Thursday, February 25, 2021

രാഹുൽ വലന്റൈനെ അറിയുമോ? എം ബി രാജേഷ്‌ 
 എഴുതുന്നു

രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മത്സ്യത്തൊഴിലാളികളോട് പെട്ടെന്ന്  സ്നേഹം വന്നതായി കാണുന്നു.  ആ സ്നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്. അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം? അവിടെയുള്ള ഒരു വിധവയെയും കുടുംബത്തെയും രാഹുൽ ഗാന്ധി ഓർക്കുന്നുണ്ടോ? കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിക്കുമ്പോൾ ഇറ്റാലിക്കാർ കടലിൽ വെടിവെച്ചുകൊന്ന വലന്റൈൻ എന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വിധവയും കുടുംബവുമാണത്. എന്തേ രാഹുൽ അവിടെപ്പോയില്ല? കോൺഗ്രസുകാർ എന്തേ അദ്ദേഹത്തെ അവിടെ കൊണ്ടു പോയില്ല? കുറ്റബോധം കാരണമാണോ?

കോൺഗ്രസിന്റെ മത്സ്യത്തൊഴിലാളി 'സ്നേഹ 'ത്തിന്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റലിക്കാരെ കേസിൽനിന്ന് ശിക്ഷയില്ലാതെ രക്ഷിച്ചത്‌. ജനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പ്രതികളെ കേരളത്തിലെ ജയിലിൽനിന്ന്  ആദ്യം ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റിയതും പിന്നീട് ഒരാൾക്ക് ഇറ്റലിയിലേക്ക് കടക്കാൻ അനുമതി നൽകിയതും അന്നത്തെ കേന്ദ്ര കോൺഗ്രസ് സർക്കാർ. അതിനെ നഖശിഖാന്തം എതിർത്തത് ഇടതുപക്ഷം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയും എതിർത്തു.  പിന്നീട്  മോഡി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമത്തെ പ്രതിയേയും ഇറ്റലിക്ക് വിട്ടുകൊടുക്കാമെന്ന് സുപ്രീം കോടതിയിൽ നിലപാട് മാറ്റി.

ആദ്യത്തെ പ്രതിയെ കോൺഗ്രസും രണ്ടാമനെ ബിജെപിയും സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി. പിന്നീട് മോഡി പ്രധാനമന്ത്രിയായിരിക്കെ തന്നെ അന്താരാഷ്ട്ര കോടതി, കൊലക്കേസ് പ്രതികളായ ഇറ്റലിക്കാരെ വിചാരണപോലും ഇല്ലാതെ ഒഴിവാക്കി.

മോഡി സർക്കാർ പ്രതികളെ സഹായിക്കാൻ  കേസ് തോറ്റുകൊടുത്തു. രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവർ ഇറ്റലിയിൽ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തിൽനിന്നുള്ള എംപിയായിട്ടും പ്രതികൾ എങ്ങനെ രക്ഷപ്പെട്ടു എന്ന് പാർലിമെന്റിൽ കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയർത്തിയില്ല.

എന്തുകൊണ്ടാണ് രണ്ടു മത്സ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികൾ രക്ഷപ്പെട്ടതിൽ രാഹുലിന്‌ ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തുവരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്?

ആ കുടുംബത്തിന് നീതി നിഷേധിച്ചതിൽ മാപ്പ്‌ പറയുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആദ്യം ചെയ്യേണ്ടത്.

No comments:

Post a Comment