മോഡിയുടെ ഭരണത്തിൽ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും അടിച്ചമർത്താൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ, നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതും തുറുങ്കിലടയ്ക്കുന്നതും പുതിയ കാര്യവുമല്ല. ഇത്തരം എത്രയോ സംഭവങ്ങൾ ഇതിനകം ഉണ്ടായിരിക്കുന്നു.
ആ സംഭവ പരമ്പരകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബംഗളൂരുവിലെ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതും മറ്റു രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതും. മലയാളി അഭിഭാഷക നിഖിത ജേക്കബിനും പരിസ്ഥിതി പ്രവർത്തകൻ ശന്തനുവിനുമെതിരെയാണ് വാറന്റ്. രാജ്യത്ത് നിലവിലുള്ള നിയമവും കോടതിവിധികളും പാലിക്കാതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ ഈ നടപടികൾ. അറസ്‌റ്റ് തടയാൻ ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്. ശന്തനുവിന് അനുകൂലമായ നടപടി കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്.
കർഷക പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൺബർഗ് സാമൂഹ്യമാധ്യമം വഴി പങ്കുവച്ച ടൂൾകിറ്റ് (ഡിജിറ്റൽ ലഘുലേഖ) ഷെയർ ചെയ്തതാണ് ഇവർ ചെയ്ത കുറ്റം. ടൂൾകിറ്റ് എന്നാൽ, ഏതെങ്കിലും വിഷയത്തെയോ പ്രതിഷേധങ്ങളെയോ കുറിച്ച് വിശദീകരിക്കുന്ന ഡിജിറ്റൽ മാർഗ നിർദേശങ്ങളെന്ന് സാമാന്യമായി പറയാം. ഇതിപ്പോൾ ലോക വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു രീതിയാണ്. ഇവിടെ ഷെയർ ചെയ്ത ടൂൾകിറ്റ് ഇന്ത്യയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അതിൽ രാജ്യദ്രോഹമോ ഗൂഢാലോചനയോ ഒന്നുമില്ല. കാർഷിക പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ദിഷ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും ദിഷയെ തടങ്കലിലാക്കി. മോഡി ഭരണത്തിൽ കർഷകരെ സ്നേഹിക്കുന്നതും രാജ്യദ്രോഹമായി മാറുന്നുവെന്ന് ചുരുക്കം. ഖലിസ്ഥാൻ അനുഭാവമുള്ള‘പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷനു’ വേണ്ടി ദിഷയും നിഖിതയും ശന്തനുവും ചേർന്ന് ടൂൾകിറ്റ് തയ്യാറാക്കിയെന്ന് അമിത് ഷായുടെ പൊലീസ് ആരോപിക്കുന്നു. തീർത്തും അവിശ്വസനീയമായ ആരോപണം.
ഇന്ത്യയുടെ ഗ്രാമ -ഗ്രാമാന്തരങ്ങളിലും ദേശീയ പാതകളിലുമെല്ലാം കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിക്കുന്ന കർഷക മഹാപ്രക്ഷോഭത്തെ അടിച്ചമർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സമരത്തിൽ പങ്കെടുക്കുന്നവരെയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തെ മുൻനിർത്തി അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കുമെതിരെ കടുത്ത കടന്നാക്രമണം നടത്തുന്നു. നിയമവും നീതിയും ചവറ്റുകൊട്ടയിലെറിയുന്നു. ബംഗളൂരുവിൽ അറസ്റ്റ് ചെയ്ത ദിഷയെ ട്രാൻസിറ്റ് റിമാന്റ് പോലുമില്ലാതെയാണ് ഡൽഹി പൊലീസ് തലസ്ഥാനത്തേക്ക് കൊണ്ടുവന്ന് കസ്റ്റഡിയിൽ വാങ്ങിയത്. കോടതിയിൽ ദിഷയ്‌ക്ക് അഭിഭാഷകനെയും അനുവദിച്ചില്ല. അറസ്റ്റ് സംബന്ധിച്ച അന്തർസംസ്ഥാന നിയമമോ കോടതി വിധികളോ ഒന്നും ഡൽഹി പൊലീസ് പരിഗണിച്ചില്ല. ലോക്കൽ പൊലീസിനെ അറിയിച്ചു പോലുമില്ല.
നിയമങ്ങളെല്ലാം അട്ടിമറിച്ച് നടത്തിയ ഈ അറസ്റ്റിനും വാറന്റിനുമെതിരെ ഇന്ത്യയിലും ലോകത്താകെയും അതിശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ടെന്നതാണ് ജനാധിപത്യവാദികൾക്കെല്ലാം പ്രതീക്ഷ നൽകുന്നത്. സിപിഐ എം അടക്കം രാജ്യത്തെ പ്രതിപക്ഷ പാർടികൾ, മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകൾ, നിയമ വിദഗ്ധർ എന്നിവരെല്ലാം പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട്. ദിഷയുടെ അറസ്റ്റിനെതിരെ അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം പ്രതിഷേധമുയർന്നു കഴിഞ്ഞു. മോഡി ഭരിക്കുന്ന ഇന്ത്യയിൽ പാവപ്പെട്ടവർക്കായി നിലകൊള്ളുന്നതും കർഷകർക്കായി പൊരുതുന്നതുമെല്ലാം രാജ്യദ്രോഹമായി മാറുമെന്ന് ലോകം തിരിച്ചറിയുന്നു. അതെ, മോഡി ഭരിക്കുമ്പോൾ പാവപ്പെട്ടവരെല്ലാം കുറ്റവാളികൾ, പീഡനത്തിനിരയാകുന്നവരെല്ലാം കുറ്റവാളികൾ, കൊല്ലപ്പെടുന്നവരെല്ലാം കുറ്റവാളികൾ. കൊല്ലുന്നവരും പീഡിപ്പിക്കുന്നവരുമെല്ലാം രക്ഷകർ. ഇതാണ് മോഡി പറയുന്ന പുതിയ ഇന്ത്യ.
ബിജെപിയുടെ ഈ ദുർഭരണം ജനങ്ങൾക്ക് മടുത്തു. അവർ എല്ലാ അർഥത്തിലും പൊറുതിമുട്ടിക്കഴിഞ്ഞു. അപ്പോൾ, എവിടെയും പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടരുക സ്വാഭാവികം. ചെറുതും വലുതുമായ ഒട്ടേറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ ആഞ്ഞടിക്കുന്ന കർഷക സമരം സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ടമായി മാറിയതും ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യൻ ജനതയൊന്നാകെ ഈ സമരത്തിന് പിന്നിലുണ്ട്. പോരാട്ടത്തിന്റെ തുടർ സ്പന്ദനങ്ങൾ രാജ്യത്തെവിടെയും കാണാം. സമരത്തിന്റെ ജനകീയതയും പതർച്ച തെല്ലുമില്ലാത്ത ചെറുത്തുനിൽപ്പും സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്.
അതുകൊണ്ടാണ്, നാട്ടിലെ കർഷകരെക്കുറിച്ച്, അവരുടെ പോരാട്ടത്തെക്കുറിച്ച്, പാർശ്വവൽക്കരിക്കപ്പെട്ടവരെക്കുറിച്ച് ഉറക്കെ പറയുന്ന എല്ലാവരെയും തുറുങ്കിലടയ്ക്കാൻ ശ്രമിക്കുന്നത്. അങ്ങനെയെല്ലാം സമരത്തെ തകർക്കാൻ പറ്റുമോ എന്നാണ് മോഡിയും അമിത് ഷായും നോക്കുന്നത്. ദിഷയുടെ അറസ്റ്റും നിഖിതയ്‌ക്കും ശന്തനുവിനുമെതിരായ നടപടിയും ഇതിന്റെ ഭാഗമായി കാണണം.
deshabhimani editorial 170221
No comments:
Post a Comment