Saturday, February 27, 2021

സിപിഒ നിയമനം: യുഡിഎഫ്‌– 41.3; എൽഡിഎഫ്‌– 56.44 ശതമാനം

സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ യുഡിഎഫ്‌ സർക്കാർ‌ നിയമനം നൽകിയത്‌ റാങ്ക്‌ലിസ്‌റ്റിലുൾപ്പെട്ടവരിൽ 41.3ശതമാനത്തിനുമാത്രം‌. എന്നാൽ, എൽഡിഎഫ്‌ അധികാരത്തിലെത്തിയശേഷം രണ്ട്‌ ലിസ്‌റ്റുകളിൽനിന്നുള്ള ശരാശരി 56.44 ശതമാനംപേരെ നിയമിച്ചു. നിയമസാധുതയില്ലാത്ത ആവശ്യങ്ങളുമുന്നയിച്ച്‌ മുൻ സിപിഒ റാങ്ക്‌ലിസ്‌റ്റിലെ അംഗങ്ങൾ നടത്തുന്ന സമരത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിന്റെ കാപട്യം ഈ കണക്ക്‌ തുറന്നുകാട്ടുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2014ൽ നിലവിൽവന്ന റാങ്ക്‌ലിസ്‌റ്റിൽ 11,611 പേരാണുൾപ്പെട്ടത്‌. നിയമനശുപാർശ ലഭിച്ചത്‌ 4796പേർക്ക്‌ മാത്രം. എന്നാൽ, 2016ലെ റാങ്ക്‌ലിസ്‌റ്റിൽ 9041ൽ 5667പേർക്കും നിയമന ശുപാർശനൽകി (62.7 ശതമാനം).

സമരകാരണമായ റാങ്ക്‌ലിസ്‌റ്റ്‌ 2019ലേതാണ്‌. ഇതിലെ 10,937ൽ 5609 പേർക്കും നിയമനംനൽകി (51.2 ശതമാനം). ഈ റാങ്ക്‌ലിസ്‌റ്റ്‌ 2020 ജൂൺ 20ന്‌ കാലാവധി അവസാനിച്ചു‌. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം യഥാക്രമം 600, 523 പേരെയും ഇതിൽനിന്ന്‌ നിയമനശുപാർശചെയ്‌തു. 1200 ട്രെയിനി തസ്തികയും കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിലേക്ക്‌ അഡ്വൈസ്‌ അയച്ച്‌ സർക്കാർ നിയമപ്രാബല്യവും നൽകി.

കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടൽ നിയമസാധുതയില്ലാത്തതാണ്‌. പിഎസ്‌സിയോ സർക്കാരോ വിചാരിച്ചാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാനാകില്ല. റാങ്ക്‌ലിസ്‌റ്റ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽമാത്രമേ പിഎസ്‌സി നടപടി ചട്ടത്തിലെ 13(5) വകുപ്പുപ്രകാരം നീട്ടാനാകൂ.

ചില ഘട്ടങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്‌റ്റുകളെല്ലാം ഒരുപോലെയാണ്‌ നിശ്ചിതകാലത്തേക്ക്‌ നീട്ടുന്നത്‌. ഏതെങ്കിലും ഒരു ലിസ്‌റ്റ്‌ മാത്രം തെരഞ്ഞെുപിടിച്ച്‌ നീട്ടാൻ പിഎസ്‌സി ചട്ടം അനുവദിക്കുന്നില്ല. കോടതി ഇടപെടൽ മാത്രമാണ്‌ ഏകമാർഗമെന്ന്‌ വ്യക്തമായിരുന്നിട്ടും ചില കേന്ദ്രങ്ങളുടെ വ്യാജപ്രചാരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ്‌ സമരം.

അതേസമയം, കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടുന്നത്‌ ഹൈക്കോടതിയും സുപ്രീംകോടതിയും പലവട്ടം തടഞ്ഞിട്ടുണ്ട്‌. 2019ലെ സിപിഒ റാങ്ക്‌ലിസ്‌റ്റ്‌ നിലവിൽവന്നപ്പോൾ അറുനൂറോളം ഒഴിവുകൾ പഴയ ലിസ്‌റ്റിൽനിന്ന്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അന്ന്‌ അതിനെതിരായ നിലപാടാണ്‌ പുതിയ ലിസ്‌റ്റിലെ ഉദ്യോഗാർഥികളും പിഎസ്‌സിയും സർക്കാരും കോടതിയിൽ സ്വീകരിച്ചത്‌. അതേ ലിസ്‌റ്റിൽപ്പെട്ട ചിലരാണ്‌ ഇപ്പോൾ സമരത്തിനിറങ്ങിയതും.

No comments:

Post a Comment