തിരുവനന്തപുരം > ആരോഗ്യ വകുപ്പിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌ത ഒഴിവിലേക്ക് യുഡിഎഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പിന്റെ വിവരവും പുറത്ത്. ഡ്രൈവർമാരുടെ പിഎസ്‌സി റാങ്ക് പട്ടിക നിലനിൽക്കെ ദിവസവേതനക്കാരായ 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ് ജീവനക്കാരനെയുമാണ് ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത്. രണ്ടും പിഎസ്‌സിക്ക് വിടേണ്ട തസ്‌തികയാണ്. റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ തസ്‌തികയാകട്ടെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തതുമായിരുന്നു. ഇതോടൊപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (ആർസിഐ) രജിസ്‌റ്റർ ചെയ്യാത്ത നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ സ്ഥിരംതസ്‌തികയിലും നിയമിച്ചു. യുഡിഎഫ് കൺവീനറായിരുന്ന പിപി തങ്കച്ചനും മുസ്ലിംലീഗ് എംഎൽഎ എൻ ഷംസുദ്ദീനുമാണ് നിയമന ശുപാർശ കത്ത് നൽകിയത്.
2014 ജൂൺ എട്ടിനാണ് ആരോഗ്യവകുപ്പിലെ 14 താൽക്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താൻ പി പി തങ്കച്ചൻ അന്നത്തെ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് കത്ത് നൽകിയത്. ആഗസ്‌ത് 28ന് എൻ ഷംസുദ്ദീനും ശുപാർശ കത്ത് നൽകി. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സ്ഥിരപ്പെടുത്തലിനുള്ള ഫയലിൽ ധനസെക്രട്ടറി കെ എം എബ്രഹാം നിഷേധക്കുറിപ്പ് എഴുതി. ഫയൽ മന്ത്രിസഭയിൽ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസണ് ഉമ്മൻചാണ്ടി നിർദേശം നൽകി. 2015 ജൂൺ 24 ലെ മന്ത്രിസഭാ യോഗം 14 പേരെയും സ്ഥിരപ്പെടുത്തി. ആവശ്യമായ തസ്‌തികയില്ലെങ്കിൽ അവ സൃഷ്‌ടിച്ച് സ്ഥിരപ്പെടുത്തണമെന്ന ഭേദഗതിയോടെയായിരുന്നു തീരുമാനം. ഹെൽത്ത് ട്രാൻസ്‌പോർട് വർക്‌ഷോപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളെയും ഇതോടൊപ്പം സ്ഥിരപ്പെടുത്തി. ജൂലൈ ഒന്നിന് 15 പേരെ സ്ഥിരപ്പെടുത്തി ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഉത്തരവുമിറക്കി.
രണ്ട് വർഷംമാത്രം സർവീസുള്ളവരെ യുഡിഎഫ് സർക്കാർ കേരള ഹൗസിൽ സ്ഥിരപ്പെടുത്തിയതും സെക്രട്ടറിയറ്റിൽ പിഎസ്‌സി റാങ്ക് പട്ടിക നിലനിൽക്കെ സെക്യൂരിറ്റി ഗാർഡുമാരെ സ്ഥിരപ്പെടുത്തിയതും കഴിഞ്ഞ ദിവസം ദേശാഭിമാനി പുറത്തുകൊണ്ട് വന്നിരുന്നു. ഉമ്മൻചാണ്ടിയുടെ ഈ നിയമന അട്ടിമറിക്ക് കൂട്ടുനിന്ന ഷാഫി പറമ്പിലും കെ എസ് ശബരിനാഥുമാണ് ഇപ്പോൾ ഉദ്യോഗാർഥികളെ വഞ്ചിച്ച് സമര നാടകം കളിക്കുന്നത്
റഷീദ് ആനപ്പുറം
No comments:
Post a Comment