താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെടുത്തി ഒരു വിഭാഗം മാധ്യമങ്ങൾ കേരള ബാങ്കിനെതിരെ പ്രചരിപ്പിക്കുന്നത് നുണക്കഥ. ബാങ്കിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. 10 വർഷത്തിലേറെ താൽക്കാലിക തസ്‌തികയിൽ ജോലി ചെയ്‌തവരെ മാനുഷിക പരിഗണന നൽകി സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് ബാങ്കിൽ സ്വീകരിച്ചത്.
ഇതനുസരിച്ച് അർഹരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡം നിശ്ചയിച്ചു നൽകണമെന്ന ആവശ്യമാണ് സർക്കാർ മുമ്പാകെ ബാങ്ക് സമർപ്പിച്ചത്. ഇതിനുള്ള ജീവനക്കാരുടെ പട്ടികയോ, എണ്ണമോ സർക്കാരിന് നൽകിയിട്ടില്ല. മാനദണ്ഡം നിശ്ചയിച്ചാൽമാത്രമേ അർഹരെ തീരുമാനിക്കാനാകൂ. ബാങ്കിലെ പ്യൂൺ മുതൽ മുകളിലോട്ടുള്ള തസ്‌തികയിൽ പിഎസ്‌സി വഴിയാണ് നിയമനം. പാർട്ട്‌ടൈം കണ്ടിൻജന്റ്, സ്വീപ്പർ ജീവനക്കാർ, കലക്ഷൻ ഏജന്റുമാർ തുടങ്ങി പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത തസ്‌തികയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ അടക്കം പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത തസ്‌തികയുമുണ്ട്. 25 വർഷത്തിനുമുകളിൽവരെ സർവീസുള്ളവരും നിലവിൽ താൽക്കാലിക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ബഹുഭൂരിപക്ഷവും പഴയ ജില്ലാ സഹകരണ ബാങ്കുകളിൽ പ്രവർത്തിച്ചവർ.
താൽക്കാലികക്കാരിൽ ബഹുഭൂരിപക്ഷവും ജില്ലാ ബാങ്കുകളിലെ യുഡിഎഫ് ഭരണ സമിതികളാൽ നിയമിക്കപ്പെട്ടവരാണ്.
കേരള ബാങ്ക് രൂപീകരണത്തിന്റെ എല്ലാ ഘട്ടത്തിലും ഇവരുടെ ജോലി സുരക്ഷാ ആവശ്യം ഉയർന്നിരുന്നു. ദിവസക്കൂലി, കരാർ ജീവനക്കാരുടെ സംഘടനകളും, മുഖ്യധാരാ ജീവനക്കാരുടെ സംഘടനകളും ഈ ആവശ്യം പരിഗണിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ മാനദണ്ഡം നിശ്ചയിച്ചുനൽകണമെന്ന് സർക്കാർ മുമ്പാകെ ബാങ്കുവച്ച ആവശ്യത്തെയാണ് വളച്ചൊടിക്കുന്നത്.
No comments:
Post a Comment