Saturday, February 27, 2021

കർഷക സ്‌ത്രീകൾക്കായുള്ള 
ദേശീയ നയം അംഗീകരിക്കണം

കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളുടെ അവകാശം നിയമപരമായി ഉറപ്പിക്കുംവിധം 2009 ൽ തയ്യാറാക്കിയ കരട്‌ ദേശീയനയം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ മഹിളാ അസോസിയേഷനും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ സ്‌ത്രീകൾക്കും തുല്യ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നത്‌ അടക്കമുള്ള നിർദേശമാണ്‌ കരടിലുള്ളത്. ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കാൻ സമർദ്ദം ചെലുത്തുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മരിയം ധാവ്‌ളെ, പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ഡോ. അർച്ചന പ്രസാദ്‌, കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി വിക്രം സിങ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകപ്രക്ഷോഭത്തിൽ സ്‌ത്രീകളുടെ വലിയ പങ്കാളിത്തം പ്രകടമാണ്‌. അഞ്ചുവർഷത്തിനിടെ കാർഷിക–- അനുബന്ധ മേഖലകളില്‍ 7.2 കോടി സ്‌ത്രീകൾക്ക്‌ തൊഴിൽ നഷ്ടമായി. നാലുലക്ഷത്തിലേറെ കർഷകർ ആത്‌മഹത്യ ചെയ്‌തു. വിധവകൾക്ക്‌ ഏതെങ്കിലും തരത്തിൽ കടാശ്വാസമോ പുനരധിവാസ പാക്കേജോ ലഭ്യമായില്ല.

ദേശീയ വനിതാ കമീഷൻ 2009 ലാണ്‌ കാർഷിക മേഖലയിലെ സ്‌ത്രീകൾക്കായി കരട്‌ ദേശീയനയത്തിന്‌ രൂപം നൽകിയത്‌. നിലവിൽ മഹിളാ അസോസിയേഷൻ പ്രസിഡന്റും 2009 ൽ ദേശീയ വനിതാ കമീഷൻ അംഗവുമായ പ്രൊഫ. മാനിനി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്‌ നയം‌ രൂപീകരിച്ചത്‌. കർഷകൻ, കർഷകത്തൊഴിലാളി എന്നീ നിർവചനങ്ങളിൽ സ്‌ത്രീകളെ കൂടി ഉൾപ്പെടുത്തുക, ഭൂമിക്കും മറ്റ്‌ പ്രകൃതിവിഭവങ്ങൾക്കും സ്‌ത്രീകളുടെ അവകാശം ഉറപ്പിക്കുക തുടങ്ങിയ നിര്‍ദേശം നയത്തിലുണ്ട്. കൃഷി മന്ത്രാലയത്തിന്‌ സമർപ്പിച്ചെങ്കിലും തുടർന്നുവന്ന സർക്കാരുകൾ നടപടിയെടുത്തില്ല. കരടുനയം വീണ്ടും പ്രധാനമന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും സമർപ്പിക്കും.

പ്രധാന നിർദേശങ്ങൾ

സംയുക്ത പട്ടയം ഉറപ്പാക്കും വിധം  നിയമങ്ങളില്‍ മാറ്റം, വനാവകാശ നിയമപ്രകാരവും സംയുക്ത പട്ടയം ഉറപ്പാക്കണം, പൊതുഭൂമി പാട്ടത്തിന്‌ നൽകുമ്പോൾ വനിതാ സഹകരണ സ്ഥാപനങ്ങൾക്ക്‌ മുൻഗണന, കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളെ തൊഴിലാളിയായി അംഗീകരിച്ച്‌ രജിസ്ട്രേഷന്‍,‌ കുട്ടികളുടെ സംരക്ഷണം, ആരോഗ്യസംരക്ഷണം, പെൻഷൻ  അനുവദിക്കുക.

No comments:

Post a Comment