സ്വർണക്കടത്ത് കേസിന്റെ വാണിജ്യമൂല്യം കുറഞ്ഞപ്പോൾ യുഡിഎഫും മാധ്യമങ്ങളും ചേർന്ന് കഴിഞ്ഞവർഷം മധ്യത്തിൽ ആരംഭിച്ചതാണ് "കേരള സർക്കാർ തൊഴിൽരഹിതരെ വഞ്ചിക്കുന്നു' എന്ന പ്രചാരണം. യുഡിഎഫ് ഭരണത്തിൽ ആദ്യനാലുകൊല്ലം പിഎസ്‌സി വഴി ആകെ നടന്നത് 1,23,000 നിയമനമാണെന്ന കണക്ക് അന്ന് പുറത്തുവന്നു. എൽഡിഎഫ് വന്നശേഷം അതേകാലത്ത് നടന്നത് 1,33,000 നിയമനവും. അതായത് അന്നുതന്നെ 10,000 നിയമനം കൂടുതൽ. ഇപ്പോൾ ഈ കണക്ക് 1,57,911 ആയി. കഴിഞ്ഞ ദിവസം കാലാവധി നീട്ടിയതടക്കമുള്ള ലിസ്റ്റുകളിൽനിന്നുകൂടി നിയമനം നടക്കുമ്പോൾ എണ്ണം റെക്കോഡാകും. ഇതാണ് യാഥാർഥ്യം. ഈ കണക്കുകൾ ഒളിപ്പിച്ചായിരുന്നു നുണയുദ്ധം.
പൊലീസ് നിയമന ലിസ്റ്റിനെ മുൻനിർത്തിയായിരുന്നു അന്ന് മുഖ്യമായും വാദങ്ങൾ. അതും കണക്കിൽ പൊളിഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിൽ നടന്നത് റെക്കോഡ് നിയമനമാണ്. 2020 ജൂൺ 30ന് കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽനിന്ന് 2021 ഡിസംബർ 31 വരെയുള്ള 1046 പ്രതീക്ഷിത ഒഴിവിലേക്ക് ഉൾപ്പെടെ 5609 പേർക്ക് നിയമനം നൽകി.
അന്ന് അങ്ങനെ പൂട്ടിക്കെട്ടിയ വിവാദം പുതിയ ചേരുവകളോടെ കത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനായി യുഡിഎഫ് അനുകൂല മാധ്യമങ്ങൾ തയ്യാറാക്കുന്ന തിരക്കഥയിൽ സമരങ്ങൾ അരങ്ങേറുന്നു. റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും ലിസ്റ്റിലുള്ള സ്വന്തം പാർടിക്കാരെയും അണിനിരത്തി യുഡിഎഫ് കൊഴുപ്പിക്കുന്നു.
ഇക്കുറി മുഖ്യ സമരായുധം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റാണ്. ഈ തസ്തികയിൽ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് നടന്നത്രയും നിയമനം ഇപ്പോൾ നടന്നിട്ടില്ല എന്നതാണ് മുഖ്യ വാദം. ഇതുവരെയുള്ള കണക്കിൽ അത് ശരിയാണ്. എന്നാൽ, ആ ലിസ്റ്റ് 2021 ആഗസ്ത് നാലുവരെ കാലാവധിയുള്ളതാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സാധാരണ ഉണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾകൂടി വരുമ്പോൾ കുറെ അധികം പേർ ഇനിയും നിയമിക്കപ്പെടും.
ആ ലിസ്റ്റിൽനിന്ന് നിയമനം കുറവ് വരാൻ വ്യക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ആ തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ മാറ്റമാണത്. മുമ്പ് ബിരുദധാരികൾക്കുപോലും അപേക്ഷിക്കാവുന്നതായിരുന്നു ഈ തസ്തിക. യുഡിഎഫ് ഭരണകാലത്തുതന്നെ ഇതിന് മാറ്റം വന്നു.
2017ലെ വിജ്ഞാപനപ്രകാരം ബിരുദമോ സമാനമായ യോഗ്യതയോ നേടിയവർക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) തസ്തികയ്ക്ക് അപേക്ഷിക്കാനാകുമായിരുന്നില്ല. മുൻ ലിസ്റ്റുകളിൽ അവർക്ക് നിയമനം കിട്ടിയിരുന്നു. ബിരുദ യോഗ്യതയുള്ളവരിൽ ഒട്ടേറെപ്പേർ കൂടുതൽ മെച്ചപ്പെട്ട തസ്തികകളിൽ നിയമനം ലഭിച്ചപ്പോൾ വിട്ടുപോയതിനാൽ ആ ഒഴിവുകളിൽ, എൽജിഎസ് ലിസ്റ്റിലെ താഴെയുള്ള കൂടുതൽ പേർക്ക് നിയമനം കിട്ടി. 2011ലെ ലിസ്റ്റിൽ ഇങ്ങനെ വിട്ടുപോയവരുടെ എണ്ണം 40 ശതമാനമായിരുന്നു. 2015 ലെ ലിസ്റ്റിൽ 33 ശതമാനവും. ഇപ്പോൾ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥ വന്നപ്പോൾ ഇങ്ങനെ ജോലിക്ക് ചേരാതെ ഒഴിയുന്നവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ടുതന്നെ ലിസ്റ്റിൽ താഴെയുള്ളവരുടെ നിയമനം കുറഞ്ഞു.
അതേപോലെതന്നെ മുമ്പ് ഈ പട്ടികയിൽനിന്ന് നിയമനം നടത്തിയിരുന്ന സെക്രട്ടറിയറ്റ്, പബ്ലിക് സർവീസ് കമീഷൻ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, നിയമസഭാ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ ഇപ്പോൾ ഈ ലിസ്റ്റിൽ നിന്നല്ല നിയമനം. അവർക്കായി വേറെ റിക്രൂട്ട്മെന്റാണ്. എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവരെയേ അവിടെ നിയമിക്കാനാകൂ. അവരുടെ നിയമനം വേറെ ആയതോടെ ഈ ലിസ്റ്റിലെ നിയമനത്തിൽ സ്വാഭാവികമായ കുറവ് വന്നു. എങ്കിലും കാലാവധി കഴിയുംമുമ്പ് ഈ പട്ടികയിൽനിന്ന് ആയിരങ്ങൾക്ക് ഇനിയും നിയമനം ലഭിക്കും എന്നുറപ്പാണ്.
കഴിഞ്ഞ ദിവസം അരങ്ങേറിയ മറ്റൊരുസമരം കാലാവധി അവസാനിച്ച പൊലീസ് ലിസ്റ്റിൽ(സിപിഒ)നിന്ന് ഇനിയും നിയമനം നടത്തണം എന്നാവശ്യപ്പെട്ടാണ്. റെക്കോഡ് നിയമനം നടത്തി കാലാവധി കഴിഞ്ഞ ആ ലിസ്റ്റിൽനിന്ന് ഇനി ആര് വിചാരിച്ചാലും നിയമനം നടത്താൻ കഴിയില്ല. കാലാവധി അവസാനിച്ച പട്ടികകളിൽനിന്ന് നിയമനം പാടില്ല എന്നത് സുപ്രീംകോടതി വിധിയാണ്. അതറിഞ്ഞു കൊണ്ടുതന്നെയാണ് ചില പത്രങ്ങൾ ഈ അസംബന്ധസമരവും ഒന്നാം പേജ് വാർത്തയാക്കുന്നത്.
വർഷങ്ങളായി വിവിധസ്ഥാപനങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനങ്ങൾ വരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ സമരങ്ങൾക്ക് അരങ്ങൊരുക്കുന്നത്. ഈ സ്ഥിരപ്പെടുത്തൽ പിഎസ്‌സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണെന്നും പ്രചരിപ്പിക്കുന്നു. സംസ്ഥാനത്ത് നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങൾ കുറേയുണ്ട്. അവിടങ്ങളിൽ പത്തുകൊല്ലം സർവീസ് പിന്നിട്ടവരെയും മറ്റുമാണ് സ്ഥിരപ്പെടുത്തുന്നത്. അവിടെ പിഎസ്‌സി ലിസ്റ്റില്ല. വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിട്ടും സ്ഥിരപ്പെടാത്ത ഇവരെപ്പറ്റി കണ്ണീർക്കഥകൾ എഴുതിയ മാധ്യമങ്ങൾതന്നെ ഇപ്പോൾ ഈ നിയമനങ്ങളെയെല്ലാം പിൻവാതിൽ നിയമനമായി മുദ്രകുത്തുന്നു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ പുലർത്തുന്നുണ്ട്. ഭാവിയിൽ നിയമിക്കപ്പെടാൻ ഇടയുള്ളവരെ വരെ മുൻകൂട്ടി സ്ഥിരപ്പെടുത്തിയ ഉത്തരവിറക്കിയ യുഡിഎഫ് രീതിയിൽനിന്ന് വ്യത്യസ്തമാണിത്.
കേരളത്തിന്റെ വികസനത്തിനായും ഭാവി കേരളത്തിന്റെ നിർമിതിക്കായും ഉറച്ച ചുവടുകൾവച്ച് മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ നേരിടാൻ ഇത്തരം പൊയ്ക്കാൽ സമരങ്ങൾ മാത്രമേ വഴിയുള്ളൂ എന്ന് യുഡിഎഫ് കരുതുന്നു. സ്വർണക്കടത്തിന്റെ മറവിൽ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. ഇപ്പോൾ തൊഴിലില്ലാത്തവരുടെ ആശങ്കകളുടെ വൈകാരികാംശം മുതലെടുത്ത് പിടിച്ചുനിൽക്കാൻ കഴിയുമോ എന്നാണു നോട്ടം. തൊഴിൽ നൽകുന്നതിലും യുവാക്കളുടെ ഉന്നതിക്കുമായി മുമ്പൊരിക്കലും ഇല്ലാത്തത്ര മികവോടെ പ്രവർത്തിക്കുന്ന സർക്കാരിനെതിരായ ഈ നീക്കവും ജനങ്ങൾ നേരുകൊണ്ട് പ്രതിരോധിക്കും എന്നുറപ്പ്.
deshabhimani editorial 110221
No comments:
Post a Comment