Sunday, February 7, 2021

യുഡിഎഫ്‌ കാലത്ത്‌ തിരുകിക്കയറ്റിയത്‌ 13,000 പേരെ

പിൻവാതിൽ നിയമനങ്ങളിൽ ലക്ഷങ്ങളുടെ ലേലം വിളി ; മുഖ്യമന്ത്രിയടക്കം സ്വന്തക്കാരെ തിരുകിക്കയറ്റി

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ അനധികൃതമായി നിയമിച്ചത്‌‌ ‌13,000ൽപരം പേരെ‌.  വകുപ്പു മേധാവികളെവരെ വഴിവിട്ട്‌ നിയമിച്ചു. സർക്കാർ സ്ഥാപനങ്ങൾ അനധികൃത നിയമന കേന്ദ്രങ്ങളായി. മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും ബന്ധുക്കളെയും യുഡിഎഫ്‌ പ്രവർത്തകരെയും നേതാക്കളെയുമൊക്കെ കുത്തിനിറച്ചു. സർക്കാരിന്റെ അവസാനകാല മന്ത്രിസഭാ യോഗത്തിൽ മാത്രം ആയിരത്തിലേറെ പേരെ സ്ഥിരപ്പെടുത്തി. ബന്ധുനിയമനങ്ങളിലടക്കം വൻകോഴ ആക്ഷേപങ്ങൾ നിറഞ്ഞു. ലക്ഷങ്ങൾ വാങ്ങിയായിരുന്നു ഓരോ നിയമനവും. ഇതിൽ ഘടകകക്ഷികൾ തമ്മിൽ മത്സരിച്ചു. സംസ്ഥാനത്താകെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ, മനഃസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നുന്നത്‌ ചെയ്യുന്നുവെന്ന ന്യായമുയർത്തി ചട്ടലംഘനത്തിന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുടപിടിച്ചു.  

തുടക്കമിട്ടത്‌ ഉമ്മൻചാണ്ടി

ഉന്നത തസ്‌തികകളിലടക്കം ബന്ധുക്കളെയും ആശ്രിതവത്സരെയും അനധികൃതമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം മന്ത്രിമാരും മത്സരിച്ചു.

മുഖ്യമന്ത്രിയുടെ അമ്മായിയുടെ മകനായ കുഞ്ഞ്‌ ഇല്ലംപള്ളിയെ  സഹകരണ സർവീസ് പരീക്ഷാ ബോർഡ്‌ ചെയർമാനായി തിരുകിക്കയറ്റി. മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ മകളെ നോർക്കയിലാണ്‌ നിയമിച്ചത്‌. ഓഫീസ്‌ ജീവനക്കാരനെ ടൂറിസം വകുപ്പിൽ സ്ഥിരപ്പെടുത്തി ഡയറ‌ക്‌ട്രേറ്റിൽ നിയമിച്ചു. യുഡിഫ്‌ സർക്കാരിന്റെ തുടക്കത്തിൽ നിയമസഭാ സ്‌പീക്കറായിരുന്ന ജി കാർത്തികേയന്റെ ഭാര്യയെ‌ ചട്ടങ്ങളെല്ലാം ലംഘിച്ച്‌ സർവവിജ്ഞാന കോശം ഡയറക്ടറാക്കി. വ്യാപക എതിർപ്പുയർന്നിട്ടും തിരുത്തിയില്ല.  മന്ത്രി അനൂപ്‌ ജേക്കബിന്റെ ഭാര്യ മേരി ഗീവർഗീസിന്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ സ്ഥാനം നൽകി.‌ സഹോദരി അമ്പിളി ജേക്കബിന്‌‌ കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്ചറിൽ ഉന്നത പദവി തരപ്പെടുത്തി.

കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തലയുടെ അനിയന്‌ കേരള ഫീഡ്സ്‌ എംഡി സ്ഥാനമാണ്‌ ലഭിച്ചത്‌.  മന്ത്രി വി എസ്‌ ശിവകുമാറിന്റെ അനിയൻ‌ വി എസ്‌ ജയകുമാറിന്‌ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ പദവി തരപ്പെടുത്തി. ഇദ്ദേഹം ചുമതലയിലിരുന്ന്‌ തട്ടിയെടുത്ത പണം വിരമിക്കൽ ആനുകൂല്യങ്ങളിൽനിന്നാണ്‌  ദേവസ്വം ബോർഡ്‌‌ തിരിച്ചുപിടിച്ചത്‌. പാത്രം വാങ്ങിയതിലടക്കം നിരവധി അഴിമതിയും അക്കാലത്ത്‌ നടന്നു. ശിവകുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റ്‌ വാസുദേവൻപിള്ളയുടെ ഭാര്യ‌ക്ക്‌ സി ഡിറ്റിൽ അനധികൃത ഉദ്യോഗക്കയറ്റവും നൽകി.‌

മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർക്കും‌ പ്രൈവറ്റ് സെക്രട്ടറിയുടെ അനന്തരവനും നോർക്കയിലായിരുന്നു സ്ഥിരനിയമനം. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂലസംഘടനാ നേതാവിന്റെ ഭാര്യ‌ക്കും ഇവിടെ നിയമനം കിട്ടി. മന്ത്രി കെ ബാബുവിന്റെ പിആർഒയ്ക്ക് സർക്കാർ സെക്രട്ടറിക്ക് സമാനമായ തസ്തികയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ കരിയർ ഗൈഡൻസ് ആൻഡ് റിസർച്ചിന്റെ ഡയറക്ടറായി നിയമനം നൽകി. വകുപ്പ് മേധാവികളുടെ എതിർപ്പും മറികടന്നായിരുന്നു ഉന്നത നിയമനം.

പിൻവാതിൽ‌ തുറക്കപ്പെടും

യുഡിഎഫ്‌ കാലത്ത്‌, ഭരണകക്ഷി ബന്ധമുണ്ടെങ്കിൽ നിയമനത്തിന്‌ മറ്റൊരു യോഗ്യതയും വേണ്ടിയിരുന്നില്ല. മുന്നണി മാറി  യുഡിഎഫിലെത്തിയ എംഎൽഎ ആർ സെൽവരാജന്റെ മകൾക്ക്‌ ലഭിച്ചത്‌ വെയർ ഹൗസിങ്‌‌ കോർപറേഷൻ അസിസ്റ്റന്റ്‌ മാനേജർ സ്ഥാനം. ഇവർ എഴുത്തുപരീക്ഷയിൽ 43 മാർക്ക് നേടി ആദ്യറാങ്ക് പട്ടികയിൽ 1032–--ാം സ്ഥാനത്തായിരുന്നു. അന്തിമ പട്ടികയിൽ 20–--ാം സ്ഥാനത്തെത്തി. അന്ന്‌ 21 ഒഴിവിൽ നിയമിക്കപ്പെട്ടവരെല്ലാം യുഡിഎഫ്‌ നേതാക്കളുടെ അടുപ്പക്കാരാണ്‌.

കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാക്കളുടെ ഭാര്യമാർക്ക്‌ സി ഡിറ്റിൽ വഴിവിട്ട ഉദ്യോഗക്കയറ്റം ഉറപ്പാക്കി.

കെഎസ്‌ആർടിസിയിൽ  കട്ടപ്പനയിൽ ജൂനിയർ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ എട്ടുപേർക്കായിരുന്നു താൽകാലിക നിയമനം. കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ 15 സ്വീപ്പർ, 10 ക്ലർക്ക്‌, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് സ്ഥിരനിയമനം ജോയിന്റ് രജിസ്ട്രാർ ഇടപെട്ടാണ്‌ തടഞ്ഞത്‌. സെക്രട്ടറിയറ്റിൽ ശുചീകരണം, തോട്ടം തുടങ്ങിയ ഇടങ്ങളിൽ 20 പേരെ നിയമിച്ചു. സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റിന്റെ സഹോദരന്‌ ഉയർന്ന ശമ്പളത്തിൽ വഴിവിട്ട നിയമനം നൽകി.

സോളാർതട്ടിപ്പ് കേസിൽ പ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ക്ലിഫ്‌ ഹൗസ്‌ സമരത്തെ ആക്ഷേപിച്ച കോൺഗ്രസ് പ്രവർത്തക സന്ധ്യക്ക് ശംഖുംമുഖം ഇൻഡോർ സ്റ്റേഡിയത്തിന്റെ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ നിയമനം നൽകിയായിരുന്നു മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചത്‌.

കൺസ്യൂമർഫെഡിൽ ഫാർമസി കോളേജുകളിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റ്‌,  കെയുആർടിസിയിൽ അനധികൃത നിയമനം തുടങ്ങിയവയൊക്കെ വ്യാപക പ്രതിഷേധത്തെതുടർന്ന്‌ മുടങ്ങി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് തലേദിവസം മിൽമ എറണാകുളം മേഖലാ യൂണിയൻ 84 പേരെ നിയമിക്കാൻ വിജ്ഞാപനമിറക്കി. അഭിമുഖം മാത്രംനടത്തി നിയമനത്തിന്‌ ചെയർമാൻ ഏജൻസിയെ ചുമതലപ്പെടുത്തി. കോഴപ്പണം മാത്രമായിരുന്നു യോഗ്യത.

പുറംലോകം അറിയാത്ത കടുംവെട്ടും ഒട്ടേറെ

യുഡിഎഫ്‌ സർക്കാരിന്റെ അവസാനകാലത്തെ കടുംവെട്ടു തീരുമാനങ്ങളിൽ സ്ഥിരപ്പെടുത്തിയത്‌ ആയിരത്തിലേറെ പേരെ. പുറംലോകമറിയാതെ നിയമിക്കപ്പെട്ടവർ ഇതിലുമേറെയുണ്ട്‌. ചീഫ്‌ ഇലക്‌ടറൽ ഓഫീസറുടെ ഓഫീസിൽ ഡ്രൈവർ, സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിൽ പ്യൂൺ കം വാച്ച്‌മാൻ, ഡ്രൈവർ തസ്‌തികളിലെല്ലാം താൽകാലിക, കരാറുകാർ സ്ഥിരപ്പെട്ടു. സംസ്ഥാന സർവ വിജ്ഞാന കോശം ഇൻസ്‌റ്റിറ്റ്യൂട്ടിൽ  അഞ്ചുപേരെയാണ്‌‌ സ്ഥിരപ്പെടുത്തിയത്‌. മൃഗശാലാ വകുപ്പിൽ അഞ്ചു കീപ്പർ തസ്‌തിക സ്ഥിരപ്പെട്ടു. വിനോദ സഞ്ചാര വകുപ്പിൽ രണ്ടു മന്ത്രിസഭാ തീരുമാനങ്ങളിലൂടെ ഏഴുപേരെയാണ്‌ സ്ഥിരപ്പെടുത്തിയത്‌. ഇതിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു. വനം വകുപ്പിൽ 245 വാച്ചർ തസ്‌തികയിലടക്കം താൽക്കാലികക്കാർ സ്ഥിരപ്പെട്ടു.  

കെഎസ്‌യുഡിപിയിലെ കരാർടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക്‌ ട്രിഡയിലാണ്‌ സ്ഥിര നിയമനം ലഭിച്ചത്‌. കേരള റൂറൽ എംപ്ലോയ്‌മെന്റ്‌ ആൻഡ്‌ വെൽഫെയർ സൊസൈറ്റിയിൽ പ്യൂൺ തസ്‌തികകളും സ്ഥിരപ്പെട്ടു.

തുറമുഖ വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്‌ത ഡ്രൈവർ‌ തുറമുഖ വകുപ്പിൽ ഓഫീസിൽ അറ്റൻഡറായി.  അഡാക്കിൽ താൽക്കാലിക സ്‌റ്റോർ അറ്റൻഡന്റ്‌ അനധികൃതമായി സ്ഥിരപ്പെട്ടപ്പോൾ അക്കൗണ്ട്‌സ്‌ അസിസ്റ്റന്റായി. മെഡിക്കൽ സർവീസസ്‌ കോർപറേഷനിൽ പേഴ്‌സണൽ അസിസ്‌റ്റന്റ് തസ്‌തികയിലും സ്ഥിരപ്പെടുത്തൽ നടന്നു.  സ്വകാര്യ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർക്ക്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ ഡയറക്ടറായി സ്ഥിരം നിയമനം നൽകിയതും ഇതേ കാലത്താണ്‌. ആർസിസിയിൽ താൽക്കാലിക, ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്‌തവരെയെല്ലാം വഴിവിട്ട്‌ സ്ഥിരപ്പെടുത്തി. സംസ്ഥാന ആസൂത്രണ ബോർഡിൽ റിസർച്ച്‌ അസിസ്റ്റന്റുമാരും സ്ഥിരപ്പെട്ടു‌.പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഇല്ലാത്ത തസ്‌തികയിൽ സ്‌പെഷ്യൽ ഓഫീസർ പ്രവേശിപ്പിച്ച 10 പേരും കസേര ഉറപ്പിച്ചു. ചേർത്തലയിലെ സ്വകാര്യ കോളേജിൽ ലൈബ്രേറിയൻ നിയമനം സ്ഥിരപ്പെടുത്താൻ പ്രായപരിധിയിൽതന്നെ വെള്ളം ചേർത്തതും അക്കാലത്തെ മന്ത്രിസഭാ യോഗത്തിലാണ്‌.

കൈയിട്ട്‌ വാരി മുസ്ലിംലീഗും

മുസ്ലിം ലീഗ്‌ അധ്യാപക സംഘടനാ നേതാവ് എന്നതു യോഗ്യതയാക്കി സ്വകാര്യ കോളേജ്‌ അധ്യാപകൻ പി നസീർ ന്യൂനപക്ഷ വകുപ്പ്‌ ഡയറക്ടറായി. വനിത ലീഗ്‌ നേതാവിന്റെ‌ മകൻ കെ പി നൗഫലിനെ‌ ഐടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി. ലീഗ്‌ മുൻ എംഎൽഎ ഉമ്മറിന്റെ മരുമകൻ പി അബ്ദുൾ ജലീലിനെ സ്കോൾ കേരള (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എഡ്യൂക്കേഷൻ, കേരള) ഡയറക്ടറാക്കി.

ലീഗ്‌ കൈകാര്യം ചെയ്‌ത വകുപ്പുകളിലെല്ലാം അനധികൃത നിയമനം ചാകരയാക്കി. ഇതിന്‌ മറയിടാൻ കോൺഗ്രസ്‌ അടക്കമുള്ള ഘടകകക്ഷികളുടെ അനധികൃത ഇടപെടലുകൾക്കും കണ്ണടച്ചു.  കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി കോൺഗ്രസ് നേതാവ് ഡോ. ഖാദർ മാങ്ങാടിന്റെ നിയമനം ഒന്നുമാത്രം. തുടർന്ന് സർവകലാശാലയിലെ‌ ഗസ്റ്റ്‌ലക്ചറർ, സർവകലാശാല അസിസ്റ്റന്റ്, പ്യൂൺ  തസ്‌തികകളിലെല്ലാം അഴിമതി നിയമനംമാത്രം അരങ്ങേറി. 21 അധ്യാപക നിയമനം റദ്ദാക്കാൻ‌ ഹൈക്കോടതിക്കും ഇടപെടേണ്ടിവന്നു.  കലിക്കറ്റ് സർവകലാശാലയിൽ സ്‌കൂൾ അധ്യാപകനെ വരെ വിസിയാക്കാൻ ലീഗുകാരനായ വിദ്യാഭ്യാസമന്ത്രി ശ്രമിച്ചു. ഇവിടെ അസിസ്റ്റന്റ്, പ്യൂൺ തസ്‌തികളിൽ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കുള്ളവർ ലക്ഷങ്ങൾ കോഴ നൽകി നിയമനം ഉറപ്പാക്കി. കൂടിക്കാഴ്‌ചയിൽ ഉയർന്ന മാർക്ക് നൽകുകയായിരുന്നു.സർവകലാശാലയിൽ രൂപീകരിച്ച പ്രത്യേക സെല്ലാണ്‌‌ അഴിമതി നിയമനത്തിന്‌ ചുക്കാൻ പിടിച്ചത്‌. രജിസ്ട്രാർ ഓഫീസിനെയും ദുരുപയോഗം ചെയ്‌തു. പ്രത്യേക സെല്ലിലെ അംഗത്തിന്റെ ഭാര്യ അസിസ്റ്റന്റ് പട്ടികയിലും വിസിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പ്യൂൺ പട്ടികയിലും സ്ഥാനം ഉറപ്പാക്കി. ഒരു വി സിയും, തുടർന്നുവന്ന വി സിയുടെ ചുമതലക്കാരനും നിയമന ഫയൽ ഒപ്പിടാൻ മടിച്ചു. ഇഷ്ടക്കാരനെ വൈസ്‌ ചാൻസലറാക്കിയാണ്‌ നിയമന നടപടികൾ പൂർത്തിയാക്കിയത്‌. ‌

എസ്റ്റേറ്റ് ഓഫീസർ, ഫാം സൂപ്പർവൈസർ, ലെയ്‌സൺ ഓഫീസർ, ലാംഗ്വേജ് എഡിറ്റർ, വെബ് കോ-ഓർഡിനേറ്റർ തുടങ്ങിയ അനധികൃത തസ്തികകൾ സൃഷ്ടിച്ചും നിയമന ഉത്തരവ്‌ ഇറക്കി. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ സംസ്ഥാന സെക്രട്ടറിയാകാൻ യുപി സ്‌കൂൾ അധ്യാപകന്‌ സഹായകമായത്‌ ലീഗ്‌ ബന്ധം മാത്രം. അയോഗ്യനെന്ന് കണ്ടെത്തിയയാളെ ഐഎച്ച്‌ആർഡി ഡയറക്ടറാക്കി. ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയെ തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാക്കി. 

സംസ്ഥാന കൈത്തറി വികസന കോർപറേഷനിൽ 13 പേർക്കായിരുന്നു അനധികൃത നിയമനം.  ആറ് വർക്കർമാർ, നാല് പാർട്ട്‌ടൈം സ്വീപ്പർമാർ, മൂന്ന് സെയിൽസ് അസിസ്റ്റന്റ് എന്നിവരുടെ നിയമനത്തിന്‌ ലക്ഷങ്ങളായിരുന്നു കോഴ. മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ഡ്രൈവറെയും സ്ഥിരപ്പെടുത്തി.

കേരള ഹൗസ് നിയമനം ഓർമയില്ലേ?

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കേരള ഹൗസിലും സെക്രട്ടറിയറ്റിലും നടത്തിയത്‌ വൻ നിയമന തട്ടിപ്പ്‌.  ഡൽഹി കേരള ഹൗസിൽ   മൂന്ന്‌ വർഷം മാത്രം  സർവീസ്‌ പൂർത്തിയായ 40 പേരെയാണ്‌ സ്ഥിരപ്പെടുത്തിയത്‌. മെറിറ്റും സംവരണവും  ഒട്ടും പാലിച്ചില്ല.  ലോക്കൽ റിക്രൂട്ട്‌‌മെന്റ്‌ എന്ന ഓമനപ്പേരിലാണ്‌ ഈ നിയമനം നടത്തിത്‌.  എൽഡിഎഫ്‌ സർക്കാർ വന്നശേഷം  മെരിറ്റ്- സംവരണ മാനദണ്ഡങ്ങൾ പാലിച്ച്‌ എഴുത്തുപരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയുമാണ്‌ നിയമനം നടത്തിയത്‌‌.  എൽബിഎസിനെയാണ്‌ ഈ പ്രക്രിയ ഏൽപ്പിച്ചത്‌.

സി‐ഡിറ്റിൽ സ്ഥിരപ്പെടുത്തിയത്‌ 10 വർഷം സർവീസുള്ളവരെ

പത്ത്‌ വർഷത്തിലേറെ താൽക്കാലിക തസ്‌തികയിൽ ജോലി ചെയ്യുന്ന സി‐ഡിറ്റിലെ 114 ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാരിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌ പച്ചക്കള്ളം. എല്ലാ ചട്ടവും പാലിച്ചാണ്‌ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്‌. സ്ഥിരപ്പെടുത്തിയവരിൽ എല്ലാ യൂണിയനിൽ പെട്ടവരുമുണ്ട്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമിതരായവരുമുണ്ട്‌.

നിയമനം പിഎസ്‌സിക്ക് വിടാത്ത സ്ഥാപനമാണ്‌ സിഡിറ്റ്‌. ഇവിടുത്തെ ജീവനക്കാർക്ക്‌ സ്ഥിരനിയമനം നൽകുന്നത്‌ സ്ഥാപനങ്ങളിലെ സർവീസ് റൂളും ചട്ടവും പാലിച്ചാണ്‌. ഈ നിയമനത്തിന്‌‌ പിഎസ്‌സി റാങ്ക് ലിസ്റ്റുമായി ബന്ധമില്ല.

പത്ത്‌ വർഷം മുതൽ 16 വരെ സർവീസ് പൂർത്തീയാക്കിയ സയന്റിസ്റ്റ്‌, സാങ്കേതികം, അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ പെടുന്നവരെയാണ്‌ ഇപ്പോൾ സ്ഥിരപ്പെടുത്തിയത്‌. എംപ്ലോയ്‌മെന്റിൽനിന്നും അല്ലാതെ പത്രപരസ്യത്തിലൂടെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ച് കരാർ, താൽക്കാലിക നിയമനം ലഭിച്ചവരാണിവർ. ഇങ്ങനെ സ്ഥിരപ്പെട്ടവരിൽ പത്ത്‌ പേരെങ്കിലും സജീവ കോൺഗ്രസ്‌ അനൂകൂലികളും കോൺഗ്രസ്‌ നേതാക്കളുടെ ബന്ധുക്കളുമാണ്‌. അർഹതയ്‌ക്കാണ്‌ സർക്കാർ പ്രാധാന്യം നൽകിയതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇത്‌.

ജി രാജേഷ്‌ കുമാർ 

No comments:

Post a Comment