Sunday, February 14, 2021

കോവിഡ്‌‌: മാസങ്ങള്‍ക്ക് മുമ്പേ ബിഹാര്‍ 'കണക്കിലെ കളി' തുടങ്ങി ; ‘ക്വോട്ട തികയ്‌ക്കാൻ’ 
വ്യാജപേരുകള്‍

കോവിഡിനെ  കുറച്ചുകാണിക്കാന്‍ ബിഹാറില്‍ കണക്കിലെ തട്ടിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍. 2020 ജൂലൈ അവസാനം വരെ പ്രതിദിന പരിശോധന 10,000 ല്‍ താഴെ. എന്നാൽ, ഒറ്റമാസത്തില്‍ പരിശോധനാനിരക്ക്‌ കുതിച്ചു. ആഗസ്‌ത്‌ മധ്യത്തോടെ പ്രതിദിനം ലക്ഷത്തിൽ കൂടുതൽ പേരെ പരിശോധിച്ചെന്നാണ് കണക്ക്. ആഗസ്‌തിൽ കട്ടിഹാർ ജില്ലയിലാണ്‌ നിരക്ക്‌ ആദ്യം വർധിച്ചത്‌.  ആഗസ്‌ത്‌ മുതൽ ഇവിടെ ദിവസം 3,000 പേരെ പരിശോധിച്ചെന്നാണ് കണക്ക്. പിന്നാലെ സര്‍ക്കാര്‍ ജില്ലാമജിസ്‌ട്രേട്ടുമാരുടെ പ്രത്യേകയോഗം വിളിച്ച് പരിശോധനാനിരക്ക്‌ ഉയർത്താൻ നിര്‍ദേശം നല്‍കി. ഇതോടെ 38 ജില്ലയിലും പരിശോധനാനിരക്ക്‌ കുതിച്ചു. സെപ്‌തംബറിലും ഒക്ടോബറിലും പരിശോധനാനിരക്ക്‌ പ്രതിദിനം 1.5 ലക്ഷമായി.  ഇതില്‍ ‘കണക്കിലെ കളി’ ഉണ്ടെന്നാണ്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുന്നത്.

പ്രശ്നം താഴേത്തട്ടിലെന്ന്

തട്ടിപ്പുകൾ പുറത്തായതോടെ  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരുടെ തലയിൽ  കുറ്റംകെട്ടിവയ്ക്കാനാണ് ശ്രമം. ഒക്ടോബറിലും നവംബറിലും ബിഹാർ നിയമസഭാതെരഞ്ഞെടുപ്പ്‌ തിരക്കിലായിരുന്നു. രോഗനിരക്കിൽ  കുതിച്ചുചാട്ടമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.  പരിശോധനയ്ക്ക്‌ വരുന്നവരുടെ എണ്ണം കുറഞ്ഞു. ഒാരോദിവസവും നിശ്‌ചിതശതമാനം പേരെ പരിശോധിക്കണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. ‘ക്വോട്ട തികയ്‌ക്കാൻ’ ജീവനക്കാർ  കള്ളക്കണക്ക്‌ ഉണ്ടാക്കി. വ്യാജ പേരും മേൽവിലാസവും ഫോൺനമ്പരും എഴുതി പരിശോധനാകണക്കുണ്ടാക്കി. ഇതോടെ ബിഹാർ കോവിഡിനെ നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.

തട്ടിപ്പില്‍ താഴേതട്ടിലെ ജീവനക്കാരെ മാത്രം ശിക്ഷിച്ചാൽ പോരെന്നും  മുകളിൽ നിന്നുള്ള ഇടപെടല്‍ അന്വേഷിക്കണമെന്നും ആവശ്യം ശക്തമായി‌. പരിശോധനയ്‌ക്ക്‌ അയച്ച കിറ്റുകൾ സ്വകാര്യ ലാബുകൾക്ക്‌ മറിച്ചുവിറ്റ് വൻതട്ടിപ്പ്‌ നടത്തിയെന്നും ആരോപണം ഉയരുന്നു.

അന്വേഷിക്കുന്നുവെന്ന് കേന്ദ്രം

തട്ടിപ്പ്പുറത്തുവന്നതോടെ‌,  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒമ്പത്‌ ജീവനക്കാരെ‌ സസ്‌പെൻഡ്‌ ചെയ്‌തു‌. കൂടുതൽ പേർക്ക്‌ എതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാർ പറയുന്നു. കോവിഡ്‌ കണക്കിലെ ഗുരുതര വൈരുധ്യം പുറത്തായതോടെ കേന്ദ്രസർക്കാർ വിശദീകരണം തേടി. ആർജെഡി എംപി മനോജ്‌ ഝാ രാജ്യസഭയിൽ വിഷയം ഉന്നയിച്ചു.  അന്വേഷണംനടക്കുന്നുവെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി.

രോ​ഗമില്ലാത്തവരുടെ ഫോണ്‍നമ്പര്‍ ‘0000000000’ ; ബിഹാര്‍ കോവിഡിനെ "ചെറുത്തത്' ഇങ്ങനെ

ബിഹാറിൽ കോവിഡ്‌ കണക്കുകളിലെ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്‌. ജമുയ്‌ ജില്ലയിലെ ബർഹാത്ത്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജനുവരി 16ന്‌ കോവിഡ് പരിശോധിച്ചെന്ന് രേഖയുള്ള 48ൽ 28 പേരുടെയും ജനുവരി 25ലെ പട്ടികയിലുള്ള 83ൽ 46 പേരുടെയും മൊബൈൽനമ്പർ ‘0000000000’ എന്നാണെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തു. മറ്റൊരു പ്രാഥമിക ആരോഗ്യകേന്ദ്രമായ ജമുയ്‌ സദറിൽ ജനുവരി 16ലെ‌ പട്ടികയിലുള്ള 150ൽ 73 പേരും ‘സംപൂജ്യര്‍’. 

ജമുയ്‌ ജില്ലയിലെ ആറ്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനപട്ടികയിലുള്ള 885 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേല്‍വിലാസവും ഫോൺനമ്പറും വ്യാജം. നൽകിയ ഫോണ്‍നമ്പറുകൾ പലതും നിലവിലില്ലാത്തവ, അല്ലെങ്കില്‍ മറ്റ്‌ സംസ്ഥാനങ്ങളിലോ ജില്ലകളിലോ ഉള്ളവരുടേത്. ഷെയ്‌ക്ക്‌പുരയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ജനുവരി 21, 28 തീയതികളിൽ പരിശോധിച്ചവരുടെ പട്ടികയിലെ 245 പേരിൽ 205 പേരുടെയും വിശദാംശം രേഖപ്പെടുത്താനുള്ള കള്ളികളിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

കോവിഡ്‌ നിയന്ത്രണവിധേയമെന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനത്തിലെ കണക്കിലെ തട്ടിപ്പ് പുറത്തായതോടെ ആരോഗ്യമേഖല ആശങ്കയിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് അരങ്ങേറുന്നതായി ആക്ഷേപമുണ്ട്. എന്നാൽ, അതേക്കുറിച്ച്‌ അന്വേഷിക്കാനോ സംസ്ഥാനങ്ങളുടെ അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കാനോ ദേശീയതലത്തില്‍ സംവിധാനമില്ല. കൃത്യമായ പരിശോധനയും മേൽനോട്ടവും ഉറപ്പാക്കിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതത്തിന്‌ ഇടയാക്കുമെന്ന ആശങ്ക ആരോ​ഗ്യമേഖലയിലെ വിദ​ഗ്ധര്‍ക്കുണ്ട്.

No comments:

Post a Comment