്നതാണ്.
കന്നുകാലി കശാപ്പുമാത്രമല്ല, കടത്തും ബീഫ് ഉൽപന്നങ്ങളുടെ കച്ചവടവും വിലക്കുന്നതാണ് നിയമം. സംശയം തോന്നിയാൽ എവിടെയും ഏതുസമയത്തും പരിശോധനയും നടത്താം. ദ്വീപ് നിവാസികളിൽ ഭീതിയുണ്ടാക്കി രാഷ്ട്രീയനേട്ടത്തിനുള്ള സംഘപരിവാർ അജൻഡയാണിത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ആഭ്യന്തര സഹമന്ത്രിയാ യിരുന്നയാളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമം പിൻവലിച്ച് ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു.
No comments:
Post a Comment